സമാധാന സമ്മാന ജേതാക്കള്‍ അവരുടെ രാജ്യങ്ങളിലെ പൗരസമൂഹത്തെ പ്രതിനിധീകരിക്കുന്നുവെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. അധികാര ദുർവിനിയോഗത്തെ വിമര്‍ശിക്കാനും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ വര്‍ഷങ്ങളായി പരിശ്രമിക്കുന്നു. യുദ്ധക്കുറ്റകൃത്യങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങള്‍, ദുരുപയോഗം എന്നിവ കുറയ്ക്കാൻ അവര്‍ മികച്ച ശ്രമം നടത്തുന്നു. അവര്‍ ഒരുമിച്ച് സമാധാനത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ശ്രമങ്ങളുടെ പ്രാധാന്യം തെളിയിക്കുന്നു', നോര്‍വീജിയന്‍ നൊബേല്‍ കമിറ്റി അഭിപ്രായപ്പെട്ടു.
ഈ വര്‍ഷത്തെ വിജയികള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ 70-ാം (ഒക്ടോബര്‍ 7) ജന്മദിനത്തില്‍ നല്‍കുന്ന സമ്മാനമാണോ എന്ന ചോദ്യത്തിന് ആര്‍ക്കെതിരെയുമല്ല ഈ സമ്മാനമെന്ന് നോബല്‍ കമ്മിറ്റി തലവന്‍ ബെറിറ്റ് റെയ്സ്-ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
advertisement
'ഇത് പ്രസിഡന്റ് പുടിനെ അഭിസംബോധന ചെയ്തുള്ളതല്ല, അദ്ദേഹത്തിന്റെ ജന്മദിനത്തിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും അര്‍ത്ഥത്തിലോ നല്‍കുന്നതല്ല. മറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്ന അദ്ദേഹത്തിന്റെ സര്‍ക്കാര്‍, ബെലാറൂസിലെ സ്വേച്ഛാധിപത്യ സര്‍ക്കാർ എന്നിവയ്ക്കെതിരെയാണ്, റെയ്സ്-ആന്‍ഡേഴ്‌സണെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
വിജയികള്‍ക്ക് 10 മില്യണ്‍ സ്വീഡിഷ് ക്രോണര്‍ (ഏകദേശം 7 കോടിയോളും രൂപ) ക്യാഷ് അവാര്‍ഡാണ് ലഭിക്കുക. ഡിസംബര്‍ 10-ന് നടക്കുന്ന ചടങ്ങില്‍ സമ്മാനം കൈമാറും. വിജയികളെക്കുറിച്ച് കൂടുതല്‍ അറിയാം:
അലെസ് ബിയാലിയാറ്റ്സ്‌കി
2021 മുതല്‍ വിചാരണ കൂടാതെ തടവില്‍ കഴിയുന്ന ബെലാറൂസിലെ എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് അലെസ് ബിയാലിയാറ്റ്‌സ്‌കി. 1980കളുടെ മധ്യത്തില്‍ ബെലാറൂസില്‍ ഉയര്‍ന്നുവന്ന ജനാധിപത്യ പ്രസ്ഥാനത്തിന്റെ തുടക്കക്കാരില്‍ ഒരാളായിരുന്നു അലെസ്. തന്റെ രാജ്യത്ത് ജനാധിപത്യത്തിനും സമാധാനപരമായ വികസനത്തിനും വേണ്ടി അദ്ദേഹം തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു.
Also read : സമാധാനത്തിനുള്ള നൊബേൽ സമ്മാനം: ജേതാവിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?
1996ല്‍ അദ്ദേഹം വിയാസ്ന എന്ന സംഘടന സ്ഥാപിച്ചു. ബെലാറൂസിലെ പ്രമുഖ സര്‍ക്കാരിതര സംഘടനകളിലൊന്നായ വിയാസ്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തടഞ്ഞിരുന്നു. സംഘടനയുടെ ആരംഭം മുതല്‍ പ്രവർത്തകർ അധികാരികളാല്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ടു. ആവര്‍ത്തിച്ചുള്ള അറസ്റ്റുകള്‍, തടങ്കല്‍, മര്‍ദനങ്ങള്‍, റെയ്ഡുകള്‍, പിഴകള്‍ എന്നിവയ്ക്ക് ഇതിലെ അംഗങ്ങള്‍ വിധേയരായതായി റൈറ്റ് ലൈവ്‌ലിഹുഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2003 മുതല്‍ ബെലാറൂസ് അധികൃതര്‍ വിയാസ്നയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി.
