എന്താണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി?
ഇന്ത്യയെ ഗൾഫ് മേഖലയുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ ഇടനാഴിയും ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന വടക്കൻ ഇടനാഴിയും പുതിയ സാമ്പത്തിക ഇടനാഴിയിലുണ്ടാകും. കപ്പൽ, റെയിൽ ഗതാഗത ശൃംഖല, റോഡ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. രണ്ട് ഘട്ടങ്ങളിലായാണ് ഈ ഇടനാഴി നടപ്പാക്കാന്‍ ആലോചിക്കുന്നത്.
Also Read- G20 Summit 2023 | ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു
തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്ന് ഇന്ത്യയിലൂടെ പശ്ചിമേഷ്യയിലേക്കോ മിഡിൽ ഈസ്റ്റ് യൂറോപ്പിലേക്കോ ഉള്ള ഒരു റെയിൽ പാതയും ഇതിൽ ഉൾപ്പെടും. ഇന്ത്യയിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റം വർധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ റെയിൽവേ റൂട്ടിൽ വൈദ്യുതിക്കും ഡിജിറ്റൽ കണക്റ്റിവിറ്റിക്കുമായി കേബിൾ സ്ഥാപിക്കാനും ക്ലീൻ ഹൈഡ്രജൻ കയറ്റുമതിക്കുള്ള പൈപ്പ് സ്ഥാപിക്കാനും ആലോചിക്കുന്നുണ്ട്.
advertisement
പ്രാദേശിക വിതരണ ശൃംഖലകൾ സുരക്ഷിതമാക്കാനും, വ്യാപാര ഇടപാടുകൾ എളുപ്പമാക്കാനും, പാരിസ്ഥിതിക, സാമൂഹിക, കാര്യങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പദ്ധതിയുടെ ചെലവ്, ധനസഹായം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഇതുവരെ കൂടുതൽ വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും, പുതിയ ഇടനാഴിയുടെ പ്രഖ്യാപന വേളയിൽ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 20 ബില്യൺ ഡോളർ പദ്ധതിക്കായി നൽകുമെന്ന് സൂചിപ്പിച്ചിരുന്നു.
പദ്ധതി ഇന്ത്യക്ക് ഗുണം ചെയ്യുന്നത് എങ്ങനെ?
മിഡിൽ ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ ഉപഭൂഖണ്ഡങ്ങളിലെ കൂടുതൽ രാജ്യങ്ങളുമായി കൂടുതൽ വിപുലമായ വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള മാർഗങ്ങൾ ഇന്ത്യ അന്വേഷിച്ചു വരികയായിരുന്നു. എന്നാൽ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് പാകിസ്ഥാന്റെ സാന്നിധ്യം മൂലം ഇന്ത്യ ചില തടസങ്ങളും നേരിട്ടിരുന്നു. ഇറാനിലൂടെ യൂറോപ്പിലേക്കും മിഡിൽ ഈസ്റ്റിലേക്കും വിശ്വസനീയമായ ഒരു കണക്റ്റിവിറ്റി സൃഷ്ടിക്കാൻ ദീർഘനാളായി ഇന്ത്യ ശ്രമിച്ചു വരികയായിരുന്നു.
ഈ സാമ്പത്തിക ഇടനാഴി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്നും രാജ്യം ഇതിനായി വൻതുക നിക്ഷേപിക്കുന്നില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പദ്ധതിയിൽ നിന്നും തങ്ങൾക്ക് പരമാവധി പ്രയോജനം ലഭിക്കണം എന്ന കാര്യം കൂടിയാലോചനകൾക്കിടെ ഊന്നിപ്പറഞ്ഞിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
ഈ ആശയം ആരുടേതാണ്?
ഇന്ത്യയ്ക്കും മിഡിൽ ഈസ്റ്റിനും അമേരിക്കക്കും ഇടയിൽ ഒരു കപ്പൽ, റെയിൽ കണക്റ്റിവിറ്റി എന്ന ആശയം ഇക്കഴിഞ്ഞ മെയ് മാസം സൗദി അറേബ്യയിൽ യുഎസ്, സൗദി, യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ വെച്ചാണ് ഉരുത്തിരിഞ്ഞത്.