രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മന്ദഗതിയിലാക്കുന്ന തരത്തിൽ ജനനനിരക്ക് കുറയുന്നത് പരിഹരിക്കുന്നതിനു വേണ്ടിയാണ് ചൈന ഇത്തരത്തിൽ ഒരു നീക്കത്തിനൊരുങ്ങുന്നത്.ചൈന ഒറ്റക്കുട്ടി നയം നടപ്പിലാക്കിയതിനുശേഷം ഈ ഇനങ്ങൾക്ക് വാറ്റ് ഇളവ് നൽകുകയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ജനന നിയന്ത്രണത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരികയായിരുന്നു.
ചൈനയിലെ ജനന നിരക്കിനേക്കൾ മരണ നിരക്ക് കൂടിയതോടെ, ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന പദവി 2023 ൽ ഇന്ത്യയിലേക്ക് വന്നു ചേർന്നിരുന്നു.
ചൈനയുടെ പുതിയ 'കോണ്ടം നികുതി'യും അതിന്റെ കാരണങ്ങളും.
രാജ്യത്തിന്റെ പുതുക്കിയ വാറ്റ് (VAT) നിയമപ്രകാരം ഗർഭനിരോധന മരുന്നുകൾക്കും ഉൽപ്പന്നങ്ങൾക്കും ജനുവരി 1 മുതലാണ് പുതുക്കിയ നികുതി പ്രാബല്യത്തിൽ വരിക. ജനനനിരക്ക് കുറയ്ക്കുന്നതിൽ നിന്ന് കൂടുതൽ കുട്ടികളുണ്ടാകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിലേക്ക് ചൈന മാറുകയാണ്.
advertisement
തുടർച്ചയായ മൂന്ന് വർഷം ചൈനയുടെ ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു 2024 ൽ 9.54 ദശലക്ഷം ജനനങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇത് ഏകദേശം 10 വർഷം മുമ്പ് ഒരു കുട്ടി നയം എടുത്തുകളഞ്ഞപ്പോൾ രജിസ്റ്റർ ചെയ്ത 18.8 ദശലക്ഷം ജനനങ്ങളുടെ പകുതിയോളം വരുമെന്ന് വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
2015-ൽ സർക്കാർ ജനന പരിധി രണ്ട് കുട്ടികളായി ഉയർത്തി. ചൈനയുടെ ജനസംഖ്യ അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും പിന്നീട് കുറയാൻ തുടങ്ങുകയും ചെയ്തപ്പോൾ, 2021-ൽ പരിധി വീണ്ടും മൂന്ന് കുട്ടികളായി ഉയർത്തുകയായിരുന്നു.
വർഷങ്ങളായി ചൈനയിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ വലിയ തോതിൽ പ്രോത്സാഹിപ്പിച്ചുവരികയായിരുന്നു.ഗർഭനിരോധന മരുന്നുകൾക്കും ഉൽപ്പന്നങ്ങൾക്കും സൗജന്യമായി വരെ ഭരണകൂടം ലഭ്യമാക്കി. എന്നാൽ പുതിയ വാറ്റ് നിയമം വരുന്നതോടെ കോണ്ടം പോലുള്ള മിക്ക ഗർഭനിരോധന മരുന്നുകൾക്കും ഉൽപ്പന്നങ്ങൾക്കും ബാധകമായ സ്റ്റാൻഡേർഡ് 13% നികുതി നേരിടേണ്ടിവരും.
തീരുമാനം പൊതുജനാരോഗ്യത്തിന് അപകടമെന്ന് വിദഗ്ധർ
എന്നിരുന്നാലും, കോണ്ടത്തിന്റെ ഉപയോഗത്തിലുണ്ടാകുന്ന കുറവ് പൊതുജനാരോഗ്യ അപകടസാധ്യതകൾ വർദ്ധിപ്പിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കോണ്ടത്തിന്റെ ഉയർന്ന വില സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കിടയിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ലഭ്യമാകുന്നത് കുറച്ചേക്കാം. ഇത് അപ്രതീക്ഷിത ഗർഭധാരണങ്ങളുടെയും ലൈംഗികമായി പകരുന്ന അണുബാധകളുടെയും വർദ്ധനവിന് കാരണമാകും.തത്ഫലമായി കൂടുതൽ ഗർഭഛിദ്രങ്ങളും ഉയർന്ന ആരോഗ്യ പരിപാലന ചെലവുകളുമുണ്ടാകുമെന്ന് എന്ന് പേര് വെളിപ്പെടുത്താത്ത ഒരു വിദഗ്ദ്ധൻ വാർത്താ ഏജൻസിയായ എപിയോട് പറഞ്ഞു.
കോവിഡ്-19 പാൻഡെമിക് വർഷങ്ങളിലെ കുറവിനുശേഷം ചൈനയിൽ ലൈംഗികമായി പകരുന്ന അണുബാധകളുടെ കേസുകൾ വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 ൽ 100,000-ത്തിലധികം ഗൊണോറിയ രോഗികളും 670,000 സിഫിലിസ് രോഗികളും ഉണ്ടായതായി നാഷണൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
