TRENDING:

Ponniyin Selvan | പൊന്നിയുടെ മകൻ; ചോളരാജാവ്; ആരാണ് യഥാർത്ഥ പൊന്നിയിൻ സെൽവൻ?

Last Updated:

1950-54 മുതൽ തമിഴ് മാസികയായ കൽക്കിയിൽ ആഴ്ചതോറും പരമ്പരകളായി ഈ നോവൽ പ്രസിദ്ധീകരിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാത്തിരിപ്പിനു ശേഷം മണിരത്നത്തിന്റെ (Mani Ratnam) സംവിധാനത്തിൽ പുറത്തിറക്കിയ പൊന്നിയിൻ സെൽവൻ (Ponniyin Selvan) ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വിക്രം, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആർ ശരത്കുമാർ, വിക്രം പ്രഭു, പ്രകാശ് രാജ്, റഹ്മാൻ, ആർ പാർത്ഥിബൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാ​ഗമാണ് ഇന്ന് റിലീസ് ചെയ്തത്. രണ്ടു ഭാ​ഗങ്ങളായാണ് ചിത്രം ഒരുക്കിയതെന്നും രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണവും പൂർത്തിയാക്കിയതായും മണിരത്നം അറിയിച്ചിരുന്നു.
advertisement

എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ കൽക്കി കൃഷ്ണമൂർത്തിയുടെ 2,200 പേജുകളുള്ള പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിലെ ചരിത്ര സംഭവങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ നോവൽ 1955-ലാണ് പുറത്തിറങ്ങിയത്. ഏകദേശം 3 വർഷവും 6 മാസവും കൊണ്ടാണ് കൽക്കി കൃഷ്ണമൂർത്തി ഈ നോവൽ പൂർത്തിയാക്കിയത്.

പൊന്നിയിൻ സെൽവൻ എന്നാൽ പൊന്നിയുടെ മകൻ എന്നാണർത്ഥം. 1950-54 മുതൽ തമിഴ് മാസികയായ കൽക്കിയിൽ ആഴ്ചതോറും പരമ്പരകളായി ഈ നോവൽ പ്രസിദ്ധീകരിച്ചിരുന്നു. 1955-ൽ, ഇത് ഒരു പുസ്തകമാക്കി. ചോള രാജാക്കൻമാരിൽ ഏറ്റവും പ്രശസ്തനായ ഭരണാധികാരി രാജരാജൻ ഒന്നാമന്റെ ആദ്യകാലങ്ങളിലെ പോരാട്ടമാണ് നോവലിൽ പറയുന്നത്. ചോള തലസ്ഥാനമായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം പണികഴിപ്പിച്ചതിലൂടെയും അദ്ദേഹം പ്രശസ്തനാണ്.

advertisement

Also Read:-Ponniyin Selvan Review | പകകൊണ്ട് എഴുതപ്പെട്ട ഇതിഹാസം; വെള്ളിത്തിരയില്‍ മണിരത്നം മാജിക്

കൽക്കി എഴുതിയ പുസ്തകം പൂർണമായും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ല. എങ്കിലും നന്നായി ഗവേഷണം ചെയ്ത് നിരവധി സംഭവങ്ങളെ കഥയിൽ നല്ല രീതിയിൽ സമന്വയിപ്പിച്ചിട്ടുണ്ടെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഇപ്പോഴും ഒരു വർഷം ഈ പുസ്തകത്തിന്റെ 1,00,000 കോപ്പികൾ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

'വായനക്കാരെ പിടിച്ചിരുത്തുന്ന നോവൽ' എന്നാണ് കാവേരി മൈന്തൻ (Cauvery Mainthan) എന്ന പേരിൽ പൊന്നിയിൻ ശെൽവന്റെ തുടർഭാഗം എഴുതിയ എഴുത്തുകാരൻ വെങ്കിടേഷ് രാമകൃഷ്ണൻ പറഞ്ഞിട്ടുള്ളത്. ഇന്നുവരെയുള്ള കണക്കനുസരിച്ച് തമിഴിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവൽ കൂടിയാണ് പൊന്നിയിൻ സെൽവന്‍.

