ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) എന്നത് ഒരാളുടെ തലച്ചോറിനുണ്ടാകുന്ന ചില വ്യത്യാസങ്ങൾ മൂലം ഉണ്ടാകുന്ന അവസ്ഥയാണ്. ഈ രോഗാവസ്ഥ ഒരു വ്യക്തിയുടെ സാമൂഹിക ഇടപെടലുകൾ, ആശയവിനിമയം, പെരുമാറ്റം എന്നിവയെ സങ്കീർണമായി ബാധിക്കാം. ഇതിന്റെ ലക്ഷണങ്ങളും തീവ്രതയും പല രീതിയിലാണ് ഓരോ രോഗിയിലും അനുഭവപ്പെടുക. കൂടാതെ എഎസ്ഡി രോഗമുള്ള വ്യക്തികൾ പലപ്പോഴും സാമൂഹികപരമായി പല വെല്ലുവിളികളും നേരിടേണ്ടി വരാറുണ്ട്.
advertisement
തങ്ങളുടെ ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും മനസ്സിലാക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുക, ആശയവിനിമയം നടത്തുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുക തുടങ്ങിയവയെല്ലാം സാധാരണമായി രോഗികൾക്ക് വെല്ലുവിളികൾ സൃഷ്ടിക്കാറുണ്ട്. ചില ആളുകളിൽ തീരെ സംസാരിക്കാത്ത സാഹചര്യമാണെങ്കിൽ ചിലരിൽ ഭാഷ കൃത്യമായി പ്രയോഗിക്കാൻ കഴിയാത്തതിന്റെ ബുദ്ധിമുട്ടുകളുമുണ്ടാകാറുണ്ട്. സംസാരിക്കുന്ന സമയത്ത് ഐ കോൺടാക്ട് നിലനിർത്താൻ കഴിയാത്ത സാഹചര്യവും ഉണ്ടായേക്കാം. കൂടാതെ ആവർത്തിച്ചുള്ള പെരുമാറ്റങ്ങളും ചില കാര്യങ്ങളോടുള്ള തീവ്രമായ താൽപ്പര്യങ്ങളും ഇടയ്ക്കിടെ ഇവരിൽ പ്രകടമാകാറുണ്ട്
അതേസമയം ഒരു വ്യക്തിയുടെ പെരുമാറ്റം, ജനിതക പരിശോധന എന്നിവ ആരോഗ്യ വിദഗ്ധർ സമഗ്രമായി വിലയിരുത്തുന്നതിലൂടെ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) രോഗനിർണയം സാധ്യമാണ്. രോഗബാധിതർക്ക് ബിഹേവിയർ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയിലൂടെ ആശയവിനിമയ വൈദഗ്ധ്യവും വികസിപ്പിക്കാൻ സഹായിക്കുന്ന തരത്തിലായിരിക്കും ഇതിന്റെ ആദ്യകാല ചികിത്സാ രീതികൾ. ഇത് രോഗികളിൽ വളരെ നിർണായകമായി മാറാറുണ്ട് . കൂടാതെ ഈ രോഗം ബാധിച്ച വിദ്യാർത്ഥികൾക്ക് വ്യക്തിഗത വിദ്യാഭ്യാസ പരിപാടികളിലൂടെ (IEPs) അക്കാദമിക് വിജയത്തിന് അനുയോജ്യമായ പിന്തുണയും വാഗ്ദാനം ചെയ്യാനാകും.
അതേസമയം ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങൾ എഎസ്ഡിയെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കൂടാതെ ജനിതകമാറ്റങ്ങളും കുടുംബത്തിലെ തന്നെ വ്യക്തികൾക്ക് നേരത്തെ ഈ രോഗ പശ്ചാത്തലം ഉള്ളതും ഈ രോഗാവസ്ഥയ്ക്ക് മറ്റൊരു കാരണമാകാം.