ഭർത്താവിൻെറയും ഭാര്യയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഇന്ത്യൻ നിയമ വ്യവസ്ഥയുടെ ഉത്തരവാദിത്വമാണ്. മതത്തിന് അതീതമായി വിവാഹം ചെയ്യുന്നവർക്ക് നിയമ പരിരക്ഷ ഉറപ്പാക്കുകയാണ് സ്പെഷ്യൽ മാര്യേജ് ആക്ടിൻെറ ലക്ഷ്യം.
1954ൽ ഇന്ത്യൻ പാർലമെൻറ് അംഗീകരിച്ച സ്പെഷ്യൽ മാര്യേജ് ആക്ട് ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും വിദേശത്തുള്ള ഇന്ത്യൻ പൗരൻമാർക്കും മതമോ വിശ്വാസമോ പരിഗണിക്കാതെ വിവാഹം ചെയ്യുന്നതിനുള്ള അവകാശം ഉറപ്പാക്കുന്നു. 19-ാം നൂറ്റാണ്ടിൻെറ അവസാനം നിർദ്ദേശിക്കപ്പെ ഒരു നിയമ നിർമ്മാണത്തിൽ നിന്നാണ് ഈ പ്രത്യേക വിവാഹ നിയമം ഉടലെടുത്തത്. നേരത്തെ സംസ്ഥാനവും ഇപ്പോൾ കേന്ദ്രഭരണ പ്രദേശവുമായ ജമ്മു - കശ്മീരിലുള്ളവർക്ക് ഇന്ത്യയിൽ ഈ നിയമം ബാധകമല്ല. എന്നാൽ കശ്മീരിൽ ജിവിക്കുകയോ താമസിക്കുകയോ ചെയ്യുന്ന മറ്റ് പ്രദേശങ്ങളിലെ ഇന്ത്യക്കാർക്ക് ഈ നിയമം അനുസരിച്ച് വിവാഹം ചെയ്യാവുന്നതാണ്.
advertisement
സ്പെഷ്യൽ മാര്യേജ് ആക്ട്
രണ്ട് വ്യത്യസ്ത മതവിഭാഗത്തിൽ പെട്ടവർക്ക് സ്വതന്ത്രമായി വിവാഹം ചെയ്യാൻ 1954ലെ സ്പെഷ്യൽ മാര്യേജ് ആക്ട് അനുമതി നൽകുന്നു. ഈ നിയമപ്രകാരം വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നവർ വിവാഹ തീയതിക്ക് 30 ദിവസം മുമ്പ് ബന്ധപ്പെട്ട രേഖകളുമായി മാര്യേജ് ഓഫീസർക്ക് നോട്ടീസ് നൽകണം. നിലവിൽ ഓൺലൈനായും ഇത് ചെയ്യാനുള്ള സൗകര്യമുണ്ട്. https://www.onlinemarriageregistration.com/ വെബ്സൈറ്റിൽ അപേക്ഷ നൽകാവുന്നതാണ്. വിവാഹവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് ഓഫീസറെ സന്ദർശിക്കണം. വ്യത്യസ്ത മതവിശ്വാസം പിന്തുടരുന്ന ദമ്പതികളാണ് സ്പെഷ്യൽ മാര്യേജ് ആക്ടിൻെറ പരിധിയിൽ വരുന്നത്.
സ്പെഷ്യൽ മാര്യേജ് രജിസ്റ്റർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഒരു മാസത്തെ നോട്ടീസ്.വിവാഹത്തിന് ആർക്കെങ്കിലും എതിർപ്പുണ്ടോയെന്നറിയുന്നതിന് വേണ്ടിയാണ് ഒരു മാസം മുൻപ് തന്നെ നോട്ടീസ് നൽകേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പൊതുവിജ്ഞാപനം പുറപ്പെടുവിക്കുന്നതായിരിക്കും. ഇതിനായി എല്ലാ രേഖകളും സമർപ്പിച്ച ശേഷം ഇരുകക്ഷികളും നേരിട്ട് ഹാജരാവണം. ഇരുവരും വിവാഹിതരാവാൻ പോവുന്നുവെന്ന് അറിയിച്ച് കൊണ്ടുള്ള ഒരു നോട്ടീസ് രജിസ്റ്റർ ഓഫീസിൻെറ നോട്ടീസ് ബോർഡിൽ പതിക്കും.ഓൺലൈനായി നോട്ടീസ് ലഭിക്കുന്നത് വർഗീയ വിദ്വേഷം പരത്തുന്നു എന്ന ആ ക്ഷേപിക്കുന്നതിനടയായതിനാൽ നോട്ടീസ് പ്രസിദ്ധീകരിക്കുന്നത് കേരള സർക്കാർ 2020 ജൂലായിൽ നിർത്തലാക്കി.
വിവാഹിതരാവാൻ പോവുന്നവർക്ക് നോട്ടീസിൻെറ ഓരോ കോപ്പി രജിസ്ട്രേഡ് തപാലിൽ അയക്കുകയും ചെയ്യും. ഇരുവരും നൽകുന്ന അഡ്രസിലായിരിക്കും കോപ്പി അയക്കുക. നോട്ടീസിന് 30 ദിവസത്തിന് ശേഷം ആരിൽ നിന്നും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് പരാതികളൊന്നും തന്നെ വരുന്നില്ലെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കും. രജിസ്ട്രേഷന് വേണ്ടി ഒരു തീയതി തീരുമാനിക്കും. ദമ്പതികളും ഒപ്പം മൂന്ന് സാക്ഷികളും രജിസ്ട്രേഷൻ നടപടികൾക്ക് വേണ്ടി ഹാജരാവണം.