advertisement

എഴുത്തുകാരൻ കൽക്കി കൃഷ്ണമൂർത്തിയെക്കുറിച്ച്

കൽക്കി കൃഷ്ണമൂർത്തി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ആർ. കൃഷ്ണമൂർത്തിയാണ് നോവൽ രചിച്ചത്. 1895-ൽ തഞ്ചാവൂരിലെ രു ദരിദ്രകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഗ്രാമത്തിലെ ഒരു കണക്കെഴുത്തുകാരനായിരുന്നു അദ്ദേഹത്തിൻ്റെ അച്ഛൻ. ഗ്രാമത്തിലെ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ കൽക്കി മായാവരം മുനിസിപ്പൽ സ്കൂളിൽ ചേർന്നാണ് പിന്നീട് പഠിച്ചത്. എന്നാൽ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരാനായി 1921-ൽ അദ്ദേഹം പഠനം ഉപേക്ഷിച്ചു.

സ്വാതന്ത്ര്യ സമരകാലത്ത് അദ്ദേഹം മൂന്നു തവണ ജയിലിൽ അടയ്ക്കപ്പെട്ടിട്ടുണ്ട്. പിന്നീട്, ഇന്ത്യയിലെ അവസാന ഗവർണ്ണർ ജനറൽ സി രാജഗോപാലാചാരിയുടെ ശിക്ഷണത്തിലായിരുന്നു അദ്ദേഹം. സി രാജഗോപാലാചാരിയുടെ മദ്യവിരുദ്ധ മാസികയായ വിമോചനത്തിൽ ചേർന്നു. പിന്നീട് ആനന്ദ വികടൻ എന്ന മാസികയിൽ എഴുത്തുകാരനും എഡിറ്ററുമായി. അദ്ദേഹത്തിന്റെ വരവോടെ ‌‌ മാസികയുടെ വിൽപനയും കൂടി.

advertisement

‘മൂൻട്രു മാത കടുങ്കാവൽ’ എന്ന പേരിൽ, തൻ്റെ തടവുകാലത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് ഹാസ്യാത്മകമായി പ്രതിപാദിക്കുന്ന പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. തങ്ങൾ നേരിട്ട പീഡനങ്ങൾ മഹത്തായ കാര്യമാണെന്ന് കൽക്കിയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിൻ്റെ മകൾ കെ ആനന്ദി പറഞ്ഞിട്ടുണ്ട്.

1930-കളിലും 40-കളിലും സാഹിത്യകാരൻ, പത്രപ്രവർത്തകൻ, ആക്റ്റിവിസ്റ്റ്, കവി, നാടകകൃത്ത് എന്നീ നിലകളിൽ അദ്ദേഹം തിളങ്ങി. സാഹിത്യ അക്കാദമി അവാർഡ് ജേതാവായ കൽക്കി കൃഷ്ണമൂർത്തി അഞ്ച് നോവലുകളും 10 നോവലുകളും 120 ചെറുകഥകളും എഴുതിയിട്ടുണ്ട്. തമിഴ് പ്രസിദ്ധീകരണമായ നവശക്തിയിൽ സബ് എഡിറ്ററായി ജോലി തുടങ്ങിയ കൽക്കി 1927-ലാണ് തൻ്റെ ആദ്യ ചെറുകഥ പുറത്തിറക്കിയത്. ‘ശാരദയിൻ തന്തിരം’ എന്നായിരുന്നു കഥയുടെ പേര്. ജനപ്രിയ നോവലുകളായ ‘ശിവഗാമിയിൻ ശപതം,’ ‘പാർത്ഥിബൻ കനവ്’ എന്നീ നോവലുകളിലൂടെ അദ്ദേഹം പല്ലവ രാജാക്കന്മാരെ കുറിച്ച് എഴുതി. മൂന്ന് വർഷമെടുത്താണ് കൽക്കി പൊന്നിയിൻ സെൽവൻ പൂർത്തിയാക്കിയത്.

advertisement

ത്യാഗ ഭൂമി (1937), സോലൈമലൈ ഇളവരശി (1947), മഗുഡപതി (1942), അപാലൈയിൻ കണ്ണീർ (1947) അലൈ ഓസൈ (1948), ദേവകിയിൻ കനവൻ (1950), പൊയ്മൻ കാരാട് (1950), പുന്നൈവനട്ടുപുലി (19412) 42), തുടങ്ങിയവയൊക്കെയാണ് അദ്ദേഹത്തിന്റെ മറ്റു പ്രശസ്തമായ നോവലുകൾ.

