TRENDING:

പതഞ്ജലിയെ കോടതിയിൽ കുടുക്കിയ ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്ട്; ഏഴ് പതിറ്റാണ്ട് പഴക്കമുള്ള നിയമം

Last Updated:

മാന്ത്രിക ഗുണങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ചികിത്സയുടെ പരസ്യങ്ങള്‍ നിരോധിക്കുന്നതാണ് 70 വര്‍ഷം പഴക്കമുള്ള ഈ നിയമം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രമുഖ എഫ്എംസിജി, ഫാര്‍മ സ്ഥാപനമായ പതഞ്ജലി ആയുര്‍വേദിന്റെ പ്രമോട്ടറായ രാംദേവ്, മാനേജിംഗ് ഡയറക്ടര്‍ ബാലകൃഷ്ണ എന്നിവര്‍ക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റി വെച്ചിരിക്കുകയാണ്. 2023 നവംബറില്‍ ഉറപ്പ് നല്‍കിയിട്ടും തങ്ങളുടെ മരുന്നുകളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമായി കമ്പനി മുന്നോട്ട് പോയെന്ന ആരോപണത്തെ തുടര്‍ന്നാണ് കോടതി ഇരുവരെയും കോടതിയിലേക്ക് വിളിപ്പിച്ചത്.
advertisement

രണ്ട് മാസത്തിനിടെ, ബാലകൃഷ്ണയെയും രാംദേവിനെയും അവരുടെ പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി പരിഹസിക്കുകയുണ്ടായി. തുടർന്ന് പ്രമുഖ പത്രങ്ങളില്‍ 300-ലധികം നിരുപാധിക ക്ഷമാപണ പരസ്യം പ്രസിദ്ധീകരിക്കാന്‍ ഇരുവരോടും കോടതി നിര്‍ദേശിച്ചു. ക്ഷമ ചോദിച്ചുവെങ്കിലും കോടതിയലക്ഷ്യക്കേസില്‍ ഇവർക്ക് ശിക്ഷ കിട്ടാനുള്ള സാധ്യത വളരെയേറെയാണെന്ന് നിരീക്ഷിക്കപ്പെടുന്നു. 1954-ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക്കൽ റെമഡീസ് (ഒബ്ജക്ഷണബില്‍ അഡ്വര്‍ടൈസ്‌മെന്റ്) നിയമത്തിന്റെ ലംഘനമാണ് ഈ കേസിന്റെ കാതല്‍.

മാന്ത്രിക ഗുണങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ചികിത്സയുടെ പരസ്യങ്ങള്‍ നിരോധിക്കുന്നതാണ് 70 വര്‍ഷം പഴക്കമുള്ള ഈ നിയമം. ഈ നിയമലംഘനം നടത്തുന്നവർക്ക് പിഴശിക്ഷ നൽകുന്നതിനൊപ്പം ഒരു വര്‍ഷത്തോളം ജയിലില്‍ അടയ്ക്കാനുള്ള വകുപ്പുകളും ഉണ്ട്. ടൈഫോയ്ഡ്, ലൈംഗിക രോഗങ്ങള്‍, ക്ഷയം, തളര്‍ച്ച, ഗര്‍ഭധാരണ സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പടെ 54 രോഗങ്ങളുടെ പരസ്യം ഈ നിയമം കൊണ്ട് നിരോധിച്ചിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും കമ്പനി എക്‌സിക്യൂട്ടിവുകള്‍ക്ക് പിഴ ചുമത്താനും നിയമത്തിലെ 16-ാം വകുപ്പ് നിര്‍ദേശിക്കുന്നു.

advertisement

ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കുന്ന വ്യക്തി ഒരു കമ്പനിയാണെങ്കിലും കുറ്റം ചെയ്ത സമയത്ത്, അതുമായി ബന്ധപ്പെട്ടതും കമ്പനിയുടെ ഉത്തരവാദിത്വം ഉള്ള ഓരോ വ്യക്തിയും നിയമലംഘനത്തിൽ കുറ്റക്കാരനായി കണക്കാക്കുകയും ശിക്ഷിക്കപ്പെടാന്‍ ബാധ്യസ്ഥരായിരിക്കുമെന്നും നിയമത്തിലെ ഒൻപതാം വകുപ്പിൽ പറയുന്നു.കുറ്റകരമെന്ന് കണ്ടെത്തിയ പരസ്യങ്ങള്‍ പരിശോധിക്കാനും പിടിച്ചെടുക്കാനും ഈ നിയമം അധികൃതരെ അനുവദിക്കുന്നുണ്ട്.

