ഉച്ചകോടിയില്‍ പങ്കെടുത്ത് പുറത്തിറങ്ങി മണിക്കൂറുകള്‍ക്ക് ശേഷം ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി എവിടെയാണെന്ന് കൃത്യമായി തങ്ങള്‍ക്കറിയാമെന്നും അദ്ദേഹത്തെ പുറത്തെത്തിക്കാന്‍ കഴിയുമെന്നും എന്നാല്‍ ഇപ്പോള്‍ അത് വേണ്ടെന്ന് തീരുമാനിക്കുകയാണെന്നും ട്രംപ് ഇറാന്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.
ഇറാന്റെ പരമോന്നത നേതാവ് ഖമേനിയെ കൊലപ്പെടുത്താനുള്ള ഇസ്രയേലിന്റെ പദ്ധതി ട്രംപ് തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചത്. ഖമേനിയെ കൊലപ്പെടുത്തുന്നത് സംഘര്‍ഷം വേഗത്തില്‍ അവസാനിപ്പിക്കുമെന്നും മധ്യേഷ്യയെ വീണ്ടും മഹത്തരമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഖമേനിയെ ലക്ഷ്യം വയ്ക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും ഈ സംഘര്‍ഷം വര്‍ധിപ്പിക്കില്ലെന്നും അവസാനിപ്പിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എബിസി ന്യൂസിനോട് പറഞ്ഞു.
advertisement
ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈന്റെ അതേ വിധി തന്നെ ഖമേനിക്കും നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞു.
ഖമേനി ഇല്ലാതായാല്‍ ഇറാനില്‍ നേതൃമാറ്റമോ ഭരണമാറ്റമോ സംഭവിക്കുമോ? അദ്ദേഹത്തിന് പിന്‍ഗാമികളായി വരാന്‍ സാധ്യതയുള്ളത് ആരൊക്കെയാണെന്ന് പരിശോധിക്കാം.
മൊജ്തബ ഖമേനി
88 പുരോഹിതന്മാര്‍ അടങ്ങുന്ന ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് ആണ് പിന്തുടര്‍ച്ചാ പ്രക്രിയ കൈകാര്യം ചെയ്യുന്നത്. എട്ടുവര്‍ഷത്തെ കാലാവധിയാണ് തിരഞ്ഞെടുക്കുന്നയാള്‍ക്കുള്ളത്. പരമോന്നത നേതാവിനെ നിയമിക്കുന്നതിലും മേല്‍നോട്ടം വഹിക്കുന്നതിലും ആവശ്യമെങ്കില്‍ പുറത്താക്കുന്നതിനും അവര്‍ക്ക് ഭരണഘടനാപരമായ അധികാരമുണ്ട്.
അയത്തൊള്ള ഖമേനിയുടെ രണ്ടാമത്തെ മകനാണ് മൊജ്തബ ഖമേനി. അയത്തൊള്ള ഖമേനി ഭരണത്തില്‍ നിന്ന് താഴെ പോയാല്‍ അടുത്ത പിന്‍ഗാമിയായി മൊജ്തബയെ തിരഞ്ഞെടുക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായും ഇറാന്റെ യാഥാസ്ഥിതിക വരേണ്യവര്‍ഗവുമായും മൊജ്തബയ്ക്ക് ശക്തമായ ബന്ധമുണ്ട്. നേതൃനിരയിലേക്ക് വരുന്നതിന് മൊജ്തബയ്ക്ക് പരിശീലനം നല്‍കി വരികയാണെന്ന് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പാരമ്പര്യ പിന്തുടര്‍ച്ച എന്ന ആശയത്തില്‍ ചിലര്‍ക്ക് തര്‍ക്കമുണ്ട്. ഇത് വിപ്ലവകരമായ ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അവര്‍ വാദിക്കുന്നു.
അലിരേസ അറഫി
ഒരു മുതിര്‍ന്ന ഇറാനിയന്‍ പൗരനാണ് അലിരേസ അറഫി. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിന് നേതൃത്വം നല്‍കുന്ന അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്ടിലെ സ്വാധീനമുള്ള അംഗവുമാണ്. നിലവില്‍ ഖോമിലെ ഉന്നത മതസെമിനാരിയുടെ തലവനും ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗവുമാണ്. രാഷ്ട്രീയ, ദൈവശാസ്ത്ര സ്ഥാപനങ്ങളില്‍ അദ്ദേഹത്തിന് ആഴത്തില്‍ ബന്ധവുമുണ്ട്. യാഥാസ്ഥിതിക വീക്ഷണം പുലര്‍ത്തുന്ന അദ്ദേഹം ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ കാതലായ പ്രത്യയശാസ്ത്രത്തോടുള്ള വിശ്വസസ്ത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. പുരോഹിത ശ്രേണിയിലെ അദ്ദേഹത്തിന്റെ സ്ഥാനവും ഇറാന്റെ ഭരണവര്‍ഗവുമായുള്ള സഖ്യവും ചേര്‍ന്നാല്‍ അയത്തൊള്ള ഖമേനിയുടെ പിന്‍ഗാമിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നയാളാണ് അറഫി.
