‘സനാതന ഉന്മൂലന സമ്മേളം’ എന്ന പരിപാടിയിൽ വെച്ചായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ കൂടിയായ ഉദയനിധിയുടെ പരാമർശം. സനാധന ധർമം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്ന് ഉദയനിധി പറഞ്ഞു.
തുടർന്ന് സ്റ്റാലിന്റെ പരാമർശത്തിനെതിരേ ബിജെപി നേതാക്കൾ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. സാമൂഹികമാധ്യമങ്ങളിൽ വൻതോതിലുള്ള പ്രതിഷേധത്തിനും ഇത് കാരണമായി. മന്ത്രിക്കെതിരേ കേസെടുക്കണമെന്ന് നിരവധിപ്പേർ ആവശ്യപ്പെട്ടു. വംശഹത്യക്കാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നത് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ”കോൺഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെ സനാതന ധർമം ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. കോൺഗ്രസിന്റെ മൗനം, ഈ വംശഹത്യാ ആഹ്വാനത്തെ പിന്തുണയ്ക്കുന്നതിന്റെ സൂചിപ്പിക്കുന്നത്”- മാളവ്യ പറഞ്ഞു.
advertisement
”ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല. അവ നിർമാർജനം ചെയ്യപ്പെടുക തന്നെ വേണം. ഡെങ്കിപ്പനി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിർക്കാൻ കഴിയില്ല. അവയെ നാം ഉന്മൂലനം ചെയ്യുക തന്നെ വേണം. ഇതുപോലെ നാം സനാതന ധര്‍മത്തെയെയും ഉന്മൂലനം ചെയ്യണം”, എന്നാണ് ഉദയനിധിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തത്. ”സനാതന ധർമത്തെ എതിർക്കുന്നതിനുപകരം അത് ഉന്മൂലനം ചെയ്യണം. സനാതന എന്ന പേര് സംസ്‌കൃതത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. അത് സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണ്”, എന്നും ഉദയനിധി പറഞ്ഞിരുന്നു. എന്നാൽ സനാതന ധർമം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാൻ താൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധർമം എന്നും അദ്ദേഹം പറഞ്ഞു.
എന്താണ് സനാതന ധർമം?
സനാതന ധർമം എന്നാൽ ‘ശാശ്വതമായ’ അല്ലെങ്കിൽ സമ്പൂർണ്ണമായ കർത്തവ്യങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്. എല്ലാ ഹിന്ദുക്കൾക്കും ഒരുപോലെ ബാധകമായ ആചാരങ്ങൾ എന്നാണ് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയിൽ ഇതിനെ വിശദീകരിക്കുന്നത്. സനാതന എന്നതിന്റെ അർത്ഥം ശാശ്വതമായത് എന്നും ധർമം എന്നാൽ, കടമ അല്ലെങ്കിൽ മതപരമായ ഉത്തരവാദിത്വം എന്നുമാണ് അർത്ഥമാക്കുന്നത്.
ഹിന്ദു മതത്തിന് ഏകദേശം 6000 വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ബിസി 3000-നും ബിസി 15000 ഇടയിലുമാണ് ഈ മതത്തിന്റെ ഉത്ഭവം എന്ന് ചില പണ്ഡിതന്മാർ പറയുന്നു. അടിസ്ഥാനപരമായി സനാതന ധർമത്തിന്റെ ആധുനിക രൂപമാണ് ഹിന്ദൂയിസം. മനുഷ്യരാശിക്ക് അറിയാവുന്നതിൽ ഏറ്റവും പഴക്കമേറിയ ആത്മീയ പാരമ്പര്യമാണിത്. സനാതന ധർമമനുസരിച്ച്, പ്രകൃതിയുടെയും ദൈവത്തിന്റെയും മുഴുവൻ സൃഷ്ടികളും, ചില ഉത്തരവാദിത്വങ്ങൾ ചെയ്യുന്നതിന് കടപ്പെട്ടവരാണ്. ഭൂമിയിലെ ഒരാളുടെ പെരുമാറ്റത്തെ നയിക്കുകയും മതപരമായ കടമകൾ നിർണയിക്കുകയും ചെയ്യുന്ന ധാർമികവും ആത്മീയവുമായ തത്വങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.
