TRENDING:

അഴികളില്ലാത്ത ജനലിലൂടെ രക്ഷപെട്ടത് ആര്? വണ്ടിപ്പെരിയാർ കേസിൽ അന്വേഷണത്തെ കോടതി വിമർശിച്ചത് എന്തുകൊണ്ട് ?

Last Updated:

അഞ്ചരവയസ്സുകാരിയുടേത് കൊലപാതകം തന്നെയാണെന്ന് പറയുന്ന വിധിയുടെ പകർപ്പിൽ അന്വേഷണ ഉദ്യോഗസ്ഥന് എതിരെ രൂക്ഷമായ പരാമർശങ്ങളാണ് ഉള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ വേഗതയും ശുഷ്കാന്തിയും നീതിബോധവും കണ്ട് കയ്യടിച്ചവർ വണ്ടിപ്പെരിയാർ വിധിയിൽ നിശ്ശബ്ദരാണ്, സമൂഹ മാധ്യമങ്ങളിലും അതിന് പുറത്തും.
advertisement

ആലുവ കേസിൽ 26 ദിവസം കൊണ്ട് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കി എറണാകുളം പോക്സോ കോടതി അതിവേഗം വിധി പറഞ്ഞു.കൊലപാതകം, ബലാത്സംഗം അടക്കം 16 വകുപ്പുകൾ ചുമത്തിയ 28 കാരനായ പ്രതിക്ക് ജഡ്ജ് കെ സോമൻ 2023 നവംബർ 14 ന് വധശിക്ഷ നൽകി.

ശിശുദിനത്തിൽ വന്ന 'ആലുവ വിധി' കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ച് കൃത്യം ഒരു മാസത്തിൽ അടുത്ത 14 നാണ് കട്ടപ്പനയിലെ അതിവേഗ സ്‌പെഷൽ കോടതി സമാന കുറ്റങ്ങളുള്ള വണ്ടിപ്പെരിയാർ കേസിൽ വിധി പ്രസ്താവിച്ചത്. പക്ഷെ വലിയ ഒരു വ്യത്യാസം.ആലുവയിലെ അഞ്ചുവയസുകാരിയുടെ കേസിൽ ബീഹാർ സ്വദേശി അസ്ഫാക് ആലത്തിന് തൂക്കുകയർ നൽകിയ കുറ്റങ്ങളൊന്നും വണ്ടിപ്പെരിയാറിലെ അഞ്ചര വയസുകാരിയുടെ കേസിൽ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

advertisement

അങ്ങനെ 21 വയസിൽ ഇടുക്കി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 598/2021 ൽ കുറ്റാരോപിതനായ അർജുനെ കോടതി വെറുതെ വിട്ടു. 2022 മാർച്ച് 24 ന് വിചാരണ ആരംഭിച്ച കേസിൽ കൊലപാതകവും ബലാത്സംഗവും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കട്ടപ്പന സ്‌പെഷ്യൽ കോടതി ജഡ്‌ജി വി. മഞ്ജു വിലയിരുത്തി. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷം വന്ന വിധിയിൽ അന്വേഷണ ഉദ്യോഗസ്ഥനു കേസില്‍ വീഴ്ച പറ്റിയതായി കോടതി പറയുന്നുണ്ട്.

advertisement

അന്വേഷണത്തിലെ പാളിച്ചകൾ

അഞ്ചരവയസ്സുകാരിയുടേത് കൊലപാതകം തന്നെയാണെന്ന് പറയുന്ന വിധിയുടെ പകർപ്പിൽ അന്വേഷണ ഉദ്യോഗസ്ഥൻ (PW 43-പ്രോസിക്യൂഷൻ സാക്ഷി ) അന്നത്തെ വണ്ടിപ്പെരിയാർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. ഡി. സുനിൽ കുമാറിന് എതിരെ രൂക്ഷമായ പരാമർശങ്ങളാണ് ഉള്ളത്.കുട്ടിയുടെ ലൈംഗിക ചൂഷണം നടന്നെന്നുള്ള വാദവും കോടതി അംഗീകരിക്കുന്നുണ്ട്. എന്നാൽ നിർദാക്ഷിണ്യം നീതി നടപ്പാക്കുന്ന കോടതിക്ക് മുമ്പിൽ സംശയാതീതമായി തെളിവുകൾ ഹാജരാകുന്നതിൽ പ്രോസിക്യൂഷനും പരാജയപ്പെട്ടു.