അയത്തുള്ള ഹാഷിം ഹൊസൈനി ബുഷെഹ്രി
അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സില്‍ പ്രഥമ ഡെപ്യൂട്ടി ചെയര്‍മാനായി സേവനം അനുഷ്ഠിച്ച് വരികയാണ് അയത്തുള്ള ഹാഷിം ഹൊസൈനി. ഇറാനിലെ മത വിദ്യാഭ്യാസത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ഥാപനങ്ങളിലൊന്നായ ഖോം സെമിനാരി സൊസൈറ്റിയെ നയിക്കുന്നത് അദ്ദേഹമാണ്. ഖോമില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കുള്ള ഇമാമായും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു. അയത്തുള്ള ഖമേനി നേരിട്ടാണ് അദ്ദേഹത്തെ ഈ പദവിയില്‍ നിയമിച്ചത്. പ്രധാന മത-രാഷ്ട്രീയ മേഖലകളിലുള്ള ആഴത്തിലുള്ള സ്വാധീനം, ഖമേനിയുടെ വിശ്വസ്തന്‍ എന്ന പദവി എന്നിവയെല്ലാം അടുത്ത പരമോന്നത നേതാവാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നയാളാണ്.
റെസ പഹ്ലവി
1979ലെ ഇസ്ലാമിക റെവലൂഷന്റെ കാലത്ത് അട്ടിമറിക്കപ്പെട്ട ഇറാനിലെ അവസാന രാജാവായ മുഹമ്മദ് റെസ ഷാ പഹ്ലവിയുടെ നാടുകടത്തപ്പെട്ട മകനാണ് റെസ പഹ്ലവി. നിലവില്‍ അമേരിക്കയിലാണ് റെസ താമസിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിനിടയിലും ഇറാനിയന്‍ പ്രവാസികളുടെ ഇടയിലും മതേതരവും ജനാധിപത്യപരവുമായ ഇറാനുവേണ്ടി വാദിക്കുന്ന ഒരു പ്രമുഖ്യ വ്യക്തിയാണ് റെസ. രാജവാഴ്ച പുനസ്ഥാപിക്കാന്‍ അദ്ദേഹം സജീവമായി ശ്രമിക്കുന്നില്ലെങ്കിലും നിലവിലെ ഇസ്ലാമിക് ഭരണകൂടത്തില്‍ നിന്ന് മനുഷ്യാവകാശങ്ങള്‍ക്കും ജനകീയപരമാധികാരത്തിലും അധിഷ്ഠിതമായ ഒരു സര്‍ക്കാരിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനം അദ്ദേഹം ആഗ്രഹിക്കുന്നു. ഐക്യം, അഹിംസ, ദേശീയ അനുരഞ്ജനം തുടങ്ങിവയെക്കുറിച്ച് സ്ഥിരമായി സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്ന അദ്ദേഹം ഇറാനിലെ ബഹുജന പ്രതിഷേധങ്ങളിലും ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നിലവിലെ ഭരണകൂടം തകര്‍ന്നാല്‍ പ്രതിപക്ഷ ശക്തികളെ ഏകീകരിക്കാനും ഒരു പുതിയ രാഷ്ട്രീയ ക്രമത്തിന്റെ രൂപീകരണം സുഗമമാക്കാനും സഹായിക്കുന്ന വിധത്തില്‍ ഒരു പ്രതീകാത്മക നേതാവായും പരിവര്‍ത്തന വ്യക്തിയായും ചിലര്‍ അദ്ദേഹത്തെ നോക്കിക്കാണുന്നു. എന്നാല്‍, ഇറാനില്‍ അദ്ദേഹത്തിന് സ്വാധീനം വളരെ കുറവാണ്. ഇതിന് പുറമെ ഭാവിയില്‍ ഇറാനെ നയിക്കുന്നതിന് നേതൃത്വപരമായ പങ്കും ആഭ്യന്തരനേതാക്കളുടെ പിന്തുണയും അന്താരാഷ്ടതലത്തിലെ സ്വാധീനവുമെല്ലാം ആശ്രയിച്ചിരിക്കും.
ഇറാനില്‍ ഒരു ഭരണമാറ്റം അനിവാര്യമാണെന്ന ആഹ്വാനം ചൊവ്വാഴ്ച റെസ ആവര്‍ത്തിച്ചിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇറാനിയന്‍ ജനത ഇറാന്‍ തിരിച്ചുപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അയത്തൊള്ള ഖമേനി ഭൂഗര്‍ഭ അറയില്‍ ഒളിച്ചിരിക്കുകയാണെന്നും രാജ്യത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും റെസ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ ആരോപിച്ചിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അവസാനം എന്നത് ഇറാന്‍ എന്ന രാഷ്ട്രത്തിനെതിരായ 46 വര്‍ഷത്തെ യുദ്ധത്തിന്റെ അവസാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.