സനാതന ധർമത്തിന്റെ ഉത്ഭവം
സനാതന ധർമത്തെക്കുറിച്ച് വേദഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. ഉപനിഷത്തുകൾ, താന്ത്രിക ഗ്രന്ഥങ്ങൾ, വേദാന്ത സൂത്രങ്ങൾ, ഇതിഹാസങ്ങൾ(ചരിത്രം), പുരാണങ്ങൾ എന്നിവയെല്ലാം വേദഗ്രന്ഥങ്ങളിൽ ഉൾപ്പെടുന്നു. രാമായണത്തിലും മഹാഭാരതത്തിലുമെല്ലാം സനാതന ധർമത്തെക്കുറിച്ച് പരാമർശമുണ്ട്.
Also Read- ‘സനാതന ധർമ്മത്തെ നിരന്തരം അവഹേളിക്കുന്നവർക്ക് ജനങ്ങൾ തന്നെ മറുപടി നൽകും’; അമിത് ഷാ
ഭഗവത്ഗീതയിലാണ് സനാതന ധർമത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ച് പറഞ്ഞിരിക്കുന്നത്. സനാതന ധർമം പുനർജന്മത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ് എന്നും ജൈനമതം, ബുദ്ധമതം, ഹിന്ദുമതം എന്നിവയിൽ പുനർജന്മമെന്ന ആശയം ഉള്ളതായും ചില പണ്ഡിതന്മാർ പറയുന്നു. ദൈവത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിയമങ്ങൾ, മതപരമായ അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ എന്നിവയെല്ലാം സനാതന ധർമത്തിലുണ്ട്. എല്ലാ ഹിന്ദുക്കളും പാലിക്കേണ്ട കടമകളുടെയും ആചാരങ്ങളുടെയും ഒരു പട്ടിക ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയിൽ ചിലത് ചുവടെ ചേർക്കുന്നു.
1. സദ്ഗുണങ്ങൾ: സത്യസന്ധത, ദയ, ക്ഷമ, മഹാമനസ്‌കത തുടങ്ങിയ സദ്ഗുണങ്ങൾ സനാതന ധർമത്തിൽ അടങ്ങിയിരിക്കുന്നു.
2. മോക്ഷ: ഈ സദ്ഗുണങ്ങൾ പാലിക്കുന്ന ഹിന്ദുക്കൾക്ക് മോക്ഷം ലഭിക്കുന്നു.
3. യോഗ: സനാതന ധർമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശമാണ് യോഗ പരിശീലിക്കുന്നത്. തങ്ങളുടെ ആത്മീയവശവുമായി ഒത്തുചേരുന്നതിന് യോഗിയെ ഇത് സഹായിക്കുന്നു.
4. പുനർജന്മം: സനാതന ധർമത്തിലെ വളരെ പ്രധാനപ്പെട്ട വിശ്വാസമാണിത്.
5. കർമം: നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിയെയും അതിന്റെ അനന്തഫലങ്ങളെയും സൂചിപ്പിക്കുന്ന പദമാണിത്
6. പാപവും പുണ്യവും: പാപം എന്നാൽ തെറ്റുകൾ. ദുഷ്ടതനിറഞ്ഞ പ്രവർത്തികൾ അല്ലെങ്കിൽ മോശം പ്രവർത്തികളുടെ ഫലം. പുണ്യം എന്നാൽ നല്ല പ്രവർത്തികൾ.
സനാതന ധർമം സാമൂഹികനീതിക്ക് എതിരാണോ?
സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്ന് ഉദയനിധി സ്റ്റാലിൽ പറയുന്നു. എന്നാൽ, സാമൂഹിക നീതി ഹിന്ദുമതത്തിന്റെയും സനാതന ധർമത്തിന്റെയും വളരെ പ്രധാനപ്പെട്ട ഭാഗമാണ്. സനാതന ധർമ്മത്തിലെ സാമൂഹികഘടന ചാതുർവർണ്യത്തിൽ അധിഷ്ഠിതമാണ്. സമൂഹത്തെ നാല് വർണങ്ങളായി അല്ലെങ്കിൽ ഗ്രൂപ്പുകളായി ഇത് തിരിച്ചിരിക്കുന്നു. ബ്രാഹ്‌മണർ ( പുരോഹിതന്മാർ), ക്ഷത്രിയർ (രാജാക്കന്മാർ/ഭരണംകൈയ്യാളുന്നവർ), വൈശ്യർ (കച്ചവടക്കാർ), ശൂദ്രന്മാർ (തൊഴിലാളികൾ) എന്നിവയാണ് അവ. ആളുകൾക്ക് അർഹമായത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു ഈ ചാതുർവർണ്യ സമ്പ്രദായത്തിന്റെ യഥാർത്ഥ ലക്ഷ്യം. ചാതുർവർണ്യസമ്പ്രദായം ഇന്ന് വിശ്വസിക്കപ്പെടുന്നതിൽനിന്ന് വ്യത്യസ്തമാണ്. ഒരു വ്യക്തിയുടെ ഗുണങ്ങളും പ്രവർത്തനങ്ങളുമാണ് അവന്റെ വർണത്തെയും ജാതിയെയും നിർണയിക്കുന്നത്. അല്ലാതെ അവന്റെ ജനനത്തെ മാത്രം വിലയിരുത്തി മാത്രമല്ല.
ചാതുർവർണ്യ സമ്പ്രദായം വ്യക്തികളെ അവരുടെ ഗുണങ്ങളുടെ അല്ലെങ്കിൽ പ്രവർത്തികളുടെ അടിസ്ഥാനത്തിൽ തരംതിരിക്കുകയും ഒരേ കടമകളും പ്രത്യേകമായ അവകാശങ്ങളും ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് സാമൂഹിക നീതിയും എല്ലാവർക്കും തുല്യപരിഗണ ഉറപ്പാക്കുകയും ചെയ്യുന്നു.
ഉദയനിധിയുടെ വിശദീകരണം
സംഭവം വവാദമായതിനു പിന്നാലെ, പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി ഉദയനിധി പ്രതികരിച്ചു. ”സനാതന ധർമം മൂലം അടിച്ചമർത്തപ്പെടുകയും പാർശ്വത്കരിക്കപ്പെടുകയും ചെയ്തവർക്കുവേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്”,, അദ്ദേഹം സാമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ”ഇതിന്റെ പേരിൽ നിയമനടപടി നേരിടാൻ തയ്യാറാണ്. ഇത്തരം പതിവ് കാവി ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ല. പെരിയാർ, അണ്ണ, കലൈഞ്ജർ എന്നിവരുടെ അനുയായികളാണ് ഞങ്ങൾ. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമർത്ഥമായ മാർഗ്ഗനിർദ്ദേശത്തിൽ സാമൂഹിക നീതി ഉയർത്തിപ്പിടിക്കാനും സമത്വ സമൂഹം സ്ഥാപിക്കാനും എന്നേക്കും ഞങ്ങൾ പോരാടും”, ഉദയനിധി സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.
വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധർമ്മമെന്നും ഉദയനിധി വിശദീകരിച്ചു. ബിജെപിയുടെ പതിവ് ഭീഷണിക്കു മുന്നിൽ മുട്ടുമടക്കില്ല, പറഞ്ഞതിൽ നിന്നും പുറകോട്ടില്ലെന്നും ഉദയനിധി വ്യക്തമാക്കി. ദ്രാവിഡ നാട്ടിൽ നിന്ന് സനാതന ധർമ്മത്തെ തടയാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും, പറഞ്ഞത് ഇന്നും നാളേയും എന്നും പറയുമെന്നും ഉദയനിധി വ്യക്തമാക്കി. സെപ്റ്റംബർ രണ്ടിനായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. പരാമർശം വിവാദമായതോടെ പറഞ്ഞതിൽ വിശദീകരണവുമായി ഉദയനിധി രംഗത്തെത്തിയിരുന്നു.