TRENDING:

കലാദന്‍ പദ്ധതി 2027 ഓടെ പൂര്‍ത്തിയാകുമെന്ന് കേന്ദ്രം; ഈ വമ്പൻ പദ്ധതി ഇന്ത്യയിൽ എന്ത് മാറ്റമാണ് വരുത്തുക ?

Last Updated:

ഇന്ത്യയുടെ വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളും മ്യാന്‍മാറും തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയും മ്യാന്‍മാറും തമ്മിലുള്ള സംയുക്ത സംരംഭമായ കലാദന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതി 2027 ഓടെ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര തുറമുഖ ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. ഇന്ത്യയുടെ വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളും മ്യാന്‍മാറും തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. പദ്ധതി അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് മന്ത്രി അറിയിച്ചു.
News18
News18
advertisement

കൊല്‍ക്കത്ത തുറമുഖത്തുനിന്നും മ്യാന്‍മാറിലെ സിറ്റ്‍‍‍‍വേ തുറമുഖത്തേക്കും അവിടെ നിന്ന് മ്യാൻമാറിലെ പലേത്വയിലേക്കും അവിടെ നിന്ന് റോഡ് മാര്‍ഗ്ഗം മിസോറാമിലേക്കും കണക്റ്റിവിറ്റിയൊരുക്കുന്ന ഗതാഗത ശൃംഖലയാണ് പദ്ധതി. ബംഗ്ലാദേശിനെ ആശ്രയിക്കാതെ വടക്കുകിഴക്കന്‍ ഇന്ത്യയുടെയും മ്യാന്‍മാറിന്റെയും ഇടയില്‍ ഗതാഗതം സുഗമമാക്കുക, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കം എളുപ്പമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളും കിഴക്കന്‍ അയല്‍ക്കാരുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരു കാലത്ത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുണ്ടായിരുന്ന ശക്തമായ ബന്ധത്തെ സമീപകാല പ്രശ്‌നങ്ങള്‍ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് മിസോറാമിനെ കൊല്‍ക്കത്ത വഴി മ്യാന്‍മാറുമായി ബന്ധപ്പിക്കുന്ന കലാദന്‍ മള്‍ട്ടിമോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിക്ക് വേഗം കൂട്ടാന്‍ ഇന്ത്യ ഒരുങ്ങുന്നത്.

advertisement

ബംഗ്ലാദേശുമായുള്ള ബന്ധം വഷളായതോടെ മ്യാന്‍മാറുമായുള്ള ബന്ധം ശക്തമാക്കാന്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കേണ്ടത് അത്യാന്താപേഷിതമാണെന്ന് ഇന്ത്യ മനസ്സിലാക്കുകയായിരുന്നു. എന്നാൽ സൈനിക ഭരണം നിലനിൽക്കുന്ന മ്യാൻമാറുമായി സഹകരിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനും ഇന്ത്യയ്ക്കു മുന്നിൽ കടമ്പകൾ ഏറെയാണ്.

പദ്ധതി പൂർത്തികരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മേഘാലയയിലെ ഷില്ലോങ്ങിനടുത്തുള്ള മാവ്‌ലിംഗ്ഖുങ്ങില്‍ നിന്ന് അസമിലെ സില്‍ചാറിനടുത്തുള്ള പഞ്ച്‍ഗ്രാമിലേക്ക് ദേശീയപാത 6ലൂടെ 166.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ നാലുവരി പാത നിര്‍മ്മിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം അടുത്തിടെ ഗ്രീന്‍ സിഗ്നല്‍ നല്‍കിയിട്ടുണ്ട്.

advertisement

കലാദന്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ ബംഗ്ലാദേശിനെ ആശ്രയിക്കാതെ വിശാഖപട്ടണത്തുനിന്നും കൊല്‍ക്കത്തയിൽ നിന്നും ഇന്ത്യയുടെ വഴക്കുകിഴക്കന്‍ മേഖലയിലേക്ക് ചരക്കുനീക്കം നടത്താന്‍ സാധിക്കുമെന്ന് ദേശീയ പാത വികസന കോര്‍പ്പറേഷനില്‍ നിന്നുള്ള ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷെയ്ഖ് ഹസീനയുടെ പുറത്താക്കലും ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങളും ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ദുര്‍ബലപ്പെടുത്തി. നയതന്ത്ര സന്ദര്‍ശനങ്ങളില്‍ പോലും ധാക്ക ഇന്ത്യക്കെതിരെ പരസ്യമായി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി. ഇന്ത്യയുമായി സഹകരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

advertisement

വടക്കുകിഴക്കന്‍ ഇന്ത്യയെ കരയാല്‍ ചുറ്റപ്പെട്ട പ്രദേശമെന്നാണ് ബംഗ്ലാദേശിന്റെ ഇടക്കാല മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് അടുത്തിടെ വിശേഷിപ്പിച്ചത്. ധാക്ക ഈ പ്രദേശത്തിന്റെ ഏക സമുദ്ര കവാടമാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഈ അഭിപ്രായ പ്രകടനമാണ് ബംഗ്ലാദേശിനെ മറികടന്ന് ഏഴ് സഹോദര സംസ്ഥാനങ്ങളുമായി രാജ്യത്തെ  ബന്ധിപ്പിക്കാന്‍ കഴിയുന്ന വ്യത്യസ്തമായ ഒരു പാത തേടാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്.