അന്വേഷണത്തിലെ പാളിച്ചകൾ (Defects in Investigation) എന്ന തലക്കെട്ടിൽ നാല് പേജുകളിലായി എട്ട് പോയന്റുകളിലെ പരാമർശങ്ങൾ.തെളിവ് ശേഖരിച്ചതില്‍ വീഴ്ചയുണ്ടായി.അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത തന്നെ സംശയകരമെന്നും കോടതി പറയുന്നു.

advertisement

പൂജാമുറിയുടെ അഴി ഇല്ലാത്ത ജനലിലൂടെ രക്ഷപെട്ടത് ആര് ?

വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ നിന്ന് അധികം അകലെയല്ല ചുരക്കുളം എസ്റ്റേറ്റ്. അവിടത്തെ രണ്ടു തൊഴിലാളികളുടെ മകളായ പെൺകുഞ്ഞിന്റെ ജഡം ലയത്തിലെ (തൊഴിലാളികളുടെ വാസസ്ഥലം ) മുറിയിൽ കണ്ടെത്തിയത് 2021 ജൂൺ 30നാണ്.ഇതേ ലയത്തിലെ താമസക്കാരനാണ് പ്രതിയും.കുടുംബം പൂജാമുറിയായി ഉപയോഗിക്കുന്ന മുറിയിലാണ് കെട്ടിത്തൂക്കിയ നിലയിൽ ജഡം കണ്ടെത്തിയത്. .

കൊലപാതകം നടന്ന് ഒരുദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത്, കോടതി വിധിപകർപ്പിൽ പറയുന്നു.വിരളടയാള വിദഗ്ധനെ കൊണ്ട് സംഭവസ്ഥലം പരിശോധിപ്പിക്കുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ട്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ യാതൊരു ശ്രദ്ധയും ഇല്ലാതെ തെളിവുകൾ സൂക്ഷിച്ചു എന്നും ശാസ്ത്രീയമായ തെളിവുകൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടെന്നും കോടതി വിധിപകർപ്പിൽ പറയുന്നു.

advertisement

പൂജാമുറിയിലെ കുറ്റകൃത്യത്തിനു ശേഷം പ്രതി രക്ഷപെട്ടു എന്ന് ആരോപിക്കപ്പെടുന്നത് അഴികൾ ഇല്ലാത്ത ജനലിലൂടെയാണ്. കുട്ടിയെ എടുക്കുമ്പോൾ ഇത് അല്പം തുറന്ന് കിടന്നതായി സാക്ഷി മൊഴിയുണ്ട്.എന്നാൽ പിറ്റേന്ന് സ്ഥലത്തുവന്ന അന്വേഷണ ഉദ്യോഗസ്ഥൻ ഇത് കൊളുത്തിട്ട നിലയിൽ ആയിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ പൊരുത്തക്കേട് അന്വേഷിക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് എന്ന് കോടതി നിരീക്ഷിച്ചു.

കോടതിയുടെ വാക്കുകൾ

"അന്വേഷണത്തിലുടനീളം അലസമായ നിലപാട് എടുത്തതും ഒരു അന്വേഷണ ഉദ്യോഗസ്‌ഥനിൽ നിന്ന് പ്രതീക്ഷിക്കുന്ന കൗശലവും ബുദ്ധിവൈഭവവും ഇല്ലാതെ തെളിവു ശേഖരണത്തിന് അശാസ്ത്രീയവുമായ മാർഗങ്ങൾ സ്വീകരിച്ചതും കേസിലെ കണിശതയോടെയും കൃത്യതയോടെയും ഉള്ള തെളിവുശേഖരണത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട് എന്ന് കോടതി കണ്ടെത്തുന്നു."

