ഇന്ന് ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രണമത്തിൽ സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇറാന്റെ നിഗമനം. വെള്ളിയാഴ്ച പുലർച്ചെയോടെ നടന്ന ഇസ്രയേൽ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്നും ഇറാൻ സൈന്യവും വ്യക്തമാക്കിയതിന് പിന്നാല ഖോമിലെ ജാംകരൻ പള്ളിക്ക് മുകളിൽ ഇറാൻ പ്രതികാരത്തിന്റെ പ്രതീകാത്മക ചുവന്ന പതാക ഉയർത്തി. ഇതിന് ശേഷമാണ് തിരിച്ചടി ആരംഭിച്ചത്.
എന്താണ് ഇറാൻ്റെ ചുവന്ന പതാക?
ഇറാനിൽ നീതിയുടെയും പ്രതികാരത്തിന്റെയും ശക്തമായ പ്രതീകമാണ് ചെങ്കൊടി. അന്യായമായി രക്തം ചിന്തപ്പെടുമ്പോൾ പലപ്പോഴും ഈ ചുവന്ന പതാക ഉയർത്താറുണ്ട്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണമായ ഓപ്പറേഷൻ റൈസിംഗ് ലയൺ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് പതാക ഉയർന്നത്. ഇറാനിലെ ജാംകരൻ മുസ്ലീം പള്ളിയിലാണ് ഈ പതാക ഉയർത്തിയത്.
advertisement
അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ആക്രമണത്തിന് പിന്നാലെ നൂറുകണക്കിന് ഇറാനികൾ ഈ പള്ളിയ്ക്ക് ചുറ്റും ഒത്തു കൂടുകയും ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഇസ്രായേലിന് മറുപടി നൽകണമെന്നാണ് ജനങ്ങൾ മുദ്രാവാക്യത്തിലൂടെ അറിയിച്ചത്.
ഇതിന് മുമ്പ് ചുവന്ന പതാക ഉയർന്നത് എപ്പോഴൊക്കെ?
ഇതിന് മുമ്പ് ഇറാനിൽ ചുവന്ന പതാക ഉയർന്നത് 2024-ലും 2020-ലുമാണ്. ഹമാസ് നേതാവ് ഇസ്മായേൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം ചുവന്ന പതാക ഉയർത്തിയത്. 2020-ൽ ഐജിആർസി കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടപ്പോഴും ചുവന്ന പതാക ഉയർത്തിയിട്ടുണ്ട്.