എഴുപതുകളില്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ ആദര്‍ശത്തിന്റെ മുഖവും പരിവര്‍ത്തനവാദി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്ന എം എ ജോണിന്റെ പേരിലെ പുരസ്‌കാരം പ്രതിപക്ഷ നേതാവ് വിഡി സതീശന് നല്‍കിയ ശേഷമായിരുന്നു മുരളീധരൻ ഈ പരാമർശം നടത്തിയത്.
കെ കരുണാകരന്‍ പാർട്ടിയിൽ അതിശക്തനും ഒടുവിൽ മുഖ്യമന്ത്രിയുമായിരുന്ന 1991- 94 കാലത്താണ് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തരായിരുന്ന ജി കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എംഐ ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് ‘തിരുത്തല്‍വാദം’ എന്ന പുതിയ ഗ്രൂപ്പിന് രൂപം കൊടുത്തത്. അധികാര ശ്രേണിയിലും പാര്‍ട്ടിക്കുള്ളിലും കെ മുരളീധരന്‍ സ്വാധീനമുറപ്പിക്കുന്നതിനെതിരെ അമിതമായ പുത്രവാത്സല്യം ആരോപിച്ചാണ് മൂവർ സംഘം പുതിയ ഗ്രൂപ്പിന് രൂപം കൊടുത്തത്.
advertisement
ഈ ഗ്രൂപ്പിന്റെ വരവും പ്രഭാവവും കരുണാകരനെ രാഷ്ടീയമായും വ്യക്തിപരമായും ഏറെ ക്ഷീണിപ്പിച്ചിരുന്നു. തിരുവനന്തപുരം പള്ളിപ്പുറത്ത് ഉണ്ടായ കാറപകടത്തെ തുടര്‍ന്ന് കരുണാകരന്‍ ചികിത്സക്കായി അമേരിക്കയിലായിരുന്ന കാലത്താണ് പോര് രൂക്ഷമായത്.
'പ്രതിപക്ഷ നേതാവെന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായിട്ടാണ് വി ഡി സതീശന്‍ മുന്നോട്ട് പോകുന്നത്. യുവതലമുറയെ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനമാണ് സതീശന്റേത്. പാര്‍ട്ടിയുടെ നയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അതില്‍ അദ്ദേഹം വെള്ളം ചേര്‍ത്തിട്ടില്ല' മുരളീധരന്‍ പറഞ്ഞു.
സതീശനേയും തന്നെയും നിയമസഭയില്‍ പിന്‍ ബെഞ്ചിലിരുത്തിയെന്നും അങ്ങനെ ഇരുത്തിയവര്‍ പിന്നീട് പിന്നിലായെന്നും മുരളീധരന്‍ പരിഹസിച്ചു. 'നിയമസഭയില്‍ താനും സതീശനും എട്ട് വര്‍ഷം ഒരുമിച്ചുണ്ടായിരുന്നു. ഈ സമയം തങ്ങള്‍ രണ്ട് പേരും പിന്‍ബെഞ്ചുകാരായിരുന്നു. ഞങ്ങളെ പിന്‍ ബെഞ്ചിലിരുത്തിയവര്‍ പിന്നീട് പിന്‍ബെഞ്ചിലായി, അത് ചരിത്രത്തിന്റെ ഭാഗം.
2011 മുതൽ 2019 വരെയാണ് കെ മുരളീധരനും വിഡി സതീശനും ഒരുമിച്ച് സഭയിലുണ്ടായിരുന്നത്. 2011ൽ ആഭ്യന്തര മന്ത്രിയും 2016 ൽ പ്രതിപക്ഷ നേതാവുമായിരുന്നു രമേശ് ചെന്നിത്തല.