1954-ൽ ക്ഷയരോഗം ബാധിച്ചാണ് കൽക്കി കൃഷ്ണമൂർത്തി മരിച്ചത്.

എംജിആറും കമലഹാസനും കണ്ണു വെച്ച 'പൊന്നിയൻ സെൽവൻ'

കൽക്കിയുടെ അക്ഷരങ്ങളെ ആ​ദ്യം അഭ്രപാളികളിലെത്തിക്കാൻ ശ്രമിച്ചത് മണിരത്നമല്ല. നാടോടി മന്നന്റെ വൻ വിജയത്തിനു ശേഷം പുതിയ തിരക്കഥകൾ തേടുകയായിരുന്ന എംജിആറിനെയും നോവൽ ആകർഷിച്ചിരുന്നു. കൽക്കി കുടുംബത്തിൽ നിന്ന് കുറച്ചു വർഷത്തേക്ക് നോവലിന്റെ പകർപ്പവകാശവും അദ്ദേഹം നേടിയിരുന്നു. 1959-ൽ സിനിമ പ്രഖ്യാപിക്കുകയും അഭിനേതാക്കളെ വരെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ തുടർച്ചയായ ബോക്സോഫീസ് ഹിറ്റുകളും തിരക്കുകളും മൂലം എംജിആറിന് തന്റെ സ്വപ്ന പദ്ധതി പൂർത്തീകരിക്കാനായില്ല.

പിന്നീട് പകർപ്പവകാശത്തിനായുള്ള കരാർ തീയതിയും അവസാനിച്ചു. നടനും സംവിധായകനുമായ കമൽഹാസനും പൊന്നിയിൻ സെൽവനെ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനും അത് സാധിച്ചില്ല.

പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ മണിരത്നം തന്നെ ഇതിനു മുൻപും ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. 1994-ലും 2011-ലും പൊന്നിയിൻ സെൽവൻ സിനിമയാക്കാൻ താൻ ശ്രമിച്ചിരുന്നുവെങ്കിലും രണ്ട് തവണയും അതു നടന്നില്ലെന്നും അടുത്തിടെ അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

സിനിമക്കു ലഭിക്കുന്ന സ്വീകരണം

റിലീസിന് പിന്നാലെ സിനിമാ നിരൂപകരും പ്രേക്ഷകരും സിനിമയെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് അറിയിക്കുന്നത്. പലരും രാജമൗലിയുടെ ബി​ഗ് ബജറ്റ് ചിത്രമായ ബാഹുബലിയോട് പൊന്നിയൻ സെൽവനെ താരതമ്യം ചെയ്യുന്നുണ്ട്. ബാഹുബലിയുടെ രണ്ടു ഭാ​ഗങ്ങൾ അഞ്ചു വർഷമെടുത്താണ് രാജമൗലി പൂർത്തിയാക്കിയതെങ്കിൽ വെറും 150 ദിവസം കൊണ്ടാണ് മണിരത്നം പൊന്നിയിൻ സെൽവന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.

ഒരു മണിരത്‌നം ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും വലിയ ഓപ്പണിംഗ് കളക്ഷൻ ആയിരിക്കും പൊന്നിയിൻ സെൽവൻ നേടുകയെന്നും നിരൂപകരും ട്രേഡ് അനലിസ്റ്റുകളും പറയുന്നു.

തമിഴ്നാടിനു പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മുംബൈയിൽ പുലർച്ചെ 4.30 ന് ആയിരുന്നു ആദ്യ ഷോ. മണിരത്‌നം സിനിമകൾക്ക് മുംബൈയിൽ സാധാരണ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് സിനിമക്ക് ലഭിക്കുന്നത്. പൊന്നിയിൻ സെൽവൻ മുൻകാല ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുമോ എന്നാണ് ഇനിയറിയേണ്ടത്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
Ponniyin Selvan | പൊന്നിയുടെ മകൻ; ചോളരാജാവ്; ആരാണ് യഥാർത്ഥ പൊന്നിയിൻ സെൽവൻ?
Open in App
Home
Video
Impact Shorts
Web Stories