2011 ഓഗസ്റ്റില്‍ നികുതി വെട്ടിപ്പ് ആരോപിച്ച് ബിയാലിയാറ്റ്സ്‌കിയെ ഭരണകൂടം അറസ്റ്റ് ചെയ്തു. നാലര വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 2013ല്‍ ജയിലില്‍ കിടക്കുമ്പോള്‍ ബിയാലിയാറ്റ്സ്‌കി 'എൻലൈന്റെൻഡ് ബൈ ബലാറൂസ്' എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു.
അതേസമയം, ഒരു വര്‍ഷത്തിലേറെയായി ബിയാലിയാറ്റ്സ്‌കി ജയിലില്‍ കഴിയുകയാണെന്ന് നൊബേല്‍ കമ്മിറ്റി അധികൃതര്‍ പറഞ്ഞു, ''വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും, ബെലാറൂസിലെ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ നിന്ന് ബിയാലിയാറ്റ്സ്‌കി ഒരിഞ്ച് പോലും പിന്നോട്ട് പോയിട്ടില്ലെന്നും കമ്മിറ്റി പറഞ്ഞു.
'മനുഷ്യത്വരഹിതമായ' സാഹചര്യത്തിലാണ് അലെസിനെ തടവിലാക്കിയതെന്നും നൊബേല്‍ സമ്മാനം അദ്ദേഹത്തിന്റെ മോചനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിയാലിയാറ്റ്സ്‌കിയുടെ അടുത്ത സുഹൃത്തുമായ ഫ്രാനക് വിയാകോര്‍ക റോയിട്ടേഴ്സിനോട് പറഞ്ഞു.
മെമോറിയല്‍
അന്തരിച്ച സോവിയറ്റ് നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ ഭരണകാലത്താണ് 1987-ല്‍ റഷ്യന്‍ മനുഷ്യാവകാശ ഗ്രൂപ്പായ മെമ്മോറിയല്‍ സ്ഥാപിതമായത്. 1954ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആന്ദ്രേ സഖറോവ്, മനുഷ്യാവകാശ അഭിഭാഷക സ്വെറ്റ്ലാന ഗന്നുഷ്‌കിന എന്നിവര്‍ ചേര്‍ന്നാണ് സംഘടന സ്ഥാപിച്ചത്. ഇന്നത്തെ റഷ്യയിലും മറ്റ് രാജ്യങ്ങളിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ സംഘടന തുറന്നുകാട്ടിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ചെചെന്‍ യുദ്ധസമയത്ത്, റഷ്യയും റഷ്യന്‍ അനുകൂല ശക്തികളും നടത്തിയ അതിക്രമങ്ങളെയും യുദ്ധകുറ്റകൃത്യങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ മെമോറിയൽ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടി. ഇതേതുടര്‍ന്ന് ചെച്നിയയിലെ മെമ്മോറിയല്‍ ബ്രാഞ്ചിന്റെ തലവനായ നതാലിയ എസ്റ്റെമിറോവ 2009-ല്‍ കൊല്ലപ്പെട്ടതായി നൊബേല്‍ കമ്മിറ്റി പരാമര്‍ശിച്ചു. അതേസമയം, കഴിഞ്ഞ ഡിസംബറില്‍ റഷ്യയിലെ സുപ്രീം കോടതി മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ സംഘടന ഉപേക്ഷിക്കാന്‍ തയാറല്ലെന്ന് പറഞ്ഞാണ് അംഗങ്ങള്‍ കോടതി ഉത്തരവിനോട് പ്രതികരിച്ചത്.
സമാധാനത്തിനുള്ള നോബല്‍ സമ്മാനം സംഘടനയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കും റഷ്യയില്‍ ആക്രമണങ്ങളും പ്രതികാര നടപടികളും' അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്കുമുള്ള അംഗീകാരമാണെന്ന് മെമോറിയല്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.
സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ടീസ്
2007ല്‍ യുക്രെയ്‌നില്‍ മനുഷ്യാവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി കീവിലാണ് സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സ്ഥാപിച്ചത്. യുക്രെയ്‌ൻ പൗരന്മാരെ ശക്തിപ്പെടുത്താനും യുക്രെയ്‌നെ സമ്പൂര്‍ണ്ണ ജനാധിപത്യ രാജ്യമാക്കാന്‍ അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ഈ അവാര്‍ഡ് തങ്ങള്‍ക്ക് ഒരു അത്ഭുതമാണെന്ന് സെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ പ്രതിനിധി വ്ളോഡിമര്‍ യാവോര്‍സ്‌കി പറഞ്ഞു. യുദ്ധത്തിനെതിരായ പ്രധാന ആയുധം മനുഷ്യാവകാശ പ്രവര്‍ത്തനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.