പാകിസ്ഥാൻ ഫ്രാന്‍സില്‍ നിന്നും വാങ്ങുന്ന ലാമിനേഷന്‍ പേപ്പര്‍ ലഭിക്കാത്തതാണ് പുതിയ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കാൻ കാലതാമസമെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പഠനത്തിനോ ജോലിക്കോ അവധിക്കാലം ചെലവഴിക്കുന്നതിനോ വേണ്ട വിദേശത്തേക്ക് പോകാനിരിക്കുന്ന പാകിസ്ഥാനികളുടെ ആഗ്രഹത്തെ തടയിടുന്നവിധം പ്രിന്റ് ചെയ്യാത്ത ലക്ഷക്കണക്കിന് പാസ്‌പോര്‍ട്ടുകളാണ് കെട്ടിക്കിടക്കുന്നത്.
ഇത് ഗുരുതരമായ പ്രശ്‌നമാണോ? പതിനായിരക്കണക്കിന് പാകിസ്ഥാനികളെ ഇത് ബാധിക്കുന്നത് എങ്ങനെ?
ലാമിനേഷര്‍ പേപ്പറുകള്‍ക്ക് വലിയ തോതില്‍ ക്ഷാമമുണ്ടെന്ന് അറിഞ്ഞിട്ടും, ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപടിയെടുക്കാത്തതാണ് രാജ്യത്ത് പാസ്‌പോര്‍ട്ട് അച്ചടിക്കുന്നതിനെ തടസ്സപ്പെടുത്തുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം, പുതിയ പാസ്‌പോര്‍ട്ട് എടുക്കുന്നതിനായി നല്‍കുന്ന അപേക്ഷയിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. നേരത്തെ ദിവസം 20,000 മുതല്‍ 30000 അപേക്ഷകളാണ് പുതിയ പാസ്‌പോര്‍ട്ടിനായി ലഭിച്ചിരുന്നതെങ്കില്‍ നിലവില്‍ അത് ശരാശരി 40,000 ആണെന്ന് ഡെയ്‌ലി പാകിസ്ഥാന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
advertisement
ലാമിനേഷന്‍ പേപ്പറുകളുടെ ലഭ്യതക്കുറവ് കാരണം രേഖകള്‍ കൃത്യസമയത്ത് എത്തിക്കാന്‍ സാധിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും പാസ്പോര്‍ട്ട് ഓഫീസുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുകയാണ്.
അപേക്ഷകള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് പാസ്പോര്‍ട്ട് ഡെലിവറി കാലയളവുകൾ നീട്ടിയിട്ടുണ്ട്. സാധാരണ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള കാലയളവ് 10 ദിവസത്തില്‍ നിന്ന് ഒരു മാസമായി നീട്ടി. അതേസമയം, അടിയന്തരമായി ലഭിക്കുന്നതിനുള്ള കാലയളവ് 15 ആയും നീട്ടിയിട്ടുണ്ട്. ഇത് നേരത്തെ അഞ്ച് ദിവസമായിരുന്നു. ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി ലഭിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ രണ്ട് ദിവസത്തിന് പകരം അഞ്ച് ദിവസമെടുത്താണ് ലഭിക്കുന്നതെന്ന് എക്‌സ്പ്രസ് ന്യൂസ് റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു.
പാസ്‌പോര്‍ട്ട് അപേക്ഷകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്താന്‍ പല കാരണങ്ങളും പറയപ്പെടുന്നുണ്ട്. രാജ്യത്തെ നിലവിലെ മോശം സാമ്പത്തിക സ്ഥിതിയെത്തുടര്‍ന്ന് വിദേശത്ത് ജോലി സമ്പാദിക്കാന്‍ യുവാക്കള്‍ ശ്രമിക്കുന്നതാണ് ഇതിന് പ്രധാന കാരണം. കൂടാതെ, യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ഒട്ടേറെപ്പേരെ മതപരമായ കാരണങ്ങളാല്‍ വിദേശത്തേക്ക് പോകാനോ അവരുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രം സന്ദര്‍ശിക്കാനോ പ്രേരിപ്പിക്കുന്നുണ്ട്.
സര്‍ക്കാരിന് കീഴില്‍ പ്രിന്റ് ചെയ്യാതെ ഏഴ് ലക്ഷത്തോളം പാസ്‌പോര്‍ട്ടുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് കറാച്ചി റിപ്പോര്‍ട്ടു ചെയ്തു. ലാമിനേഷന്‍ പേപ്പര്‍ എത്തിക്കഴിഞ്ഞാല്‍ നഷ്ടപ്പെട്ട സമയം നികത്താന്‍ വാരാന്ത്യങ്ങളില്‍ പോലും അച്ചടി നടത്തേണ്ടി വരുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
നിലവിലെ സ്ഥിതി എപ്പോള്‍ മെച്ചപ്പെടും?
നിലവില്‍ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ എടുക്കുന്ന കാലതാമസം എപ്പോള്‍ മെച്ചപ്പെടുമെന്നതു സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. 2013-ലും ഇത്തരമൊരു സാഹചര്യം പാകിസ്ഥാനിലുണ്ടായിരുന്നു. പ്രിന്ററുകള്‍ക്കുള്ള പണം കൈമാറാത്തതിനാലും ലാമിനേഷന്‍ പേപ്പറിന്റെ അഭാവവും കാരണം പാസ്‌പോര്‍ട്ട് പ്രിന്റിങ്ങിന് കാലതാമസം നേരിട്ടിരുന്നു. പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടുമെന്നും പാസ്‌പോര്‍ട്ട് ലഭിക്കുന്നത് സാധാരണഗതിയിലാകുമെന്നും ആഭ്യന്തരമന്ത്രാലയത്തിലെ മാധ്യമവിഭാഗം ഡയറക്ടര്‍ ജനറല്‍ ഖാദിര്‍ യാര്‍ തിവാന പറഞ്ഞു.
പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സാധ്യമാതെല്ലാം ചെയ്തുവരികയാണെന്നും കെട്ടിക്കിടക്കുന്ന പാസ്‌പോര്‍ട്ടുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കറാച്ചില്‍ മാത്രം ഒരു ദിവസം 3000 പാസ്‌പോര്‍ട്ട് അപേക്ഷകളാണ് ലഭിക്കുന്നത്. പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയിട്ട് രണ്ടുമാസത്തോളമായിട്ടും ലഭിക്കാത്തവർ ഉണ്ടെന്നതും ശ്രദ്ധേയമാണ്.
