TRENDING:

സിറിയൻ സര്‍ക്കാര്‍ അലവൈറ്റുകളെ വേട്ടയാടുന്നതെന്തുകൊണ്ട്?

Last Updated:

സുന്നി മുസ്ലിങ്ങളും അലവൈറ്റ് വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ സംഘര്‍ഷങ്ങളില്‍ ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണവാഴ്ച തകര്‍ന്നതോടെ സിറിയയില്‍ പ്രക്ഷോഭങ്ങളും സംഘര്‍ഷങ്ങളും അറുതിയില്ലാതെ തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ 1000ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയുടെ നേതൃത്വത്തിലുള്ള സുരക്ഷാ സേനയും അസദിന്റെ അനുയായികളും തമ്മിലുള്ള സംഘര്‍ഷം സിറിയയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതോടെ സുന്നി മുസ്ലിങ്ങളും അലവൈറ്റ് വിഭാഗവും തമ്മിലും ഏറ്റുമുട്ടാന്‍ തുടങ്ങി. ഈ സംഘര്‍ഷങ്ങളില്‍ ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്.
News18
News18
advertisement

ബ്രിട്ടണ്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ കണക്കുപ്രകാരം സംഘര്‍ഷങ്ങളില്‍ 745 സാധാരണക്കാരും 125 സുരക്ഷാഭടന്‍മാരും അസദ് അനുകൂല തീവ്രവാദ സംഘടനകളിലെ 148 പേരും കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ലടാകിയ നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കുടിവെള്ളവും വൈദ്യുതിയും വിഛേദിക്കപ്പെട്ടുവെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘര്‍ഷത്തിനിടെ വേട്ടയാടപ്പെടുന്ന സിറിയയിലെ അലവൈറ്റുകള്‍ ആരാണ്? അലവൈറ്റുകളും ഹയാത്ത് തഹ്രീര്‍ അല്‍-ഷാം (എച്ച്ടിഎസ്) എന്നിവര്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ കാരണങ്ങള്‍ നമുക്ക് പരിശോധിക്കാം.

ആരാണ് അലവൈറ്റുകള്‍ ?

advertisement

ഷിയ ഇസ്ലാമിന്റെ ഒരു ഹെറ്ററോഡോക്‌സ് പതിപ്പായി അലവിസത്തെ തരംതിരിക്കാം. ആത്മാക്കളുടെ കൈമാറ്റത്തില്‍ (metempsychosis ) വിശ്വസിക്കുന്നവരാണിവര്‍. എന്നാല്‍ ഷിയ-സുന്നി സമുദായത്തിലെ യാഥാസ്ഥിതിക മുസ്ലീങ്ങള്‍ ഈ ആശയത്തെ ശക്തമായി എതിര്‍ക്കുന്നു.

1932ല്‍ പലസ്തീനിലെ ഗ്രാന്‍ഡ് മുഫ്തി ഹജ്ജ് അമിന്‍ അല്‍-ഹുസൈനി സിറിയയിലെ ഫ്രഞ്ച് കൊളോണിയലിസത്തിന്റെ അടിത്തറ തകര്‍ക്കാനായി ഒരു ഫത്വ പുറപ്പെടുവിച്ചിരുന്നു. അതുവരെ അലവൈറ്റുകള്‍ മുസ്ലീങ്ങളായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നില്ല.

1963-ല്‍ ബാത്ത് പാര്‍ട്ടിയുടെ ഉദയത്തോടെ അലവൈറ്റുകളുടെ സാമൂഹിക സാഹചര്യം മെച്ചപ്പെട്ടു. 1970ല്‍ ഹാഫിസ് അല്‍- അസദ് അധികാരത്തില്‍ വന്നതിന് ശേഷം സൈന്യം, രഹസ്യാന്വേഷണം, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയില്‍ പ്രധാനസ്ഥാനങ്ങളിലേക്ക് അലവൈറ്റ് വിഭാഗത്തില്‍ നിന്നുള്ളവരെ നിയമിച്ചു.

advertisement

അലവൈറ്റുകള്‍ സിറിയയിലെ ജനസംഖ്യയുടെ 12 ശതമാനം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചരിത്രപരമായി അലവൈറ്റുകള്‍ സിറിയയുടെ തീരദേശപ്രദേശങ്ങളില്‍ പ്രത്യേകിച്ച് ലതാകിയ, ടാര്‍ട്ടസ് പ്രവിശ്യകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 50 വര്‍ഷത്തിലേറെ സിറിയ ഭരിച്ച അസദ് കുടുംബം അലവൈറ്റ് വിഭാഗത്തില്‍പ്പെടുന്നവരാണ്.