2009-10 കാലഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമായി സതീശന്‍ നേരിട്ട് സംവാദത്തിലേര്‍പ്പെട്ടു. സാധാരണ എല്ലാവരും വെല്ലുവിളിക്കുക മാത്രമാണ് ചെയ്യാറുള്ളത്, നേരിട്ട് സംവദിക്കാറില്ല. അന്നത്തെ ചര്‍ച്ചയില്‍ ധനമന്ത്രിയുടെ കണക്കുകള്‍ ഊതിവീര്‍പ്പിച്ചതാണെന്ന് തെളിവ് സഹിതം സതീശന് സ്ഥാപിക്കാനായി. യുഡിഎഫിന് അടിത്തറയുണ്ടാക്കിയ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ട സതീശന് ഒരു മന്ത്രി സ്ഥാനം ലഭിച്ചില്ല. കഴിവുള്ളവരെ എത്ര മാറ്റിനിര്‍ത്തിയാലും അവര്‍ സ്വയം മുന്നോട്ട് വരുമെന്നതിന് ഉദാഹരണമാണ് സതീശന്‍. പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹത്തെ തേടിയെത്തി. ഇനിയും പ്രമുഖ സ്ഥാനങ്ങളും അദ്ദേഹത്തിന് കൈവരട്ടെ എന്നും ആശംസിക്കുന്നു' മുരളീധരന്‍ പറഞ്ഞു.
'കെ കരുണാകരന്റെ ശാപം ഏറ്റുവാങ്ങാത്ത ഒരാളാണ് സതീശന്‍. അതുകൊണ്ട് അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തിന് ഭാവിയില്‍ തടസ്സമുണ്ടാകില്ല. അത് അദ്ദേഹത്തിന് ഗുണമാണ്. കെ കരുണാകരന്റെ മനസ്സ് വേദനപ്പിച്ചവരൊക്കെ പൊങ്ങേണ്ട നേരത്ത് താഴോട്ട് പതിച്ചിട്ടുണ്ട്. അത് അവർക്ക് കിട്ടിയ ശാപത്തിന്റെ ഫലമാണ്' മുരളീധരന്‍ പറഞ്ഞു.
റീല്‍സിലൂടെ പബ്ലിസിറ്റി നേടുന്ന യുവ നേതാക്കളേയും മുരളീധരന്‍ വിമര്‍ശിച്ചു. 'എം എ ജോണിനെപ്പോലെ ആദര്‍ശമുള്ള നേതാക്കള്‍ ഉണ്ടായിരുന്നുവെന്ന് പുതിയ തലമുറയും മനസ്സിലാക്കണം. എല്ലാവരും സ്വന്തം കാര്യം നോക്കി പോകുന്ന കാലമാണ്. അധ്വാനത്തേക്കാള്‍ കൂടുതല്‍ പബ്ലിസിറ്റിയാണ് എല്ലാവരും നോക്കുന്നത്. ഇറങ്ങി പ്രവര്‍ത്തിക്കാനല്ല താല്‍പര്യം റീല്‍സിനാണ് പ്രധാന്യം കൊടുക്കുന്നത്' മുരളീധരന്‍ പറഞ്ഞു.
താന്‍ ജ്യേഷ്ഠ സഹോദരന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചയാളാണ് മുരളീധരനെന്ന് വി ഡി സതീശനും പ്രതികരിച്ചു. മുരളീധരന്‍ പറയുന്നത് നൂറു ശതമാനവും സത്യസന്ധമായാണെന്നും ഇത് കാലം തെളിയിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
കരുണാകരനെതിരേ താനടക്കം നയിച്ച തിരുത്തൽ വാദം തെറ്റായിപ്പോയി എന്ന് തോന്നുന്നതായി രമേശ് ചെന്നിത്തല പിന്നീട് വ്യക്തമാക്കിയിരുന്നു. 'അമിതമായ പുത്രവാത്സല്യം ലീഡറെ വഴി തെറ്റിക്കുന്നു എന്ന ചിന്താഗതിയിൽ നിന്നാണ് തിരുത്തൽവാദം ഉടലെടുത്തത്. അന്ന് കേരളീയ പൊതു സമൂഹം മക്കൾ രാഷ്‌ട്രീയത്തിനെതിരായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. മക്കൾ രാഷ്‌ട്രീയം സാർവത്രികമാണ്. അതിലാരും തെറ്റു കാണുന്നില്ല. ഇഷ്ടമുള്ള രാഷ്‌ട്രീയം സ്വീകരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞ ചെന്നിത്തല അതിലിപ്പോൾ പശ്ചാത്തപിക്കുന്നു എന്നും പറഞ്ഞു. 2023 ൽ സി പി രാജശേഖരൻ എഴുതിയ രമേശ് ചെന്നിത്തല അറിഞ്ഞതും അറിയാത്തതും എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.