TRENDING:

ഇന്ത്യൻ സായുധ സേനയിൽ 11000 ഉദ്യോഗസ്ഥരുടെ കുറവ്; കാരണമെന്ത്?

Last Updated:

മുതിർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിലാണ് ഗണ്യമായ കുറവ് നേരിടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ സായുധ സേനയിൽ മതിയായ ഉദ്യോ​ഗസ്ഥരുടെ അഭാവം ഉള്ളതായി റിപ്പോർട്ടുകൾ. മുതിർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിലാണ് ഗണ്യമായ കുറവ് നേരിടുന്നത്. 11266 ഉദ്യോഗസ്ഥരുടെ കുറവാണ് ഉള്ളതെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. 2022ൽ 9,797 ഉദ്യോഗസ്ഥരുടെ കുറവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളിലും വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. പ്രധാനമായും മേജർ, ക്യാപ്റ്റൻ തലത്തിലുള്ള റാങ്കുകളിലും മറ്റ് പ്രധാന റോളുകളിലുമാണ് മതിയായ ഉദ്യോ​ഗസ്ഥരില്ലാത്തത്. എന്താണ് ഇതിന് കാരണം എന്നാണ് ഇവിടെ പ്രധാനമായും പരിശോധിക്കുന്നത്.
advertisement

പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിച്ചപ്പോഴാണ്, ഇന്ത്യൻ സായുധ സേനയിലെ മനുഷ്യശേഷിയെക്കുറിച്ച് ചോദ്യം ഉയർന്നത്. 6,800ലധികം ഒഴിവുകളുള്ള കരസേനയിൽ മേജർ, ക്യാപ്റ്റൻ തലങ്ങളിൽ ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പ്രതികരിച്ചു. ഇന്ത്യൻ ആർമിയിൽ മേജർ റാങ്കിൽ 2,094 ഉദ്യോ​ഗസ്ഥരുടെയും ക്യാപ്റ്റൻ റാങ്കിൽ 4,734 ഉദ്യോ​ഗസ്ഥരുടെയും കുറവാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നാവികസേനയിൽ ലഫ്റ്റനന്റ് കമാൻഡർ റോളിൽ 2,617 ഒഴിവുകളും എയർഫോഴ്സിൽ സ്ക്വാഡ്രൺ ലീഡർ റാങ്കിൽ 881 ഒഴിവുകളും ഫ്ലൈറ്റ് ലെഫ്റ്റനന്റ് റാങ്കിൽ 940 ഒഴിവുകളുമാണ് ഉള്ളത്.

advertisement

എന്നാൽ മേജർ, ക്യാപ്റ്റൻ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ മാത്രമല്ല. സൈന്യത്തിൽ മെഡിക്കൽ സ്റ്റാഫിന്റെ കുറവുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. കരസേനയിലും നാവികസേനയിലും വ്യോമസേനയിലും 630 ഡോക്ടർമാരുടെയും 73 ദന്തഡോക്ടർമാരുടെയും 701 നഴ്‌സുമാരുടെയും കുറവുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സേനകളിലെയും ഡോക്ടർ-പേഷ്യന്റ് അനുപാതം 1,000-ത്തിന് 0.64 എന്ന നിലയിലാണ്, അതായത് 1,563 രോഗികൾക്ക് ഒരു ഡോക്ടർ. നഴ്‌സ്-പേഷ്യന്റ് അനുപാതം 1,000-ത്തിന് 0.42 ആണ്, അതായത്, 2,381 രോഗികൾക്ക് ഒരു നഴ്‌സ്. ഇതാദ്യമായല്ല ഇന്ത്യൻ സായുധ സേനയിൽ മതിയായ അം​ഗങ്ങളുടെ കുറവ് അനുഭവപ്പെടുന്നത്. മൂന്ന് സേനകളിലുമായി ഏകദേശം 1.55 ലക്ഷം പേരുടെ കുറവുണ്ടെന്ന് മാർച്ചിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

advertisement

എന്തുകൊണ്ടാണ് ഇന്ത്യൻ സായുധ സേനയിൽ മതിയായ ഉദ്യോ​ഗസ്ഥർ ഇല്ലാത്തത്?