Thus I find that adopting lethargic attitude throughout the investigation and unscientific way of collecting of evidence without showing the shrewdness and intelligence expected from an investigating officer seriously affected the prompt and timely collection of evidence in the case (Judgment. page 75)

മധുരത്തിൽ പൊതിഞ്ഞ ചൂഷണം

മിഠായിയും ഭക്ഷണസാധനങ്ങളും മറ്റും നൽകി സ്നേഹത്തോടെ പെരുമാറിയ പ്രതി പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു.

"കുട്ടി ഷാളിൽ തൂങ്ങി മരിച്ചതല്ലെ ? എന്തിനാണ് കേസ് എടുക്കുന്നത് ? എന്തിനാണ് പോസ്റ്റ് മോർട്ടം ഒക്കെ ചെയ്യുന്നത്. അവൾ കുഞ്ഞല്ലേ?' എന്ന് പ്രതി ഒന്നാം സാക്ഷിയോട് ചോദിച്ചിരുന്നതായി വിധി പകർപ്പിൽ ഉണ്ട്. കുഞ്ഞിന്റെ സംസ്കാര ശേഷം മറ്റാരേക്കാളും അധികം കരഞ്ഞ പ്രതി 'ഒരു തെറ്റ് പറ്റിപ്പോയി. ക്ഷമിക്കണം' എന്ന് ഒന്നാം സാക്ഷിയോട് പറഞ്ഞതായും വിധിയിൽ ഉണ്ട്.

78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എന്നാൽ ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾക്കായി സംഭവപരമ്പര മുറിഞ്ഞുപോകാത്ത തരത്തിൽ കോർത്തിണക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന് കോടതി വിലയിരുത്തി.

രാഷ്ട്രീയവും ആരോപണവും

പ്രതി കുറ്റം സമ്മതിച്ചതാണെന്നും പിന്നെയെങ്ങനെ രക്ഷപ്പെട്ടെന്നും ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. ചോദിച്ചു. ഡിവൈഎഫ്ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ സിപിഎം ഇടപെട്ടുവെന്ന് ആരോപിച്ച അദ്ദേഹം വധശിക്ഷയ്ക്കു വിധിക്കുന്ന തരത്തിൽ ശിക്ഷാനടപടികൾ പോകണമെന്നും ആ തരത്തിലേക്കു ജനമനസ്സാക്ഷി ഉണരണമെന്നും ആവശ്യപ്പെട്ടു.

‘‘വിധി കേട്ട് കുട്ടിയുടെ അമ്മ കോടതിയിൽ നിലവിളിക്കുന്ന ദൃശ്യങ്ങൾ കരളലിയിക്കുന്നതാണ്. ഏറെ പ്രതിഷേധകരവും ദുഃഖകരവുമായുള്ള വാർത്തയാണിത്. വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രതികളെ ശിക്ഷിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകണം. തെളിവുകൾ പ്രകടമായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടില്‍ കൊലപാതകവും ബലാത്സംഗവും തെളിയിക്കപ്പെട്ടതാണ്. പ്രതി അന്നു കുറ്റം സമ്മതിച്ചതുമാണ്. അങ്ങനെ നിന്നിടത്തുനിന്ന് പ്രതിയെങ്ങനെ രക്ഷപ്പെട്ടു?" ഡീൻ ചോദിച്ചു.

'ഇതു പ്രോസിക്യൂഷന്റെ വീഴ്ചയല്ലേ? കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച പൊലീസിന്റെ വീഴ്ചയല്ലേ?. ഇതു സംബന്ധിച്ച് ഉന്നത ഗൂഢാലോചനയുണ്ട്. പൊലീസുകാരും പ്രോസിക്യൂഷനുമൊക്കെ സാധാരണ ഒരു പ്രതിയെ രക്ഷിക്കാൻ ശ്രമിക്കാറില്ല. അതിനുപിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ട്. ഡിവൈഎഫ്ഐയുടെ നേതാവാണ് പ്രതി. ആ നേതാവിനെ സംരക്ഷിക്കാൻ സിപിഎം ജില്ലാനേതൃത്വം ഇടപെട്ടുവെന്ന ആക്ഷേപം ഞാൻ ഉന്നയിക്കുന്നു,’’ പാർലമെന്റ് സമ്മേളനത്തിനായി ഡൽഹിയിലെത്തി എംപി പ്രസ്താവിച്ചു.