മത-വംശീയ ന്യൂനപക്ഷങ്ങള്‍ ആരാണ് ?

മുസ്ലിം വിഭാഗങ്ങളായ ഷിയ (3 ശതമാനം), സുന്നി (70ശതമാനം) എന്നിവരെ കൂടാതെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, സിറിയക് ഓര്‍ത്തഡോക്‌സ്, മാരോനൈറ്റ്, സിറിയന്‍ കത്തോലിക്ക, റോമന്‍ കത്തോലിക്ക, ഗ്രീക്ക് കത്തോലിക്ക തുടങ്ങിയ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും സിറിയയില്‍ തിങ്ങിപ്പാര്‍ക്കുന്നു.

advertisement

സുന്നി മുസ്ലീങ്ങളില്‍ ഭൂരിഭാഗം പേരും സിറിയയിലെ വടക്കുകിഴക്കന്‍ ഇദ്‌ലിബ് മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എച്ച്ടിഎസിന്റെ ശക്തികേന്ദ്രമായി ഈ പ്രദേശം മാറി. കുടിയിറക്കപ്പെട്ട 40 ലക്ഷം സുന്നികളുടെയും ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും ഡ്രൂസിന്റെയും താല്‍ക്കാലിക വാസസ്ഥലമായി ഇവിടം മാറി.

ഇവരെ കൂടാതെ സിറിയയില്‍ ഡ്രൂസ്, പലസ്തീന്‍ വംശജര്‍, ഇറാഖി വംശജര്‍, അര്‍മേനിയന്‍, ഗ്രീക്ക്, അസീറിയന്‍, സര്‍ക്കാസിയന്‍, മണ്ഡിയന്‍, തുര്‍ക്കോമാന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ നിരവധി വംശീയ ന്യൂനപക്ഷങ്ങളും താമസിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും ഡമാസ്‌കസിലും പരിസരപ്രദേശങ്ങളിലുമാണ് താമസിക്കുന്നത്. വടക്കുകിഴക്കന്‍ സിറിയയിലെ റോജാവ എന്നറിയപ്പെടുന്ന കുര്‍ദിഷ് ഭരണത്തിലുള്ള സ്വയംഭരണ ഭരണകൂടത്തിന് കീഴില്‍ സിറിയയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ കുര്‍ദിഷ് ജനത കഴിയുന്നു. ഡമാസ്‌കസിലും കുര്‍ദ് വംശജര്‍ താമസിക്കുന്നുണ്ട്. കുര്‍ദുകള്‍ക്കിടയിലെ ന്യൂനപക്ഷമാണ് യസീദികള്‍.

advertisement

സിറിയയിലെ ജനസംഖ്യാ കണക്കെടുപ്പ് വളരെ ബുദ്ധിമുട്ടേറിയതാണ്. എന്നിരുന്നാലും 2019 ഡിസംബര്‍ 10ലെ കണക്ക് അനുസരിച്ച് സിറിയയില്‍ 29.2 മില്യണ്‍ പേരാണ് താമസിക്കുന്നതെന്ന് സിറിയയുടെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. യുഎസിന്റെ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ തയ്യാറാക്കിയ വേള്‍ഡ് ഫാക്റ്റ്ബുക്കിന്റെ കണക്കനുസരിച്ച് 2021 ജൂലൈ വരെ ഏകദേശം 20.4 മില്യണ്‍ ജനങ്ങള്‍ സിറിയയില്‍ താമസിച്ചിരുന്നുവെന്നാണ് പറയുന്നത്. ലോകബാങ്കിന്റെ കണക്കുപ്രകാരം 2023ല്‍ സിറിയയിലെ ജനസംഖ്യ 23 ദശലക്ഷമായെന്നും മറ്റുചില റിപ്പോര്‍ട്ടുകള്‍ പ്രകാരം സിറിയയില്‍ 25 ദശലക്ഷത്തിനടുത്ത് ജനങ്ങള്‍ താമസിക്കുന്നുണ്ടെന്നും പറയുന്നു.

എച്ച്ടിഎസും അലവൈറ്റും തമ്മിലുള്ള പോരാട്ടം

ഭരണകൂട അടിച്ചമര്‍ത്തലുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ നടത്താന്‍ അലവൈറ്റുകളെ ഉപയോഗിച്ചിരുന്നു. 1982ല്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ നടന്ന ഒരു പ്രക്ഷോഭത്തെ അസദ് ലക്ഷ്യമിടുകയും ഇതിനുപിന്നാലെ നടന്ന ഹമാ കൂട്ടക്കൊലയും ഇതിലുള്‍പ്പെടുന്നു. 30000 പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്.

