പാർലമെന്റിലെ സംഘർഷത്തിൽ പരിക്കേറ്റ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട ബിജെപി എംപിയാണ് പ്രതാപ് ചന്ദ്ര സാരംഗി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പിടിച്ചുതള്ളിയതിനെ തുടർന്നാണ് പരിക്കേറ്റതെന്നാണ് ബിജെപിയുടെ പരാതി. മുൻ കേന്ദ്ര സഹമന്ത്രി കൂടിയായ ഒഡീഷയിൽ നിന്നുള്ള ഈ എംപിയെ കുറിച്ച് അറിയാം.
2019ൽ മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി. ഒഡീഷയിലെ ബാലസോറിൽ നിന്നുള്ള എംപിയായ അദ്ദേഹം ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ്.
advertisement
ഒഡീഷ നിയമസഭയിലേക്ക് അദ്ദേഹം രണ്ട് തവണ വിജയിച്ചിട്ടുണ്ട്. നീലഗിരി മണ്ഡലത്തിൽ നിന്നാണ് 2004ലും 2009ലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
കമ്മ്യൂണിറ്റി ഫണ്ടഡ് ഏകാധ്യാപക വിദ്യാലയങ്ങൾ എന്ന നൂതന ആശയത്തിലൂടെ ഗ്രാമപ്രദേശങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസത്തിൽ വിപ്ലവം സൃഷ്ടിച്ച നേതാവ് കൂടിയാണ് അദ്ദേഹം. ബിരുദം പൂർത്തിയാക്കിയ ശേഷമാണ് പൊതുപ്രവർത്തന രംഗത്തിറങ്ങിയത്. കുട്ടിക്കാലം മുതൽ സാരംഗി ഒരു ആത്മീയ അന്വേഷകനായിരുന്നു. രാമകൃഷ്ണ മഠത്തിൽ സന്യാസിയാകാനായിരുന്നു ആഗ്രഹം. പശ്ചിമ ബംഗാളിലെ ഹൗറയിലുള്ള രാമകൃഷ്ണാശ്രമത്തിന്റെ ആസ്ഥാനമായ ബേലൂർ മഠത്തിൽ നിരവധി സന്ദർശനങ്ങൾ നടത്തി. മഠത്തിലെ സന്യാസിമാർ സാരംഗിയുടെ ആഗ്രഹത്തെക്കുറിച്ച് അറിഞ്ഞു. എന്നാൽ സാരംഗിയുടെ വിധവയായ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അവർ കണ്ടെത്തി. തിരികെ പോയി അമ്മയെ സേവിക്കണമെന്ന് അവർ നിർബന്ധിച്ചു. ഗ്രാമത്തിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹം വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
തുടക്കത്തിൽ, സാരംഗി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ജില്ലാതല വോളന്റിയറായി സേവനമനുഷ്ഠിച്ചു. കൂടാതെ വിശ്വഹിന്ദു പരിഷത്തിനും ബജ്‌രംഗ് ദളിനും വേണ്ടി പ്രവർത്തിച്ചു. ബാലസോർ, മയൂർഭഞ്ച് ജില്ലയിലെ ആദിവാസി ഗ്രാമങ്ങളിൽ വിവിധ സാമൂഹിക പദ്ധതികൾ നടപ്പാക്കി.
ഒഡീഷയിലെ ബാലസോറിലെ നീലഗിരിയിലെ കോളേജിൽ ഹെഡ്ക്ലാർക്കായിരുന്നു. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ ബാലസോറിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചു. എന്നാൽ അന്ന് പരാജയപ്പെട്ടു. 2019 ലെ തിരഞ്ഞെടുപ്പിൽ ബാലസോറിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം വീണ്ടും മത്സരിച്ചു. ഇത്തവണ ബിജെഡി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി പാർലമെന്റിലെത്തി. കേന്ദ്ര സഹമന്ത്രിയുമായി.
പ്രതാപ് സിംഗ് ചന്ദ്ര വിവാദങ്ങളുടെയും ഭാഗമായിട്ടുണ്ട്. 1999ൽ ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും ഒഡീഷയിലെ മനോഹർപൂർ-കിയോഞ്ജർ ഗ്രാമത്തിൽ സ്റ്റേഷൻ വാഗണിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ബജ്‌റംഗ്ദളിന്റെ ഒരു സംഘം ചുട്ടുകൊന്നത് രാജ്യമാകെ ചർച്ചയാകപ്പെട്ട ഭവമാണ്. ഈ സംഭവം നടക്കുമ്പോൾ ബജ്‌റംഗ് ദളിന്റെ തലവനായിരുന്നു പ്രതാപ് സാരംഗി. അദ്ദേഹത്തിന്റെ പേര് ഈ കേസുമായി കൂട്ടിവായിക്കപ്പെട്ടു. എന്നാൽ ഈ കേസിൽ അദ്ദേഹത്തിന് നേരിട്ട് ബന്ധമില്ലെന്നായിരുന്നു കണ്ടെത്തൽ. എങ്കിലും ഈ സംഭവം അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ചു.
എന്നിരുന്നാലും സാധാരണക്കാരനെ പോലെ ജീവിക്കുകയും സൈക്കിളിൽ യാത്ര ചെയ്യുകയും ഓലമേഞ്ഞ വീട്ടിൽ താമസിക്കുകയും ചെയ്യുന്ന നേതാവിനെ ഒഡീഷ വലിയതോതിൽ അംഗീകരിച്ചു. ഋഷി തുല്യനായ പരിഗണനയും ലഭിച്ചു.