എംപിയുടെ ആരോപണം നിഷേധിച്ച സിപിഎം ജില്ലാ ജില്ലാ നേതൃത്വം തങ്ങൾ കുട്ടിയുടെ കുടുംബത്തിനൊപ്പം നിലകൊള്ളുന്നു എന്ന് വ്യക്തമാക്കി.

കോടതി വളരെ ക്ലിയറായി നീതി നടപ്പാക്കിയെന്ന് പ്രതിഭാഗം

'അവൻ ഡി വൈ എഫ് ഐ നേതാവാണ് എന്നല്ലാതെ എന്ത് തെളിവാ പോലീസിന്റെ കയ്യിൽ ഉണ്ടായിരുന്നത് ?' വിധിക്കു ശേഷം പ്രതിഭാഗം അഭിഭാഷകനായ എസ് കെ ആദിത്യൻ മാധ്യമങ്ങളോട് ചോദിച്ചു.വളരെ വ്യക്തമായി കോടതി നീതി നടപ്പാക്കി. കോടതി വളരെ ക്ലിയറായി നീതി നടപ്പാക്കി. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നയൊരാളെ പ്രതിയാക്കുകയാണ് ചെയ്തത്. പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും മറ്റും ചേർന്ന് കൃത്രിമ തെളിവുണ്ടാക്കുകയും കള്ള സാക്ഷികളെ ഒരുക്കുകയുമായിരുന്നു. എല്ലാ തെളിവുകളും ഇഴകീറി പരിശോധിച്ചാണ് കോടതി ഇത്തരമൊരു ഉത്തരവിലേക്ക് എത്തിയിരിക്കുന്നത്. കൃത്രിമ തെളിവുകളാണ് പൊലീസ് ഉണ്ടാക്കിയത്. എന്തു തെളിവാണ് പൊലീസിന്റെ കൈയിലുള്ളത്? യാതൊരുവിധി ശാസ്ത്രീയ തെളിവുകളും പൊലീസിന്റെ പക്കലുണ്ടായിരുന്നില്ല’’- അഭിഭാഷകൻ പറഞ്ഞു.

വിധിയിൽ ജനരോഷം ഉയർന്നതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ അപ്പീൽ പോകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഇഴകീറി പരിശോധിച്ച വിധി

വിധി വന്നപ്പോൾ നട്ടുച്ചയായി. കോടതിക്ക് പുറത്ത് പൊള്ളുന്ന വെയിലിൽ അതിനേക്കാൾ കത്തുന്ന മനസുമായി കാത്തു നിൽക്കുകയായിരിന്നു ജനം. രണ്ടാം നിലയിലെ കോടതി മുറിയിൽ നിന്ന് പോലീസ് ആ 23 കാരനെ രോഷാകുലമായ ജനക്കൂട്ടത്തിൽ നിന്നും അത്യന്തം സുരക്ഷിതമായി വാഹനത്തിലേക്ക് എത്തിക്കുന്ന ദൃശ്യം ഏറെ ചിന്തനീയമാണ്. ഈ കരുതലിന്റെ ഒരംശമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥ നായ പോലീസ് ഓഫിസർ രണ്ട് പാവപ്പെട്ട തോട്ടം തൊഴിലാളികളുടെ ദത്തുപുത്രിയായ അഞ്ചര വയസുകാരിയോട് മരണശേഷം കാണിച്ചിരുന്നുവെങ്കിൽ ഡിസംബർ 14 ലെ വിധി മറ്റൊന്നാവുമായിരുന്നു എന്നതിന് കോടതിയുടെ വിധി പകർപ്പ് തന്നെ തെളിവ്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
അഴികളില്ലാത്ത ജനലിലൂടെ രക്ഷപെട്ടത് ആര്? വണ്ടിപ്പെരിയാർ കേസിൽ അന്വേഷണത്തെ കോടതി വിമർശിച്ചത് എന്തുകൊണ്ട് ?
Open in App
Home
Video
Impact Shorts
Web Stories