ഉഴവൂർ സിപിഎം ലോക്കൽ കമ്മിറ്റി പറയുന്നത്
ഈ കമ്മറ്റിയുടെ കീഴിലെ ബ്രാഞ്ചിലെ അംഗമാണ് എന്ന് സിന്ധുമോളും ലോക്കൽ കമ്മറ്റിയും പറയുന്നു.
സിന്ധുമോളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി അംഗമായ അവർ പാർട്ടി അറിയാതെ സ്ഥാനാർഥി ആയതിനാൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് നടപടിയെടുത്തത്.
കോട്ടയം സിപിഎം ജില്ലാ കമ്മറ്റി പറയുന്നത്
സെക്രട്ടറി വിഎൻ വാസവൻ
സിന്ധുമോൾ പാർട്ടി അംഗമായിരുന്നു.എന്നാൽ അംഗത്വം പുതുക്കി നൽകിയിട്ടുണ്ടോ എന്നറിയില്ല. അത്തരം ഒരു നടപടി എടുക്കാൻ ലോക്കൽ കമ്മറ്റിക്ക് അധികാരമില്ല. സംഘടനാ രീതി പ്രകാരം അംഗത്തെ പുറത്താക്കാനുള്ള അധികാരം ജില്ലാ കമ്മറ്റിക്കാണ്. ഇത്തരമൊരു നടപടി ജില്ലാ കമ്മറ്റിയുടെ മുമ്പിൽ വരികയോ തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. ലോക്കൽ കമ്മറ്റിയുടെ നടപടി പരിശോധിക്കും.സ്വതന്ത്ര സ്ഥാനാർഥി ആയാണ് അവർ പഞ്ചായത്തിലേക്ക് മത്സരിച്ചത്. മികച്ച പ്രവർത്തനം നടത്തിയ ജനപ്രതിനിധിയാണ് അവർ.
advertisement
സിപിഎം പാലാ ഏരിയ കമ്മിറ്റി പറയുന്നത്
(ജനാധിപത്യ മഹിള അസോസിയേഷൻ പാലാ ഏരിയ കമ്മിറ്റി അംഗം കൂടിയാണ് സിന്ധുമോൾ)
അവരെ പുറത്താക്കി. ലോക്കൽ കമ്മിറ്റി പറയുന്നത് ശരിയാണ്.
പിറവത്തെ കേരള കോണ്‍ഗ്രസ് എം പറയുന്നത്
ഞങ്ങളോട് ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. സിന്ധുവിന്റേത് പേയ്‌മെന്റ് സീറ്റാണ്
ജില്‍സ് പെരിയപ്പുറം
സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച യൂത്ത് ഫ്രണ്ട് എം മുന്‍ സംസ്ഥാന പ്രസിഡണ്ട് . പിറവം മുനിസിപ്പൽ കൗൺസിലർ ആണ് ജിൽസ്
'ജോസ് കെ മാണിക്ക് പണമാണ് വേണ്ടത്. എന്റെ കൈയില്‍ കൊടുക്കാന്‍ പണമില്ല. ജോസിന്റെ കച്ചവട ശ്രമം പാളിയതു കൊണ്ടാണ് എന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റിയത്. സിന്ധുമോളെ പുറത്താക്കിയ സിപിഎം നടപടി നാടകമാണ്. കോട്ടയം കമ്മിറ്റി പുറത്തിറക്കിയ സിന്ധുമോളെ പിറവത്തെ സിപിഎം പ്രവര്‍ത്തകര്‍ എങ്ങനെ ചുമക്കും?'
ജോസ് കെ മാണി പറയുന്നത്
പേമെന്റ് സീറ്റ് ആരോപണം അടിസ്ഥാന രഹിതം
സിന്ധുമോൾ ജേക്കബ് പറയുന്നത്
തികച്ചും അപ്രതീക്ഷിതമാണ് സ്ഥാനാർത്ഥിത്വം . പിറവമാണ് ജന്മനാട് .ബന്ധുക്കളും അവിടെയാണ് ഞാൻ യാക്കോബായ സഭാംഗം ആണ്. അതൊക്കെ പരിഗണിച്ചാവും പിറവത്ത് സ്ഥാനാർത്ഥിയാകാൻ പറ്റിയത്. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നത്. എതിർപ്പ് കാര്യമാക്കുന്നില്ല. പേമെന്റ് സീറ്റ് അല്ല. സിപിഎമ്മിൽ നിന്നും രാജി വെച്ച് കേരളാ കോൺഗ്രസിൽ ചേരും.
ആരാണ് സിന്ധുമോൾ ?
എറണാകുളം പിറവം പാലക്കുഴ സ്വദേശി. 1971 മെയ് 30ന് ജനനം. കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പാലക്കുഴ ഓലിക്കൽ ജേക്കബ് ജോണിന്റെയും ചിന്നമ്മ ജേക്കബിന്റെയും മകൾ. മൂവാറ്റുപുഴ നിർമല കോളേജിലെ പ്രീഡിഗ്രി പഠനകാലത്ത് എ.ഐ.എസ്.എഫിനൊപ്പം. കോട്ടയം കുറിച്ചി ആതുരാശ്രമം എൻഎസ്എസ് ഹോമിയോപ്പതി കോളേജിൽനിന്ന് ഡി.എച്ച്.എം.എസ് ബിരുദം. എംജി സർവകലാശാലയിൽ നിന്ന് കൗൺസിലിങ്ങും പാസായി. 1994 മുതൽ ഹോമിയോ ഡോക്ടർ. 2010 മുതൽ ഫാമിലി കൗൺസിലറായും ജോലി ചെയ്യുന്നു.
ഹോമിയോ ഡോക്ടറായ ഡോ. ജയ്‌സ് പി. ചെമ്മനാത്തുമായുള്ള വിവാഹശേഷം കോട്ടയം ഉഴവൂരിലെത്തി. ഇത് ഇപ്പോൾ കടുത്തുരുത്തി മണ്ഡലത്തിൽ. സിപിഐ സഹയാത്രികയായ അവർ 2005-ൽ ഇടതു സ്വതന്ത്രയായി മത്സരിച്ച് ജയിച്ച് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി.കേരള കോൺഗ്രസ് (എം ) കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ 2009-ൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായി. വീണ്ടും 2010, 2015 വർഷങ്ങളിൽ ഉഴവൂർഗ്രാമപഞ്ചായത്തിലേക്ക് ജയിച്ചു. സിപിഎം അംഗമായിട്ടും പാർട്ടി ചിഹ്നത്തിൽ മത്സരിച്ചില്ല. ഇപ്പോൾ ഉഴവൂർ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ്. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ടാണ്. ജനാധിപത്യ മഹിള അസോസിയേഷൻ പാലാ ഏരിയ കമ്മിറ്റി അംഗം, ഡോ. കെആർ നാരായണൻ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് കോട്ടയം അഭയാ സൊസൈറ്റി ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഏക മകൻ കിരൺ ഗോഹട്ടി ഐഐടി വിദ്യാർത്ഥിയാണ്.