ഡ്രഗ്‌സ് ആന്‍ഡ് മാജിക്കല്‍ റെമഡീസ് ആക്ടിന്റെ ചരിത്രം

ഹംദര്‍ദ് ദവാഖാന vs യൂണിയന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ സുപ്രീം കോടതി 1959ല്‍ പുറപ്പെടുവിച്ച വിധിന്യായം ഈ നിയമത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഈ നിയമത്തിന്റെ ഭരണഘടനാ സാധുതയെയാണ് കേസ് ചോദ്യം ചെയ്തത്. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വിവേചനരഹിതമായ ഉപയോഗം നിയന്ത്രിക്കുന്നതിനും അത്തരം മരുന്നുകള്‍ തയ്യാറാക്കുന്നതിനും വില്‍ക്കുന്നതിനും വേണ്ടിയുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ കേന്ദ്ര-പ്രവിശ്യാ സര്‍ക്കാരുകളോട് 1927-ല്‍ അന്നത്തെ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് ശുപാര്‍ശ ചെയ്തിരുന്നു.

advertisement

ഇതിന് മറുപടിയായി മരുന്നുകളുടെ നിര്‍മാണം, ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതുമായ മരുന്നുകളുടെ ഗുണനിലവാരം എന്നിവ പരിശോധിക്കുന്നതിനുമായി സര്‍ ആര്‍എന്‍ ചോപ്ര അധ്യക്ഷനായ സമിതിയെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ നിയോഗിച്ചു. പൊതുജനതാത്പര്യം മുന്‍ നിര്‍ത്തി ഇത്തരം മരുന്നുകളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാനും സമിതി നിര്‍ദേശിച്ചു. കുത്തക മരുന്നുകളുടെ മേല്‍ കര്‍ശന നിയന്ത്രണം വേണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.

ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ മരുന്നുകളുടെ നിര്‍മാണം, ഇറക്കുമതി, വില്‍പ്പന എന്നിവ നിയന്ത്രിക്കുന്ന 1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമം അവതരിപ്പിക്കുന്നതിലേക്ക് നയിച്ചു. ഫാര്‍മസി രംഗത്തെ വ്യവസ്ഥകള്‍ നിയന്ത്രിക്കുന്നതിനായി പാസാക്കിയ 1948-ലെ ഫാര്‍മസി ആക്ട് പാസാക്കുന്നതിലേക്ക് ഇത് വഴിവെച്ചു. സ്വാതന്ത്ര്യത്തിന് ശേഷം 1953-ല്‍ അന്നത്തെ സര്‍ക്കാര്‍ ഭാട്ടിയ കമ്മിറ്റി രൂപീകരിച്ചു. വിവിധ നഗരങ്ങളിൽ നിന്നുള്ള ഒട്ടേറെപ്പേരുടെ അഭിപ്രായങ്ങൾ ഈ സമിതി തേടുകയുണ്ടായി. അതില്‍ രസതന്ത്രജ്ഞരും മരുന്നുമായി ബന്ധപ്പെട്ട വിദഗ്ധരും ഉള്‍പ്പെടുന്നു.

advertisement

മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും മറ്റ് ഓഹരിപങ്കാളികളും ഇതില്‍ ഉള്‍പ്പെടുന്നു. ഒപ്പം പ്രസ് കമ്മിറ്റിയും രൂപീകരിച്ചു. കാന്‍സര്‍, വൃക്കയെ ബാധിക്കുന്ന രോഗം (ബ്രൈറ്റ്‌സ് രോഗം), തിമിരം, പ്രമേഹം, അപസ്മാരം, ഗ്ലോക്കോമ, ലോക്കോമോട്ടര്‍ അറ്റാക്‌സിയ, പക്ഷാഘാതം, ക്ഷയം എന്നിങ്ങനെയുള്ള ഏതെങ്കിലും രോഗങ്ങള്‍ സുഖപ്പെടുത്താനോ ലഘൂകരിക്കാനോ കഴിയുമെന്ന് അവകാശപ്പെടുന്ന മരുന്നുകളുടെ പരസ്യങ്ങള്‍ നിരോധിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശിച്ചു. ഈ കമ്മിറ്റികളുടെ ശുപാര്‍ശകളാണ് 1954-ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക്കല്‍ റെമഡീസ് (ഒബ്ജക്ഷനബിള്‍ അഡ്വര്‍ടൈസ്‌മെന്റ് ആക്ട്) നടപ്പിലാക്കുന്നതിലേക്ക് നയിച്ചത്.

advertisement

സുപ്രീം കോടതി ഈ നിയമത്തെ പിന്തുണച്ചത് എന്തുകൊണ്ട്?