കോവിഡ് മഹാമാരിയാണ് ഇത്രയും ഉദ്യോ​ഗസ്ഥരുടെ കുറവ് ഉണ്ടാകാൻ കാരണം എന്നാണ് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. മഹാമാരിയെ തുടർന്ന്, രാജ്യത്ത് വിവിധ സേനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലികൾ താൽകാലികമായി നിർത്തി വെച്ചിരുന്നു. 2020-21 കാലയളവിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത 97 റിക്രൂട്ട്‌മെന്റ് റാലികളിൽ 47 എണ്ണം മാത്രമാണ് നടന്നതെന്ന് മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2021-22 വർഷത്തിൽ രാജ്യത്തുടനീളം 87 റിക്രൂട്ട്‌മെന്റ് റാലികൾ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ അതിൽ നാലെണ്ണം മാത്രമാണ് നടത്താനായത്. കോവിഡ് രാജ്യത്തെ സൈനിക പരിശീലന ക്യാമ്പുകളെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു. എന്നാൽ, കോർപ്പറേറ്റ് ജോലികളേക്കാൾ കുറഞ്ഞ വേതനം ലഭിക്കുന്നതിനാലാണ് സേനയിലേക്ക് ആളുകൾ വരാൻ മടിക്കുന്നത് എന്നാണ് പ്രതിരോധ മേഖലയിൽ അറിവുള്ള മറ്റു വിദഗ്ധർ വാദിക്കുന്നത്. പലപ്പോഴും സേനാ ഉദ്യോ​ഗസ്ഥർക്കു ലഭിക്കുന്ന വേതനം മറ്റ് കോർപ്പറേറ്റ് ജോലികളേക്കാൾ കുറവാണ് എന്നും ഇവർ പറയുന്നു.

advertisement

”ഈ മേഖലയിലെ കഠിനമായ സാഹചര്യങ്ങളും ജോലിയുമായി ബന്ധപ്പെട്ട അപകട സാധ്യതകളും സൈന്യത്തിലെ അം​ഗങ്ങൾക്കു കോർപറേറ്റ് മേഖലയിൽ ലഭിക്കുന്നതിനേക്കാൾ കുറവ് ശമ്പളം ലഭിക്കുന്നതും ആനുകൂല്യങ്ങൾ കുറയുന്നതും സ്ഥാനക്കയറ്റം ലഭിക്കാതിരിക്കുന്നതുമെല്ലാം ഇത്തരത്തിൽ ഉദ്യോ​ഗസ്ഥരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതിന് ചില കാരണങ്ങളാണ്. സിവിൽ സർവീസ് പോലെ അത്ര ആകർഷകമല്ല ഈ ജോലി. കോർപ്പറേറ്റ് മേഖലയിൽ ലഭിക്കുന്ന ആകർഷകമായ ശമ്പളവും പാക്കേജും പലരെയും കൂടുതലായി അവിടേക്ക് ആകർഷിക്കുന്നുമുണ്ട്. ഇതൊക്കെയാണ് ഇന്ത്യൻ സേനയിൽ ഇത്രയും ഉദ്യോഗസ്ഥരുടെ കുറവ് ഉണ്ടാകുന്നതിനു പിന്നിലെ പ്രധാന കാരണങ്ങൾ”, ലഫ്റ്റനന്റ് ജനറൽ രാമേശ്വർ യാദവ് ഫിനാൻഷ്യൽ എക്‌സ്‌പ്രസിനോട് പറഞ്ഞു.

advertisement

മേൽപറഞ്ഞ കാരണങ്ങൾക്കെല്ലാം പുറമേ, സേനയിലെ ഷോർട്ട് സർവീസ് കമ്മീഷനും (Short Service Commission) മറ്റ് സർവീസ് എൻട്രികളും (other service entries) ഉദ്യോ​ഗസ്ഥരുടെ എണ്ണം കുറയുന്നതിന് കാരണമായി പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഷോർട്ട് സർവീസ് കമ്മീഷൻ എന്നത് ഇന്ത്യൻ ആർമിയിലെ ഒരു തരം സേവനമാണ്. ഒരു ഉദ്യോഗസ്ഥനെ പരിമിത കാലത്തേക്ക് മാത്രം (സാധാരണയായി 10 മുതൽ 14 വരെ വർഷത്തേക്ക്) നിയമിക്കുന്നതാണ് ഷോർട്ട് സർവീസ് കമ്മീഷൻ എന്ന് അറിയപ്പെടുന്നത്. ഒരു ചെറിയ കാലയളവിലേക്ക് മാത്രം രാജ്യത്തെ സേവിക്കാനും പിന്നീട് പൗര ജീവിതത്തിലേക്ക് മടങ്ങാനും ഇത് പലർക്കും അവസരം നൽകുന്നു.

ഇന്ത്യൻ സായുധ സേനയിലെ ഉദ്യോ​ഗസ്ഥരുടെ കുറവ് പരിഹരിക്കാൻ എന്താണ് സർക്കാർ ചെയ്യുന്നത്?

