ഇന്ത്യൻ കുടിയേറ്റക്കാരുടെ വർദ്ധിച്ചുവരുന്ന ജനസംഖ്യയെ ലക്ഷ്യം വച്ചുകൊണ്ട് ഓസ്ട്രേലിയയിൽ കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 31) നിരവധി കുടിയേറ്റ വിരുദ്ധ റാലികളാണ് നടന്നത്. എന്നാൽ വംശീയതയിലും വംശീയ കേന്ദ്രീകരണത്തിലും അധിഷ്ഠിതമായ തീവ്ര വലതുപക്ഷ ആക്ടിവിസത്തിന് രാജ്യത്ത് സ്ഥാനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഓസ്ട്രേലിയൻ സർക്കാർ ഈ പ്രതിഷേധങ്ങളെ തള്ളിക്കളയുകയാണുണ്ടായത്. ഓസ്ട്രേലിയയിൽ സമീപകാലങ്ങളിൽ വലതുപക്ഷ തീവ്രവാദം വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ നവ-നാസികളുടെ പ്രക്ഷോഭങ്ങളും ഉൾപ്പെടുന്നു. ഈ പ്രതിഷേധങ്ങളെ നവ-നാസികളുമായായാണ് ഓസ്ട്രേലിയൻ ബന്ധപ്പെടുത്തുന്നത്.
advertisement
ഓസ്‌ട്രേലിയയിലെ കുടിയേറ്റ വിരുദ്ധ റാലികൾ
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരങ്ങളായ സിഡ്‌നി, മെൽബൺ, ബ്രിസ്‌ബേൻ, കാൻബെറ, അഡലെയ്ഡ്, പെർത്ത് എന്നിവിടങ്ങളിലായിരുന്നു കുടിയേറ്റത്തിനെതിരെ പ്രതിഷേധ പ്രകടനം നടന്നത്. സിഡ്‌നിയിൽ നടന്ന 'മാർച്ച് ഫോർ ഓസ്‌ട്രേലിയ' റാലിയിൽ ഏകദേശം 5,000 മുതൽ 8,000 വരെ ആളുകൾ പങ്കെടുത്തു. ഓസ്ട്രേലിയൻ പതാകകളുമായായിരുന്നു പ്രതിഷേധം.
അതേസമയം കമ്മ്യൂണിറ്റി ആക്ടിവിസ്റ്റ് സംഘടനയായ റെഫ്യൂജി ആക്ഷൻ കോയലിഷന്റെ ഒരു പ്രതി-റാലിയും നടന്നു. ഇരു വിഭാഗങ്ങളും മെൽബണിൽ പരസ്പരം ഏറ്റുമുട്ടുകവരെയുണ്ടായി.മാർച്ച് ഫോർ ഓസ്‌ട്രേലിയയുടെ തീവ്ര വലതുപക്ഷ അജണ്ടയോടുള്ള വെറുപ്പിന്റെയും രോഷത്തിന്റെയും ആഴം പ്രകടിപ്പിക്കാനാണ് പ്രതി റാലി നടത്തിയതെന്നാണ് റെഫ്യൂജി ആക്ഷൻ കോയലിഷന്റെ വക്താവ് വ്യക്തമാക്കിയത്.
എന്നാൽ, ഓസ്‌ട്രേലിയൻ വിരുദ്ധ വിദ്വേഷത്തിന്റെയും വിദേശ സംഘർഷങ്ങളുടെയും ശിഥിലീകരണത്തിന്റെയും പ്രകടനങ്ങൾ തെരുവുകളിൽ വർദ്ധിച്ചുവരികയാണെന്നും കൂട്ട കുടിയേറ്റം ഓസ്ട്രേലിയൻ സമൂഹങ്ങളെ ഒന്നിച്ചുനിർത്തുന്ന ബന്ധങ്ങളെ കീറിമുറിച്ചെന്നും മാർച്ച് ഫോർ ഓസ്‌ട്രേലിയ വെബ്‌സൈറ്റിൽ പറയുന്നു.ഓസ്‌ട്രേലിയയെ കെട്ടിപ്പടുത്ത ആളുകൾക്കും സംസ്കാരത്തിനും രാഷ്ട്രത്തിനും വേണ്ടിയുള്ള ഒരു നിലപാടാണ് ഈ മാർച്ചെന്നുമാണ് വെബ്സൈറ്റിലെ വാചകങ്ങൾ. ''മുഖ്യധാരാ രാഷ്ട്രീയക്കാർക്ക് ഒരിക്കലും ചെയ്യാൻ ധൈര്യമില്ലാത്തത് ചെയ്യാൻ, കൂട്ട കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുക" എന്നതാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് മാർച്ച് ഫോർ ഓസ്‌ട്രേലിയ ഗ്രൂപ്പ് എക്‌സിൽ പോസ്റ്റ് ചെയ്തു.
ഓസ്ട്രേലിയയിലെ ഇന്ത്യൻ കുടിയേറ്റം
ലോകത്തിലെ ഏറ്റവും വലിയ "കുടിയേറ്റ രാഷ്ട്രങ്ങളിൽ" ഒന്നാണ് ഓസ്ട്രേലിയ. ബ്രിട്ടീഷുകാരാണ് ഓസ്ട്രേലയയിലേക്ക് കുടിയേറിയവരിൽ ഏറ്റവും കൂടുലുള്ളത്
ഓസ്ട്രേലിയയിൽ ശക്തമായ ഒരു ഇന്ത്യൻ ജനസംഖ്യയുമുണ്ട്. 2021 ലെ സെൻസസ് അനുസരിച്ച്, ഓസ്‌ട്രേലിയയിലെ ഏകദേശം 9,76,000 ആളുകൾ ഇന്ത്യൻ വേരുകളുള്ളവരാണ്. ഇത് രാജ്യക്കിന്റെ മൊത്തം ജനസംഖ്യയുടെ (2.6 കോടി) മൂന്ന് ശതമാനത്തിലധികമാണ്. ഇംഗ്ലീഷുകാർക്ക് പിന്നിൽ ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ കുടിയേറ്റ ഗ്രൂപ്പായി ഇന്ത്യക്കാർ മാറിയിരിക്കുകയാണ്
1800-കളിലാണ് ഇന്ത്യയിൽ നിന്ന് ആദ്യകാല കുടിയേറ്റക്കാർ ഓസ്‌ട്രേലിയയിലേക്ക് എത്തിത്തുടങ്ങിയത്. ബ്രിട്ടീഷുകാരുടെ തൊഴിലാളികളായോ സേവകരായോ ആണ് ഇന്ത്യക്കാർ ആദ്യം ഓസ്ട്രേലിയയിൽ എത്തുന്നത്. 1970-കളിൽ വെള്ളക്കാരല്ലാത്തവരുടെ കുടിയേറ്റം നിയന്ത്രിക്കുന്ന വംശീയ വൈറ്റ് ഓസ്‌ട്രേലിയ നയം നിർത്തലാക്കിയതിനുശേഷം, ഇന്ത്യൻ എഞ്ചിനീയർമാരുടെ ഒരു വലിയ പ്രവാഹം രാജ്യത്തേക്ക് കുടിയേറാൻ തുടങ്ങി. 1990-കളിൽ, ഇന്ത്യയിൽ നിന്നുള്ള വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരുടെ, പ്രത്യേകിച്ച് ഐടി തൊഴിലാളികളുടെ, ഒരു ഒഴുക്ക് ഓസ്‌ട്രേലിയയിലേക്ക് കണ്ടു.2006-ൽ ജോൺ ഹൊവാർഡിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്ഥിര താമസം ലഭിക്കുന്നത് എളുപ്പമാക്കി, ഇത് ഓസ്‌ട്രേലിയയിൽ പഠനം അവർക്ക് ആകർഷകമായ ഒരു ഓപ്ഷനാക്കി മാറ്റി
അതിനുശേഷം ഓസ്ട്രേലിയയിൽ ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചു. ദി സിഡ്നി മോർണിംഗ് ഹെറാൾഡ് പ്രകാരം , 2001 ൽ ഇന്ത്യൻ വംശജരായ 156,000 പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2006 ൽ ഇത് 242,000 ആയി ഉയർന്നു, 2011 ൽ അത് 474,000 ആയി ഉയർന്നു.2016 ആയപ്പോഴേക്കും ഈ സംഖ്യ 619,000 ആയി. ഓസ്‌ട്രേലിയയിൽ ഏറ്റവും വേഗത്തിൽ വളരുന്ന വിദേശ ഗ്രൂപ്പാണ് ഇന്ത്യൻ സമൂഹം. വരും വർഷങ്ങളിൽ ഇന്ത്യക്കാർ ബ്രിട്ടീഷുകാരെ മറികടക്കുമെന്നാണ് പ്രതീക്ഷ.
യുവാക്കളാണ് ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കൂടുതൽ. 25 നും 44 നും ഇടയിൽ പ്രായമുള്ളവരാണ് കൂടുതൽ പേരും.2006 മുതൽ എത്തിയ ഇന്ത്യക്കാരിൽ 68 ശതമാനം പേർക്കും ഇതിനകം ബിരുദ ബിരുദമോ അതിൽ കൂടുതലോ വിദ്യാസ യോഗ്യതയുമുണ്ട്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികൾക്കിടയിലെ തൊഴിൽ നിരക്കും ഉയർന്നതാണ്. ഇന്ത്യയിൽ ജനിച്ച കുടിയേറ്റക്കാരിൽ ഏകദേശം 85.3 ശതമാനം പേർ ജോലി ചെയ്യുന്നു, അതേസമയം കുടിയേറ്റക്കാരുടെ മൊത്തത്തിലുള്ള തൊഴിൽ നിരക്ക് 80 ശതമാനമാണ്.