ഫോർട്ട് കൊച്ചിയിൽ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രക്ഷോഭങ്ങൾക്കും സാമൂഹികപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ പ്രസിദ്ധമായ 'കുരിശിങ്കല്‍' കുടുംബത്തിൽ 1932 സെപ്റ്റംബർ 1നാണ് തോമസ് ബെര്‍ളിയുടെ ജനനം. മുൻ കൗൺസിലർമാരായ കെ ജെ ബെർളിയുടെയും ആനി ബെർളിയുടെയും മകൻ. ഫോര്‍ട്ടുകൊച്ചിയിലും എറണാകുളത്തുമായിരുന്നു വിദ്യാഭ്യാസം. ചെറുപ്പം മുതലേ കലാസാഹിത്യരംഗത്തും അഭിനയത്തിലും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
മലയാളസിനിമയുടെ പ്രാരംഭകാലത്ത് ശ്രദ്ധിക്കപ്പെട്ട 'തിരമാല 'എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചുകൊണ്ടാണ് ബെർളി 1953ൽ ചലച്ചിത്ര ലോകത്തേക്ക് വന്നത്. കൊച്ചി ചെല്ലാനത്തെ വിമല്‍കുമാര്‍ ആയിരുന്നു സംവിധായകൻ. ഈ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ച തോമസ് ബെര്‍ളിയുടെ കൂടെ പ്രധാന വില്ലനായി വേഷമിട്ടത് പിന്നീട് മലയാള സിനിമയിൽ തിളങ്ങുന്ന നക്ഷത്രമായ സത്യനായിരുന്നു. ഗാനങ്ങൾ ചെയ്ത വിമൽ കുമാറിന്റെ പ്രധാന സഹായി ബാബുരാജ് ആയിരുന്നു.
advertisement
‘തിരമാല’ പുറത്തിറങ്ങി രണ്ടാം വർഷം തോമസ് ബെർളി കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിൽ ചലച്ചിത്രപഠനത്തിനായി അമേരിക്കയിലേക്ക് പോയി. അവിടെനിന്ന് സിനിമാപഠനം പൂർത്തിയാക്കിയ ശേഷം നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചു. കൗബോയ് ചിത്രങ്ങളിലും അവിടുത്തെ ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുവാന്‍ അവസരം കിട്ടി.
വാർണർ ബ്രദേഴ്സിന്റെ ഇഷ്ടനടന്മാരിൽ ഒരാളായിരുന്നു. ഫ്രാങ്ക് സിനാത്ര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘നെവർ സോ ഫ്യൂ’ എന്ന ഹോളിവുഡ് ചിത്രത്തിൽ അഭിനയിച്ചു. ഫ്രാങ്ക് സിനാത്ര, ജീന ലോലോ ബ്രിജിഡ, സ്റ്റീവ് മക്വീൻ എന്നിവരുമായി അടുത്ത സൗഹൃദം പുലർത്തി. ഹോളിവുഡിൽ ‘മായാ’ എന്നൊരു ചിത്രം കുട്ടികൾക്കായി പുറത്തിറക്കി. ഒരു ചിത്രത്തിനു വേണ്ടി കഥയെഴുതുവാനും അവസരം ലഭിച്ചു. ചിത്രരചനയിലും തൽപരനായിരുന്ന ബെർളി രചിച്ച ‘ഗാലിയൻ’ എന്ന ചിത്രം രാജ്യാന്തര ചിത്രരചനാപ്രദർശനത്തിലും ഇടംനേടി.
എഴുപതുകളിൽ കൊച്ചിയിൽ തിരിച്ചെത്തി മത്സ്യക്കയറ്റുമതി വ്യവസായിയായി. ഏറെ വൈകാതെ വീണ്ടും സിനിമയിൽ ആകൃഷ്ടനായി. 1973ൽ 'ഇതു മനുഷ്യനോ' എന്ന സിനിമ സംവിധാനം ചെയ്തു. മലയാളത്തിലെ വളരെ ശ്രദ്ധിക്കപ്പെട്ട ‘സുഖമൊരു ബിന്ദു, ദുഃഖമൊരു ബിന്ദു’ എന്ന ഗാനം ഈ സിനിമയിലേതാണ്. 1985ൽ പ്രേംനസീറിനെ നായകനാക്കി 'വെള്ളരിക്കാപ്പട്ടണം' എന്ന സിനിമ സംവിധാനം ചെയ്തു. ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ നിർമാണവും (എബ്രഹാം തരകനോടൊപ്പം), തിരക്കഥ- സംഭാഷണവും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നതും തോമസ് ബെർളിയായിരുന്നു.
സിനിമാജീവിതം വിഷയമാക്കി എഴുതിയ ‘ഹോളിവുഡ് ഒരു മരീചിക’ ഉൾപ്പെടെ 4 പുസ്തകങ്ങൾ രചിച്ചു. ‘ബിയോൻഡ് ദ ഹാർട്ട്’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരവും തന്റെ പിതാവിന്റെ സ്മരണക്കായി ‘ഫ്രാഗ്രന്റ് പെറ്റൽസ്’ എന്ന ഗദ്യകവിതയും പ്രസിദ്ധീകരിച്ചു. ‘ഓ കേരള’ എന്ന പേരിൽ ഒരു കാർട്ടൂൺ ബുക്കും പുറത്തിറക്കി. മാജിക്, വയലിൻ, മാന്റലിൻ വാദനം തുടങ്ങിയ മേഖലകളിലും താൽപര്യം പ്രകടിപ്പിച്ചു. ഭാര്യ: സോഫി തോമസ്. മക്കൾ: ടാനിയ എബ്രഹാം, തരുൺ കുരിശിങ്കൽ, ടാമിയ ജോർജ്. മരുമക്കൾ: എബ്രഹാം തോമസ്, ജോർജ് ജേക്കബ്.