നിലവില്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഏക മാര്‍ഗം സിലിഗുരി ഇടനാഴിയാണ്. പശ്ചിമബംഗാളിലെ സിലിഗുരി നഗരത്തിനുചുറ്റമുള്ള ഒരു ഇടുങ്ങിയ പ്രദേശമാണിത്. 'കോഴിയുടെ കഴുത്ത്' എന്നാണ് ഇത് അറിയപ്പെടുന്നത്. നേപ്പാളിനും ബംഗ്ലാദേശിനും ഇടയില്‍ വ്യാപിച്ചുകിടക്കുന്ന ഈ 20 കിലോമീറ്റര്‍ റോഡ് വടക്കുകിഴക്കന്‍ മേഖലയെ ബന്ധിപ്പിക്കുന്ന ഒരേയൊരു ഭൂപ്രദേശമാണ്.

advertisement

കലാദന്‍ പദ്ധതി ഇന്ത്യയുടെ പ്രതീക്ഷ 

2008-ലാണ് ഇന്ത്യയും മ്യാന്‍മാറും കലാദന്‍ പദ്ധതിക്കായി കരാറൊപ്പിട്ടത്. മ്യാന്‍മാറിലെ റാഖൈന്‍ സംസ്ഥാനത്തെ സിറ്റ്‍‍‍‍‍‍വേ തുറമുഖത്തുനിന്നും മിസോറാമിലേക്കും അവിടെനിന്നും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ഒരു ഗതാഗത ഇടനാഴി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നിലവില്‍ ഈ റൂട്ടില്‍ യാത്രയ്‌ക്കെടുക്കുന്ന ദൂരത്തില്‍ 1,000 കിലോമീറ്റര്‍ കുറയ്ക്കാനാകും. 3-4 ദിവസത്തെ യാത്ര കുറയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

വിവിധ ഗതാഗത മാര്‍ഗ്ഗങ്ങള്‍ സമന്വയിപ്പിച്ചുള്ളതാണ് പദ്ധതി. അതുകൊണ്ടാണ് ഇതിനെ മള്‍ട്ടിമോഡൽ ഗതാഗത ഇടനാഴിയെന്ന് വിളിക്കുന്നത്. കൊല്‍ക്കത്ത തുറമുഖത്ത് നിന്ന് മ്യാന്‍മറിലെ സിറ്റ്‌വേ തുറമുഖത്തേക്ക് ബംഗാള്‍ ഉള്‍ക്കടല്‍ വഴി 539 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയുണ്ട്. സിറ്റ്‌വേ തുറമുഖത്ത് നിന്ന് മ്യാന്‍മറിലെ തന്നെ പലേത്വ തുറമുഖത്തേക്ക് ബോട്ടില്‍ 158 കിലോമീറ്റര്‍ യാത്ര. പലേത്വയില്‍ നിന്ന് മിസോറാമിലെ സോറിന്‍പുയിയിലേക്ക് 108 കിലോമീറ്റര്‍ നീളമുള്ള നാലുവരി പാതയിലൂടെ സഞ്ചരിക്കണം. മ്യാന്‍മറിന്റെ അവസാന ഘട്ടം പൂര്‍ത്തിയാക്കുന്നതോടെ സോറിന്‍പുയിയില്‍ നിന്നുള്ള ഒരു റോഡ് ഐസ് വാളിലേക്കും ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ബന്ധിപ്പിക്കും.

മ്യാന്‍മാറുമായുള്ള പ്രശ്‌നങ്ങള്‍ 

കലാദന്‍ പദ്ധതി ആരംഭിച്ചത് ഏതാണ്ട് ഒന്നര പതിറ്റാണ്ട് മുമ്പാണ്. 2016-ല്‍ പദ്ധതി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. എന്നാല്‍ മ്യാന്‍മാറിലെ പ്രക്ഷുബ്ദമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ പദ്ധതിയുടെ വേഗം കുറച്ചു. പദ്ധതിയെ മുന്നോട്ടുള്ള നടത്തിപ്പിനെ തന്നെ തടസപ്പെടുത്തി.

മ്യാന്‍മാറിലെ ഭൂരിപക്ഷ ജനവിഭാഗമായ ബമര്‍/ബര്‍മന്‍ ജനത പരമ്പരാഗത ന്യൂനപക്ഷവിഭാഗങ്ങളുമായി ഭിന്നതയിലാണ്. 2021-ലെ സൈനിക അട്ടിമറിക്ക് ശേഷം സര്‍ക്കാരിനെ പുറത്താക്കി. പദ്ധതി കടന്നുപോകുന്ന റാഖൈന്‍ സംസ്ഥാനമുള്‍പ്പെടെ മ്യാന്‍മാര്‍ ഇപ്പോള്‍ സൈനിക ഭരണത്തിന്റെ നിയന്ത്രണത്തിലാണ്. അതിനാല്‍ സ്വപ്‌ന ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇന്ത്യ മ്യാൻമാറിലെ സൈന്യവുമായി ധാരണകളുണ്ടാക്കേണ്ടി വരും.

മലയാളം വാർത്തകൾ/ വാർത്ത/Explained/
കലാദന്‍ പദ്ധതി 2027 ഓടെ പൂര്‍ത്തിയാകുമെന്ന് കേന്ദ്രം; ഈ വമ്പൻ പദ്ധതി ഇന്ത്യയിൽ എന്ത് മാറ്റമാണ് വരുത്തുക ?
Open in App
Home
Video
Impact Shorts
Web Stories