മരുന്നുകളെക്കുറിച്ചുള്ള അതിശയോക്തിപരമായ വീക്ഷണം പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ നിരോധിക്കുന്നതിലൂടെ സ്വയം ചികിത്സ പോലുള്ളവ തടയുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് 1959ലെ ഒരു കേസില്‍ കോടതി വിധിച്ചു. ധാര്‍മികതയ്ക്കും മാന്യതയ്ക്കും എതിരായ പരസ്യങ്ങള്‍ അവസാനിപ്പിക്കുക എന്നതുമാത്രമല്ല ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് വിധി ന്യായത്തില്‍ കോടതി വ്യക്തമാക്കി. പരസ്യം ഒരു സംഭാഷണ രൂപത്തിലാണ് ഉള്ളതെങ്കിലും അതിന്റെ യഥാര്‍ത്ഥ സ്വഭാവം പരസ്യം ചെയ്യപ്പെടുന്ന വസ്തുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

ഒരു പരസ്യം ആശയങ്ങളുടെ ആവിഷ്‌കാരത്തെയോ പ്രചാരണത്തെയോ സംബന്ധിച്ച് ആശങ്കപ്പെടുമ്പോള്‍ മാത്രമേ അത് അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്ന് പറയാന്‍ കഴിയൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഒരു വ്യക്തിയുടെ സ്വകാര്യ ബിസിനസിന്റെ വാണിജ്യ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാനും വിതരണം ചെയ്യാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. നിയമത്തിലെ 3,8 വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കിയെങ്കിലും സര്‍ക്കാര്‍ പിന്നീട് അവയില്‍ ഭേദഗതികള്‍ വരുത്തി.

നിയമത്തില്‍ നിന്നുള്ള വിധിന്യായങ്ങള്‍

ഈ നിയമപ്രകാരം പ്രത്യേകം തടയപ്പെട്ടിട്ടുള്ള ചില രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ ഓണ്‍ലൈന്‍ പരസ്യങ്ങളുടെ നിയന്ത്രണമില്ലായ്മക്കെതിരേ സ്വമേധയാ നടപടി സ്വീകരിക്കാന്‍ 2022-ല്‍ ചീഫ് ജസ്റ്റിസിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. നിയമത്തിന് വിരുദ്ധമായി പ്രസിദ്ധീകരിക്കുന്ന ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിന് ഒരു സംവിധാനത്തിന് രൂപം നല്‍കാനും മദ്രാസ് ഹൈക്കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.

അപസ്മാരം പൂര്‍ണമായും സുഖമാക്കപ്പെടും എന്ന് പരസ്യം ചെയ്ത ആര്‍.കെ ഗുപ്ത എന്ന ആയുര്‍വേദ ഡോക്ടറെ 2013-ല്‍ സുപ്രീം കോടതി ശിക്ഷിച്ചിരുന്നു. പരസ്യം കണ്ട് അസുഖ ബാധിതനായ തന്റെ മകന് ഒരു സ്ത്രീ ഈ മരുന്നു വാങ്ങി നല്‍കി. എന്നാല്‍ കുട്ടിയുടെ അസുഖം ഭേദമാകുന്നതിന് പകരം കൂടുതല്‍ വഷളാകുകയാണ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി ഇംഗ്ലീഷ് മരുന്ന് ആയുര്‍വേദ മരുന്നാണെന്ന് പറഞ്ഞ് നല്‍കുകയും ഇയാള്‍ നല്‍കിയ ഒരു അലോപതിക് ഗുളിക കുട്ടികള്‍ക്ക് നല്‍കുന്നതല്ലെന്ന് കണ്ടെത്തുകയും ചെയ്തു.

ആയുര്‍വേദമല്ലാത്ത മരുന്നുകള്‍ നിര്‍ദേശിക്കാന്‍ ഗുപ്തയ്ക്ക് അനുമതിയില്ലായിരുന്നു. തുടര്‍ന്ന് ഗുപ്തയ്‌ക്കെതിരേ കുട്ടിയുടെ അമ്മ കേസ് നല്‍കി. അശ്രദ്ധയോടെ കുട്ടിയെ കൈകാര്യം ചെയ്തതിനും തെറ്റിദ്ധരിപ്പിച്ചതിനുമാണ് കേസെടുത്തത്. ഉപഭോക്തൃഫോറം അമ്മയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും കേസ് സുപ്രീം കോടതിയില്‍ എത്തുകയുമായിരുന്നു. വൈദ്യശാസ്ത്രപരമായ അശ്രദ്ധ, ക്രിമിനല്‍ അശ്രദ്ധ, തെറ്റായ പരസ്യം എന്നിവയ്ക്ക് ഡോക്ടര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാന്‍ ഗുപ്തയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
പതഞ്ജലിയെ കോടതിയിൽ കുടുക്കിയ ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്ട്; ഏഴ് പതിറ്റാണ്ട് പഴക്കമുള്ള നിയമം
Open in App
Home
Video
Impact Shorts
Web Stories