ബാങ്ക് പോലുള്ള സാമ്പത്തിക ഇടപാട് കേന്ദ്രങ്ങള്‍ വഴിയാണ് ഇ-റുപ്പി വിതരണം ചെയ്തത്. ഈ ബാങ്കുകള്‍ നല്‍കുന്ന ഡിജിറ്റല്‍ വാലറ്റ് വഴി ഉപയോക്താക്കള്‍ക്ക് ഇ-റുപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. ഇ-റുപ്പിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വിവരിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
എന്താണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) ?
നമ്മള്‍ സാധാരണ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പേപ്പര്‍ കറന്‍സിയുടെ അതേ മൂല്യമുള്ളതും നിയമസാധുതയുള്ളതുമായ ഡിജിറ്റല്‍ രൂപത്തിലുള്ള കറന്‍സിയാണ് ഇ-റുപ്പി. ഡിജിറ്റല്‍ രൂപത്തില്‍ പേപ്പര്‍ കറന്‍സി നല്കുന്ന അതേ വിശ്വാസ്യതയും സുരക്ഷയും പണിടപാടുകളില്‍ ഇ-റുപ്പിയും നല്‍കുന്നു. കറന്‍സി നോട്ടുകള്‍ക്ക് സമാനമായി സാമ്പത്തിക ഇടപാടുകള്‍ നടത്താനോ ഡിജിറ്റലായി നിക്ഷേപം നടത്താനോ ഇത് ഉപയോഗിക്കാം.
advertisement
എന്താണ് ഡിജിറ്റല്‍ റുപ്പി വാലറ്റ്?
ബാങ്കുകള്‍ നല്‍കുന്ന ഇ-വാലറ്റില്‍ ഇ-റുപ്പി സൂക്ഷിക്കാന്‍ കഴിയും. ഈ വാലറ്റ് ബാങ്കിലെ നിങ്ങളുടെ നിലവിലുള്ള അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഈ വാലറ്റിലൂടെ ഇ-റുപ്പി പിന്‍വലിക്കാനും നിക്ഷേപിക്കാനും കഴിയും.
പണം, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയ്ക്ക് പകരമായി ഇ-റുപ്പി ഉപയോഗിക്കാന്‍ കഴിയുമോ?
ഇല്ല. നിലവില്‍ നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫിസിക്കല്‍ കറന്‍സിക്ക് ഒരു ബദലായല്ല റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇ-റുപ്പി പുറത്തിറക്കിയത്. പണത്തിന് പകരമായി ഇത് ഉപയോഗിക്കാന്‍ കഴിയില്ല. ഉപയോക്കള്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു അധികമാര്‍ഗമെന്ന നിലയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
യുപിഐ അല്ലെങ്കില്‍ മറ്റ് പണം കൈമാറ്റ സംവിധാനങ്ങളിൽ (നെഫ്റ്റ്/ആര്‍ടിജിഎസ്/ഐഎംപിഎസ്) നിന്ന് ഇ-റുപ്പി വ്യത്യാസപ്പെട്ടിരിക്കുന്നതങ്ങനെ?
ഇ-റുപ്പി എന്നാല്‍ പണത്തിന്റെ ഡിജിറ്റല്‍ രൂപമാണ്. എന്നാല്‍, യുപിഐ അല്ലെങ്കില്‍ നെഫ്റ്റ്/ആര്‍ടിജിഎസ്/ഐഎംപിഎസ് എന്നിവ പണം കൈമാറുന്നതിനുള്ള രൂപങ്ങളാണ്. അതിനാല്‍, ഇ-റുപ്പിയുടെ ഉപയോഗം പണത്തിന്റെ കൈമാറ്റത്തിന് പരിധി നിശ്ചിക്കുന്നില്ല.
ആര്‍ക്കൊക്കെ ഇ-റുപ്പി ഉപയോഗിക്കാം?
തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്നുള്ള ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പില്‍(സിയുജി) അംഗങ്ങളായുള്ള വളരെ കുറഞ്ഞയാളുകള്‍ മാത്രമാണ് ഇത് ഉപയോഗിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഉപയോഗിക്കേണ്ടത് എങ്ങനെ?
ബാങ്കുകള്‍ നല്‍കുന്ന സുരക്ഷിതമായ ഡിജിറ്റല്‍ വാലറ്റ് മുഖാന്തിരമാണ് ഇ-റുപ്പി ഉപയോഗിക്കാന്‍ കഴിയുക. ഈ ഇ-റുപ്പി വാലറ്റ് നമ്മുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഡിജിറ്റല്‍ രൂപത്തിലുള്ള നമ്മുടെ ഫിസിക്കല്‍ വാലറ്റ് പോലെ തന്നെയായിരിക്കും. നിങ്ങളുടെ ഇ-റുപ്പി വാലറ്റ് ഉപയോഗിക്കുന്നതിനുള്ള ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കച്ചവടക്കാര്‍ക്കും വ്യക്തികള്‍ക്കും പണമിടപാട് നടത്തുന്നതിനായും നമുക്ക് ഇത് ഉപയോഗിക്കാന്‍ കഴിയും. വ്യാപാരികള്‍ക്ക് പണം നല്‍കുന്നതിനായി പ്രത്യേക ക്യുആര്‍ കോഡ് ഉണ്ടായിരിക്കും.
എന്താണ് ഇ-റുപ്പി വാലറ്റ്?
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ വാലറ്റാണ് ഇ-റുപ്പി വാലറ്റ്. ഇതില്‍ നിങ്ങളുടെ ഡിജിറ്റല്‍ കറന്‍സി സൂക്ഷിക്കാന്‍ കഴിയും. എന്നാല്‍, നിങ്ങളുടെ പണത്തിന് കൂടുതല്‍ സുരക്ഷ നല്‍കുന്നത് ഇ-റുപ്പി വാലറ്റാണ്. നമ്മുടെ ഫിസിക്കല്‍ അക്കൗണ്ട് വാലറ്റ് നഷ്ടമായാല്‍ അത് തിരിച്ചുകിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. അതേസമയം, ഇ-റുപ്പി വാലറ്റ് സൂക്ഷിച്ചിരിക്കുന്ന ഉപകരണം നഷ്ടപ്പെട്ടാല്‍പോലും നമ്മുടെ പണം സുരക്ഷിതമായിരിക്കും.
ഇ-റുപ്പി ഒരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് അയക്കാന്‍ കഴിയുമോ? യുപിഐ വഴി അയക്കാന്‍ കഴിയുമോ?
ഇല്ല. ഇ-റുപ്പി വാലറ്റിലൂടെ മാത്രമേ ഇ-റുപ്പി അയക്കാന്‍ കഴിയുകയുള്ളൂ. എന്നിരുന്നാലും, നിങ്ങളുടെ ഇ-റുപ്പി വാലറ്റില്‍ നിന്ന് നിങ്ങളുടെ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് ഇ-റുപ്പി മാറ്റാന്‍ കഴിയും.
ഇ-റുപ്പി ഉപയോഗിക്കുന്നതിന് പ്രത്യേകം പണം നല്‍കണോ?
വേണ്ട
ഇ-റുപ്പി വാലറ്റില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതുണ്ടോ?
ഇല്ല