ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 400 കിലോ മീറ്റർ വരെ സഞ്ചരിക്കാനാകും. വെള്ളത്തിലൂടെ ബോട്ടിനെക്കാൾ വേഗത്തിൽ സഞ്ചരിക്കും. 1000 മുതൽ 1500 അടിവരെ ഉയരത്തിൽ പറക്കും. മണിക്കൂറിൽ 150 കിലോ മീറ്റർ ശരാശരി വേഗതയിൽ 130 നോട്ട്‌സ് മുതൽ 135 നോട്ട് വരെ നിങ്ങാനാകും. വലിയ ഓപ്പൺ വിന്റോയാണ് സീപ്ലെയിനിന് ഉള്ളത്. കാഴ്ചകൾ കണ്ട് സഞ്ചരിക്കാൻ വിനോദ സഞ്ചാരികൾക്ക് ഇതുവഴി സാധിക്കും.
രാത്രി സമയങ്ങളിലും യാത്ര ചെയ്യാം. കരയിലും വെള്ളത്തിലും പറന്നിറങ്ങാൻ ആവുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിൻ പദ്ധതിക്ക് ഉപയോഗിക്കുക. ഭാരം കുറഞ്ഞതും ഇന്ധന ക്ഷമത ഉള്ളതും വാട്ടർ ലാൻഡിങ്ങിനായി പ്രത്യേകം രൂപകൽപന ചെയ്തതുമായ എഞ്ചിനാണ് ഉള്ളത്. പത്ത് ലക്ഷം ഡോളർ വരെയാണ് ഒരു സീപ്ലെയിനിന്റെ വില. സീ പ്ലെയിൻ പദ്ധതി പ്രാവർത്തികമായാൽ മാലിദ്വീപിന് സമാനമായ ടൂറിസം കേന്ദ്രമായി കേരളം മാറുമെന്നാണ് പ്രതീക്ഷ.
advertisement
കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി. ഡിഹാവ്ലാൻഡ് കാനഡ എന്ന സീപ്ലെയിനാണ് കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്ക് പോകുന്നത്. കേന്ദ്ര പദ്ധതിയായ റീജണൽ കണക്ടിവിറ്റി സ്കീം ഉഡാന്റെ ( യുഡിഐഎൻ) കീഴിൽ സിയാലും ബോൾഗാട്ടി പാലസും കേന്ദ്രമാക്കി ആദ്യ ഘട്ടത്തിൽ പദ്ധതി വികസിപ്പാക്കാനാണ് ശ്രമം.
'സുരക്ഷയിൽ ആശങ്ക വേണ്ട'
സീപ്ലെയിനിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഡി ഹാവിലൻഡ് എയർക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡിന്റെ ഏഷ്യ പസിഫിക്-പശ്ചിമേഷ്യ റീജണൽ വൈസ് പ്രസിഡന്റ് യോഗേഷ് ഗാർഗ് വ്യക്തമാക്കി. ഒരു വശത്ത് രണ്ടുസീറ്റുകളും മറുവശത്ത് ഒറ്റ സീറ്റുകളുടെ നിരയിൽ 17 പേർക്കും സഞ്ചരിക്കാം. പുറംകാഴ്ചകൾ ആവോളം അസ്വദിക്കാവുന്ന വിധത്തിലുള്ള ജനാലകൾ. ഒപ്പം കൗതുകമുളവാക്കുന്ന കുഞ്ഞൻ കോക്ക്‌പിറ്റും. പൈലറ്റും ക്രൂ അംഗങ്ങളും ഒഴികെ ഒൻപത് യാത്രികർക്കാണ് വിമാനത്തിനൊപ്പം പറന്നുയരാനാവുക. വിഐപികളുടെ യാത്ര, മെഡിക്കൽ ആവശ്യങ്ങൾ, രക്ഷാപ്രവർത്തനം പോലുള്ള മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാം. നീണ്ട റൺവേയുടെ ആവശ്യമില്ല. എണ്ണൂറ് മീറ്റർ നീളത്തിൽ ഒരു ഗ്രാവൽ റോഡ് മാത്രം മതി. രണ്ട് മീറ്റർ ആഴമുണ്ടെങ്കിൽ ജലാശയങ്ങളിലും പറന്നിറങ്ങും.
സീപ്ലെയിൻ സർക്യൂട്ട്
കോവളം, കുമരകം, ബാണാസുര സാഗർ, മാട്ടുപ്പെട്ടി ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന സീപ്ലെയിൻ സർക്യൂട്ടും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന ജലാശയങ്ങളുടെ ലിസ്റ്റ് കേന്ദ്ര സർക്കാരിന് കൈമാറിയിട്ടുണ്ട്. ടൂർ ഓപ്പറേറ്റർമാരുമായി ലേലം വിളിച്ച് റൂട്ട് നിശ്ചയിക്കുകയാണ് അടുത്ത പടി. ഹോട്ടലുകളുമായി സഹകരിച്ച് സീപ്ലെയിൻ വിനോദയാത്രാ പാക്കേജിന്റെ ഭാഗമാക്കാനാണ് നീക്കം.