ഹാഫിസിന്റെ മകനായ ബാഷര്‍ അല്‍ അസദ് ഈ തന്ത്രം വര്‍ഷങ്ങളോളം തുടര്‍ന്നു. 2011ല്‍ ഇദ്ദേഹം അലവൈറ്റുകളെ തന്റെ കലാപവിരുദ്ധ നയത്തിന്റെ നെടുംതൂണാക്കി മാറ്റി.

നീണ്ട 13 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന് പിന്നാലെ 2024 നവംബറോടെ അലവൈറ്റ് വിഭാഗത്തിന്റെ ജനസംഖ്യ കുത്തനെ കുറഞ്ഞു. ഈ വിഭാഗത്തിലെ 20നും 50നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരില്‍ മൂന്നിലൊന്ന് പേരും യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടു.

സിറിയയിലെ പുതിയ സര്‍ക്കാര്‍ അലവൈറ്റുകളെ അസദ് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളായാണ് കാണുന്നത്. അതിന്റെ ഭാഗമായി പ്രതികാര നടപടികളും ആരംഭിച്ചു. എച്ച്ടിഎസ് നേതാവ് അഹമ്മദ് അല്‍ ഷറായുടെ ആഭ്യന്തരയുദ്ധകാലത്തെ പ്രസംഗങ്ങള്‍ ഈ വിഭാഗീയത ശക്തമാക്കി. 2015ല്‍ അല്‍ഖ്വയ്ദയുടെ സിറിയന്‍ ശാഖയുടെ നേതാവെന്ന നിലയില്‍ ലതാകിയയിലെ അലവൈറ്റ് ഗ്രാമങ്ങളില്‍ ആക്രമണങ്ങള്‍ നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. പിന്നീട് ഇദ്‌ലിബ് പ്രവിശ്യയെ എച്ച്ടിഎസിന്റെ ശക്തികേന്ദ്രമാക്കി മാറ്റാനും അദ്ദേഹം പരിശ്രമിച്ചു.

ബാഷര്‍ അല്‍ അസദ് ഭരണത്തില്‍ നിന്ന് പടിയിറങ്ങിയതോടെ അല്‍ ഷറാ പ്രസിഡന്റായി അധികാരത്തിലെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന നയങ്ങള്‍ അലവൈറ്റുകളെ ലക്ഷ്യമിടുന്നവയായിരുന്നു. 2024 ഡിസംബര്‍ 25ന് അലപ്പോയിലെ അലവൈറ്റ് ആരാധനാലയം നശിപ്പിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് അലവെറ്റുകള്‍ തെരുവിലേക്കിറങ്ങേണ്ടിവന്നു.

എന്നാല്‍ അലവൈറ്റുകള്‍ പുതിയ സിറിയയുടെ ഭാഗമാകുമെന്നും അവര്‍ക്കെതിരെ പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നും എച്ച്ടിഎസ് പറയുന്നുണ്ട്. അസദ് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരെ നീതിന്യായ വ്യവസ്ഥയിലൂടെ ശിക്ഷിക്കുമെന്നും എച്ച്ടിഎസ് ആവര്‍ത്തിച്ചു.

ഇരുവിഭാഗങ്ങളുടെയും പ്രതികാരനടപടികള്‍

വെള്ളിയാഴ്ചയോടെ അസദിന്റെ പിന്തുണക്കാരായ അലവൈറ്റ് വിഭാഗത്തിലെ അംഗങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ അനുകൂല സുന്നി മുസ്ലീങ്ങള്‍ തോക്കെടുത്ത് പ്രതികാര കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ടത് എച്ച്ടിഎസിന് കനത്ത പ്രഹരമായി.

തെരുവുകളിലും വീടിന്റെ ഗേറ്റിനുമുന്നിലും നിന്നിരുന്ന അലവൈറ്റ് വിഭാഗത്തിലെ ഭൂരിഭാഗം പുരുഷന്‍മാരെയും തോക്കുധാരികള്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് അലവൈറ്റ് ഗ്രാമങ്ങളിലെ ജനങ്ങള്‍ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. അലവൈറ്റ് വിഭാഗത്തിന്റെ വീടുകള്‍ കൊള്ളയടിക്കപ്പെട്ടുവെന്നും നിരവധി വീടുകള്‍ തീയിട്ട് നശിപ്പിച്ചുവെന്നും ചിലര്‍ പറഞ്ഞു.

സിറിയയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ പട്ടണങ്ങളില്‍ ഒന്നാണ് ബനിയാസ്. പലരുടെയും മൃതദേഹങ്ങള്‍ തെരുവുകളിലും വീടുകളിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയാണെന്നും അവ സംസ്‌കരിക്കാന്‍ കഴിയുന്നില്ലെന്നും പലരും പറഞ്ഞു.

സംഘര്‍ഷത്തിനിടെ കുടുംബത്തോടൊപ്പം രക്ഷപ്പെട്ട 57കാരിയായ അലി ഷെഹ തന്റെ വീടിനടുത്ത് നടന്ന കൂട്ടക്കൊലയെപ്പറ്റി വിവരിച്ചു. അവിടെ കുറഞ്ഞത് 20 അലവൈറ്റുകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് ഷെഹ വ്യക്തമാക്കി. ചിലരെ അവരുടെ സ്ഥാപനങ്ങള്‍ക്കുള്ളില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. മറ്റുചിലരെ വീടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയെന്നും അവര്‍ വ്യക്തമാക്കി.

തീരപ്രദേശങ്ങളിലെ ആളുകളുടെ ചരമക്കുറിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സിറിയയിലെ ഫേസ്ബുക്കില്‍ നിറഞ്ഞത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. അലവൈറ്റ് ജനങ്ങളെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലകളാണിതെന്ന് അസദ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനായ അബ്ദുള്‍റഹ്‌മാന്‍ പറഞ്ഞു.

സര്‍ക്കാര്‍ അനുകൂലികള്‍ സിറിയയിലെ ജനങ്ങളെ ഭയപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്നുവെന്ന് അലവൈറ്റ് ഇസ്ലാമിക് കൗണ്‍സില്‍ കുറ്റപ്പെടുത്തി.

ഇനി എന്താണ് സിറിയയുടെ ഭാവി ?

നിലവിലെ സര്‍ക്കാര്‍ തങ്ങളുടെ നയങ്ങളെ സംശയിക്കുന്നവരുമായും വടക്കുകിഴക്കന്‍ മേഖലയിലെ കുര്‍ദിഷ് നേതൃത്വത്തിലുള്ള അധികാരികളുമായും തെക്കുള്ള ഡ്രൂസ് ന്യൂനപക്ഷവുമായും അനുരഞ്ജനത്തിന് ശ്രമിക്കുകയാണ്. ദശലക്ഷക്കണക്കിന് സിറിയന്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച് രാജ്യം വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുന്നത്തിനായി ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ യുഎസിനോടും യൂറോപ്പിനോടും നിലവിലെ സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ സംവിധാനം സിറിയയില്‍ പ്രാബല്യത്തിലാകുന്നതിന് മുമ്പ് ഉപരോധങ്ങള്‍ നീക്കുന്നത് സ്വേച്ഛ്യാധിപത്യ ഭരണത്തിന് വഴിയൊരുക്കുമെന്ന് യുഎസും യൂറോപ്പും ഭയപ്പെടുന്നു.

അതേസമയം സാധാരണക്കാരെയും തടവുകാരെയും ദ്രോഹിക്കുന്നവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അല്‍ ഷറ സിറിയന്‍ ജനതയോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യര്‍ത്ഥിച്ചു. അസദ് ഭരണകൂടത്തിന്റെ ചില അനുയായികളാണ് സംഘര്‍ഷത്തിന് തുടക്കമിട്ടതെന്നും ചില വിദേശ സംഘടനകള്‍ അവരെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ജഡ്ജിമാരുടെ ഒരു സമിതി അദ്ദേഹം രൂപീകരിച്ചുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സിറിയയിലെ കൂട്ടക്കൊലകളുടെ കുറ്റവാളികളെ ശിക്ഷിക്കണമെന്ന് സിറിയന്‍ ഭരണകൂടത്തോട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് റൂബിയോയുടെ പരാമര്‍ശം. സിറിയയിലെ ക്രിസ്ത്യന്‍, ഡ്രൂസ്, അലവൈറ്റ്, കുര്‍ദിഷ് സമുദായങ്ങള്‍ ഉള്‍പ്പെടെയുള്ള മത-വംശീയ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം യുഎസ് നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
സിറിയൻ സര്‍ക്കാര്‍ അലവൈറ്റുകളെ വേട്ടയാടുന്നതെന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories