ഡിഎംകെ എംപി കനിമൊഴി, ടി ആര്‍ ബാലു, സമാജ് വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ നോട്ടീസ് നല്‍കിയവരില്‍ ഉണ്ടെന്നാണ് വിവരം. പെരുമാറ്റദൂഷ്യം ആരോപിച്ചാണ് ജഡ്ജിയെ നീക്കം ചെയ്യണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ജസ്റ്റിസ് സ്വാമിനാഥന്റെ നിഷ്പക്ഷത, സുതാര്യത, മതേതര മൂല്യങ്ങളോടുള്ള കൂറ് എന്നിവയെക്കുറിച്ച് എംപിമാര്‍ നോട്ടീസില്‍ ആശങ്ക പ്രകടിപ്പിച്ചു. രാഷ്ട്രീയ പ്രത്യയശാസ്ത്രത്താല്‍ സ്വാധീനിക്കപ്പെട്ട നിരവധി തീരുമാനങ്ങള്‍ ജസ്റ്റിസ് എടുത്തതായും പാര്‍ലമെന്റ് അംഗങ്ങള്‍ വാദിക്കുന്നു. ഒരു ഹൈക്കോടതി ജഡ്ജിയില്‍ നിന്നും പ്രതീക്ഷിക്കുന്ന നിഷ്പക്ഷതയെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്തിയതായും പ്രത്യേകിച്ച് ഒരു മുതിര്‍ന്ന അഭിഭാഷകനോടും ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളോടും അദ്ദേഹം പക്ഷപാതം കാണിക്കുന്നതായും എം പിമാര്‍ ആരോപിച്ചു. അദ്ദേഹത്തിന്റെ ചില വിധിന്യായങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര അടിത്തറയ്ക്ക് എതിരാണെന്നും നോട്ടീസില്‍ എംപിമാര്‍ അവകാശപ്പെട്ടിട്ടുണ്ട്.
advertisement
ആരാണ് ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍ ??
1968-ല്‍ ജനിച്ച ജസ്റ്റിസ് ജിആര്‍ സ്വാമിനാഥന്‍ ചെന്നൈയിലും മധുരയിലുമായാണ് അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2017-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ നിയമിതനാകുന്നതിനു മുമ്പ് അദ്ദേഹം അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ചു. അഭിപ്രായ സ്വാതന്ത്ര്യം, തടവുകാരുടെ അവകാശങ്ങള്‍, മൃഗങ്ങളുടെ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സുപ്രധാന വിധികളിലൂടെ പ്രശസ്തി നേടിയ ന്യായാധിപന്‍ കൂടിയാണ് സ്വാമിനാഥന്‍. ഇന്നുവരെ 52,000-ത്തലധികം വിധിന്യായങ്ങളും ഉത്തരവുകളും അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്.
വിവാദ വിധി
ഡിസംബര്‍ ഒന്നിന് തമിഴ്‌നാട്ടിലെ മധുരയിലുള്ള തിരുപ്പരങ്കുണ്ട്രം കുന്നിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കണമെന്ന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സമിതിയോട് നിര്‍ദ്ദേശിച്ചതാണ് ജസ്റ്റിസ് സ്വാമിനാഥനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. ക്ഷേത്ര ഭരണകൂടവും അടുത്തുള്ള ദര്‍ഗ്ഗയും തമ്മില്‍ പ്രദേശത്തെച്ചൊല്ലി വളരെക്കാലമായി സംഘര്‍ഷം നിലനില്‍ക്കുന്നതാണ്. എന്നാല്‍ പുരാതനമായ ദീപത്തൂണില്‍ വിളക്ക് കത്തിക്കുന്നത് സമീപത്തുള്ള മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങളെ ലംഘിക്കില്ലെന്ന് ജസ്റ്റിസ് സ്വാമിനാഥന്‍ ഉത്തരവിറക്കി.
അതേസമയം, ക്ഷേത്ര ഭരണകൂടം നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതോടെ ഡിസംബര്‍ മൂന്നിന് ജഡ്ജി രണ്ടാമത്തെ ഉത്തരവിറക്കി. ഭക്തര്‍ക്ക് ദീപത്തൂണില്‍ ദീപം തെളിയിക്കാന്‍ അനുമതി നല്‍കിയും സിഐഎസ്എഫ് സുരക്ഷ ഒരുക്കാന്‍ നിര്‍ദ്ദേശിച്ചും കൊണ്ടുള്ളതായിരുന്നു അത്. ഇത് ഭക്തരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. പ്രതിഷേധം ശക്തമായതോടെ ഡിഎംകെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു.
ഇതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ഏറ്റെടുത്തു. ജഡ്ജിയുടെ പ്രവൃത്തികള്‍ രാഷ്ട്രീയവും മതപരവുമായ പക്ഷപാതത്തെ പ്രതിഫലിപ്പിക്കുന്നതായി എംപിമാര്‍ ആരോപിച്ചു. നിയമത്തിന്റെ നിഷ്പക്ഷ മധ്യസ്ഥന്‍ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ഇതോടെ ചോദ്യം ചെയ്യപ്പെട്ടു.
നിലവിലുള്ള വിവാദങ്ങള്‍ ജസ്റ്റിസ് സ്വാമിനാഥന്റെ പെരുമാറ്റ ദൂഷ്യത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അദ്ദേഹത്തിന്റെ ജുഡീഷ്യല്‍ നിഷ്പക്ഷതയെ കുറിച്ച് വിശാലമായ അവലോകനം നടത്തണമെന്ന് പലരും ആവശ്യപ്പെട്ടു. ഇതോടെയാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുന്നത്. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കാരണമാകും. ജുഡീഷ്യറിയെ കുറിച്ചുള്ള ചോദ്യങ്ങളും ഇതോടൊപ്പം ഉയരും.