സേനയിൽ മതിയായ ഉദ്യോഗസ്ഥരുടെ കുറവുണ്ട് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഷോർട്ട് സർവീസ് എൻട്രി കൂടുതൽ ആകർഷകമാക്കാനും കൂടുതൽ പേരിലേക്ക് എത്തിക്കാനും ആലോചിക്കുന്നതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എങ്കിലും, ഇത് എങ്ങനെയാണ് നടപ്പിലാക്കുന്നത് എന്നതു സംബന്ധിച്ച് കൂടുതൽ വിശദീകരണം സർക്കാർ ഇതുവരെ നൽകിയിട്ടില്ല. വിവിധ ആസ്ഥാനങ്ങളിലെ സ്റ്റാഫ് ഓഫീസർമാരുടെ നിയമനം കുറയ്ക്കാൻ സൈന്യം ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഉദ്യോഗസ്‌ഥരുടെ റാങ്കുകൾ ഉയരുമ്പോൾ അവർ മുൻപു ചെയ്തിരുന്ന റോളുകളിലേക്ക് ആളുകളെ നിയമിക്കുന്ന രീതിയാണ് സ്റ്റാഫ് നിയമനങ്ങൾ.

എന്നാൽ, തങ്ങൾക്ക് ഇതേക്കുറിച്ച് ഇതുവരെ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഒഴിവുള്ള തസ്തികകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ പുനർനിയമിക്കുന്നതിനെക്കുറിച്ച് (re-employment) സൈന്യം ആലോചിക്കുന്നതായും ഇന്ത്യൻ എക്‌സ്പ്രസ് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. സർവീസിൽ നിന്ന് വിരമിച്ച ശേഷവും രണ്ട് മുതൽ നാല് വർഷം വരെ സൈന്യത്തിൽ സേവന അനുഷ്ഠിക്കുന്നതിനെയാണ് ഈ പുനർനിയമനം കൊണ്ട് ഉദ്ദേശിക്കുന്നത്. ബ്രിഗേഡിയർ, കേണൽ പദവിയിലുള്ള ഉദ്യോ​ഗസ്ഥരെയാണ് സാധാരണയായി ഇങ്ങനെ പുനർനിയമിക്കുന്നത്.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലുണ്ടോ?

സൈന്യത്തിന്റെ നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ മനുഷ്യശേഷി ഇപ്പോൾ ഉണ്ടെന്നും അത് ക‍ൃത്യമായി പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി അജയ് ഭട്ട് പറഞ്ഞു. എന്നാൽ, മുതിർന്ന റാങ്കുകളിൽ മതിയായ ഉദ്യോ​ഗസ്ഥർ ഇല്ലാത്തത് ആശങ്കാജനകമാണ്. കാരണം, മേജർമാരും ക്യാപ്റ്റൻമാരും പോലുള്ള ഈ ഉദ്യോഗസ്ഥരാണ് സൈനികരെ യുദ്ധത്തിനും യുദ്ധസമാനമായ സാഹചര്യങ്ങൾ നേരിടാനും സജ്ജമാക്കുന്നത്. അതിർത്തിയിൽ ഇന്ത്യ നിരവധി ഭീഷണികൾ നേരിടുന്ന സാഹചര്യത്തിൽ ഉദ്യോ​ഗസ്ഥരുടെ ഈ കുറവ് ആശങ്കയുണ്ടാക്കുന്ന സാഹചര്യം തന്നെയാണ്.

2020 മെയ് മുതൽ, കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലുകൾ നടത്തി വരികയാണ്. ഇവിടുത്തെ സംഘർഷ സാഹചര്യത്തിന് ഇതുവരെ അയവു വന്നിട്ടില്ല. കശ്മീരിലെ നിയന്ത്രണ രേഖയിലും സമീപത്തുള്ള സിയാച്ചിനിലും പാകിസ്ഥാനുമായും സംഘർഷം നിലനിൽക്കുന്നുണ്ട്. സൈനിക വിദഗ്ധർ ഇതിനെ ‘സമാധാനമില്ലാത്തതും എന്നാൽ യുദ്ധമില്ലാത്തതുമായ സാഹചര്യം’ (‘no-peace-no-war’ situation) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനെല്ലാം പുറമേ, ഇന്ത്യൻ സൈന്യം നിരവധി ആഭ്യന്തര ഭീഷണികളും നേരിടുന്നുണ്ട്. അതിനാൽ സേനയിലെ ഒഴിവുകൾ ഉടൻ നികത്തേണ്ടത് ഏറെ അത്യാവശ്യമാണ്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇന്ത്യൻ സായുധ സേനയിൽ 11000 ഉദ്യോഗസ്ഥരുടെ കുറവ്; കാരണമെന്ത്?
Open in App
Home
Video
Impact Shorts
Web Stories