ബിടെക് ബിരുദധാരിയായ നവ്യ സോഫ്റ്റ്‌വെയർ എൻജിനീയർ ജോലി രാജിവച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ബിജെപിക്ക് അന്യമായിരുന്ന കോഴിക്കോട് കോർപ്പറേഷനിൽ താമര വിരിയിക്കാനുള്ള പരിശ്രമത്തിൽ നവ്യയുടെ പങ്ക് ചെറുതല്ല. കോഴിക്കോട് കോർപ്പറേഷനിലേക്ക് രണ്ട് തവണയാണ് നവ്യ വിജയിച്ചത്. ബിജെപിക്ക് കാലുകുത്താൻ പോലും ഇടമില്ലാത്തിടത്താണ് 2 തവണ വിജയിച്ച് നവ്യ പുതു ചരിത്രം സൃഷ്ടിച്ചത്. ആ വാർഡിപ്പോൾ ബിജെപി കുത്തകയാണെന്ന് തന്നെ പറയാം. കോഴിക്കോട് മണ്ഡലത്തിൽ തന്നെ വോട്ട് വർദ്ധിപ്പിച്ചതിൽ നവ്യയുടെ പങ്ക് വളരെ വലുതാണ്.
advertisement
2015ലും 2020 ലും കോർപ്പറേഷൻ കാരപ്പറമ്പ് ഡിവിഷനിൽ നിന്ന് രണ്ടുതവണ മത്സരിച്ചു വിജയിച്ചു. 2021ൽ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി എത്തി. 20.84 ശതമാനം വോട്ടാണ് അന്ന് നവ്യ ഹരിദാസ് നേടിയത്. കാരപ്പറമ്പ് ഝാന്‍സി ബാലഗോകുലം രക്ഷാധികാരി, ഭഗിനിപ്രമുഖ് തുടങ്ങിയ ചുമതലകളും നവ്യ വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ല്‍ ഹൈദരാബാദിലെ എച്ച്എസ്ബിസിയില്‍ നിന്ന് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ ജോലി രാജിവെച്ചാണ് നവ്യ രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
കോഴിക്കോട് ജില്ലയിൽ ബിജെപി ഉയർത്തിക്കൊണ്ടുവരുന്ന യുവ നേതാവാണ് നവ്യ ഹരിദാസ്. വയനാട്ടിലെ സ്ഥാനാർത്ഥിത്വം അതിനു തെളിവാണ്. കോൺഗ്രസിന്റെ കരുത്തുറ്റ നേതാവായ പ്രിയങ്ക ഗാന്ധി കന്നി അങ്കത്തിന് ഇറങ്ങുമ്പോൾ എതിരെ നിന്ന് മത്സരിക്കാനാവുന്നത് നവ്യയുടെ രാഷ്ട്രീയ ഭാവിയിൽ അത് നേട്ടം തന്നെയാണ്. സ്ഥാനാർത്ഥിത്വത്തോടെ തന്നെ ദേശീയതലത്തിൽ ശ്രദ്ധയാർജിക്കാൻ നവ്യയ്ക്ക് ആയിട്ടുണ്ട്.
തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. ശേഷം, കെഎംസിടി എഞ്ചിനീയറിംങ് കോളേജില്‍ നിന്നും നവ്യ ബിടെക് ബിരുദം നേടി. ബാലഗോകുലം പ്രവര്‍ത്തനത്തിലൂടെയാണ് നവ്യഹരിദാസ് പൊതുപ്രവര്‍ത്തനരംഗത്തിറങ്ങിയത്. അപ്രതീക്ഷിതമായാണ് നവ്യ ഹരിദാസ് സ്ഥാനാർത്ഥിയായത്. വയനാടിന് ആവശ്യം നാട്ടുകാരായ എംപിയെ ആണെന്നാണ് മത്സരത്തിന് ഒരുങ്ങുന്ന നവ്യയുടെ പ്രതികരണം. മഹിളാമോർച്ചയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ വയനാട്ടിൽ പ്രവർത്തിച്ചിരുന്നു . ചൂരൽമല മുണ്ടക്കയം ഉരുൾപൊട്ടൽ സമയത്ത് നവ്യ വയനാട്ടിൽ സജീവമായിരുന്നു. അയൽ ജില്ലാ എന്നതിലുപരി അടുത്തറിയാവുന്ന പ്രദേശമാണ് വയനാട് എന്നും നവ്യ പ്രസ്താവിക്കുന്നു.