100 മെട്രിക് ടൺ ഇന്ത്യയിലേക്കു മാറ്റിയതോടെ ഇപ്പോൾ രാജ്യത്തു സംഭരിച്ചിരിക്കുന്ന സ്വർണം 408 മെട്രിക് ടണ്ണിലധികം ആയിട്ടുണ്ട്. ഏകദേശം അത്രയും തന്നെ സ്വർണം വിദേശത്തും സൂക്ഷിച്ചിട്ടുണ്ട്. ഈ വ്യാഴാഴ്ച പുറത്തിറക്കിയ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 308 മെട്രിക് ടണ്ണിലധികം സ്വർണം ഇന്ത്യയിൽ നോട്ടുകളുടെ ബാക്കിങ് ആയി കരുതിയിട്ടുണ്ട്. അതേസമയം 100.28 ടൺ പ്രാദേശികമായി ബാങ്കിംഗ് വകുപ്പിന്റെ ആസ്തിയായി കൈവശം വച്ചിട്ടുമുണ്ട്. മൊത്തം സ്വർണ ശേഖരത്തിൽ 413.79 മെട്രിക് ടൺ വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നത്.
advertisement
ആർബിഐ വിദേശത്ത് സ്വർണം സൂക്ഷിക്കുന്നത് എന്തിന്?
1990-91 ലെ വിദേശനാണ്യ പ്രതിസന്ധിയുടെ സമയത്ത്, 405 മില്യൺ ഡോളർ വായ്പ ലഭിക്കുന്നതിനായി ഇന്ത്യ തങ്ങളുടെ സ്വർണ്ണ ശേഖരത്തിന്റെ ഒരു ഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണയം ആയി കൊടുത്തിരുന്നു. 1991 നവംബറോടെ വായ്പ തിരിച്ചടച്ചെങ്കിലും ആർബിഐ സ്വർണം യുകെയിൽ സൂക്ഷിക്കാൻ തീരുമാനിച്ചു. വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സ്വർണം വ്യാപാരം നടത്താനും കൈമാറ്റം ചെയ്യാനും വരുമാനം നേടാനും എളുപ്പത്തിൽ ഉപയോഗിക്കാം എന്നതിനാലാണ് ഇങ്ങനെ ചെയ്തത്.
ആർബിഐ രാജ്യാന്തര വിപണികളിൽ നിന്ന് സ്വർണം വാങ്ങുകയും അത് വിദേശത്ത് സംഭരിക്കുകയും ചെയ്യുന്നത് ഈ ഇടപാടുകൾ സുഗമമാക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ഇങ്ങനെ സ്വർണം സംഭരിക്കുന്നത്തിന് അതിന്റേതായ പ്രശ്നങ്ങളുമുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ റഷ്യയുടെ ആസ്തികൾ മരവിപ്പിച്ചത് ഇത്തരത്തിലുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരുന്നു .യുകെയിൽ നിന്ന് സ്വർണം ഇന്ത്യയിലേക്ക് തിരികെ കൊണ്ട് വരാനുള്ള ഒരു കാരണവും ഇതാകാം.
ഇത്രയും സ്വർണം ആർബിഐ എന്തുചെയ്യും?
സ്വർണ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ പോലുള്ള നിക്ഷേപ ഉൽപ്പന്നങ്ങളുടെ ഡിമാൻഡ് കണക്കിലെടുത്ത്, പ്രാദേശിക സ്വർണ്ണ വില നിയന്ത്രിക്കാൻ ആർബിഐയ്ക്ക് ആഭ്യന്തരമായി കൈവശം വച്ചിരിക്കുന്ന സ്വർണം ഉപയോഗിക്കാം. സ്വർണ്ണ ശേഖരം രാജ്യത്തിനകത്ത് തന്നെ നിലനിൽക്കുകയും ചെയ്യും. റിസർവ് ബാങ്ക് സ്വർണം വാങ്ങുന്ന തോത് വർദ്ധിപ്പിച്ചിരുന്നു. 2024-ന്റെ ആദ്യ നാല് മാസങ്ങളിൽ മാത്രം ആർബിഐ കഴിഞ്ഞ വർഷം വാങ്ങിയതിനേക്കാൾ ഒന്നര മടങ്ങ് സ്വർണം കൂടുതൽ വാങ്ങിയിരുന്നു.
ആഗോളതലത്തിൽ സെൻട്രൽ ബാങ്കുകൾക്കിടയിൽ ഡോളറിലുള്ള വിശ്വാസ്യത കുറഞ്ഞതാണ് കേന്ദ്രബാങ്കുകൾ ഇങ്ങനെ സ്വർണം വാങ്ങിക്കൂട്ടുന്നതിനു കാരണമായി പറയപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 794.63 ടണ്ണിൽ നിന്ന് 27.47 ടൺ സ്വർണമാണ് റിസർവ് ബാങ്ക് തങ്ങളുടെ ശേഖരത്തിലേക്ക് ചേർത്തത്. വിദേശനാണ്യ കരുതൽ ശേഖരം വൈവിധ്യവൽക്കരിക്കുന്നതിനും പണപ്പെരുപ്പം തുടങ്ങിയവയ്ക്കെതിരെ ഒരു പ്രതിരോധമായിട്ടുമാണ് ഈ പുതിയ നീക്കം.
വിദേശ വിപണിയിൽ നിലനിൽക്കുന്ന അസ്ഥിരതകൾ കണക്കിലെടുത്താണ് ആഭ്യന്തരമായും അന്തർദ്ദേശീയമായും സ്വർണ്ണ ശേഖരം കൈവശം വയ്ക്കാനും കൈകാര്യം ചെയ്യാനുമുള്ള ആർബിഐയുടെ ഈ നീക്കമെന്ന് പറയപ്പെടുന്നു. യുകെയിൽ നിന്ന് അടുത്തിടെ സ്വർണം തിരികെയെടുത്തത് സ്വർണ്ണ ആസ്തികൾ സംരക്ഷിക്കുന്നതിനുള്ള ആർബിഐയുടെ സമീപനത്തിന്റെ ഭാഗമായാണ്.