ഇസ്രായേലിന്റെ ഇന്റലിജൻസ് സേവനങ്ങൾക്ക് ആക്രമണത്തെക്കുറിച്ച് സൂചന ലഭിച്ചില്ലെന്ന് റിപ്പോർട്ട്
മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വിപുലവും ഏറ്റവും ധനസഹായം ലഭിക്കുന്നതുമായ രഹസ്യാന്വേഷണ വിഭാഗമാണ് ഇസ്രായേലിനുള്ളത്. അതിൽ രാജ്യം അഭിമാനിക്കുന്നുമുണ്ട്. ലെബനനിലും സിറിയയിലും മറ്റ് രാജ്യങ്ങളിലും പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ളിൽ പോലും ഇസ്രയേലി ഇന്റലിജൻസിന് വിവരദാതാക്കളും ഏജന്റുമാരും ഉണ്ടെന്നാണ് അവർ തന്നെ പറയുന്നത്.
പലസ്തീൻ തീവ്രവാദ സംഘം ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല എന്നും ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം പല പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും ന്യൂയോർക്ക് ടൈംസിലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.
advertisement
ഗാസയിലുടനീളം ഇസ്രായേൽ ഇലക്ട്രോണിക് ഇന്റർസെപ്‌റ്റുകളും സെൻസറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനും പുറമേ നിരവധി വിവരദാതാക്കളുടെ ഒരു ശൃംഖല തന്നെ രാജ്യത്തിനുണ്ട്. ഹമാസിന്റെ നെറ്റ്‌വർക്കുകൾ ട്രാക്ക് ചെയ്യാനും അതിനെ തടയാനും പ്രതിരോധിക്കാനും ഇസ്രായേൽ മുൻകാലങ്ങളിൽ വളരെയധികം നിക്ഷേപം നടത്തിയിട്ടുമുണ്ട്. എന്നിട്ടു പോലും ഇത്തരമൊരു ആക്രമണത്തിന് ഹമാസ് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു സൂചനയും ലഭിച്ചില്ല. പലസ്തീൻ ഗ്രൂപ്പുകൾ 1973 ഒക്ടോബറിൽ നടത്തിയ യോം കിപ്പൂർ യുദ്ധവുമായി ഈ ആക്രമണത്തെ താരതമ്യം ചെയ്യുന്നവരുമുണ്ട്.
പരാജയപ്പെട്ട അയൺ ഡോം
ഹ്രസ്വദൂര വ്യോമ ഭീഷണികളെ നിര്‍വീര്യമാക്കി ജനവാസ മേഖലകളെയും നിര്‍ണായക സ്വത്തുക്കളെയും സംരക്ഷിക്കുന്നതിന് ഇസ്രയേല്‍ സ്വയം രൂപകല്‍പന ചെയ്ത സംവിധാനമാണ് അയണ്‍ ഡോം. ഈ പ്രതിരോധ സംവിധാനത്തിന് വ്യോമാതിര്‍ത്തി ലക്ഷ്യമിട്ടെത്തുന്ന റോക്കറ്റുകളെ തകര്‍ക്കാനും റോക്കറ്റിന്റെ പാത, വേഗത, പ്രതീക്ഷിക്കുന്ന ലക്ഷ്യം എന്നിവ കണ്ടെത്താനും കഴിവുണ്ട്. വളരെ വേഗത്തില്‍ സങ്കീര്‍ണമായ കണക്കുകൂട്ടലുകള്‍ നടത്താനുമുള്ള അയണ്‍ ഡോമിന്റെ കഴിവും ശ്രദ്ധേയമാണ്. മിസൈലുകളെ ആകാശത്തുവെച്ചു തന്നെ നശിപ്പിക്കുന്നതിനുള്ള കണക്കുകൂട്ടലുകള്‍ നടത്തുന്നതിനും അയൺ ഡോം ഉപയോഗിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനമായാണ് അയണ്‍ ഡോമിനെ കണക്കാക്കുന്നത്.
നാളുകളായി അയണ്‍ ഡോം സംവിധാനത്തിന്റെ പിഴവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഹമാസ്. ഇസ്രയേലില്‍ വലിയ സ്‌ഫോടനം നടത്തിയപ്പോള്‍ അയണ്‍ ഡോമിന്റെ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹമാസ് മനസ്സിലാക്കി. ഈ പിഴവ് പ്രയോജനപ്പെടുത്തിയാണ് ശനിയാഴ്ച ഹമാസ് ആക്രമണം നടത്തിയത്. 20 മിനിറ്റിനുള്ളില്‍ 5000-ല്‍ പരം റോക്കറ്റുകളാണ് ശനിയാഴ്ചത്തെ ആക്രമണത്തില്‍ ഹമാസ് അയച്ചത്. ഹമാസ് തൊടുത്തുവിട്ട പുതിയ ആയുധങ്ങൾ തടയുക എന്നത് എളുപ്പമല്ലായിരുന്നു എന്നും അവർ രാജും (Rajum) എന്ന പുതിയ മിസൈൽ സംവിധാനം ഉപയോഗിച്ചിരിക്കാമെന്നും സൈനിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഗാസയിലേക്കുള്ള ആയുധക്കടത്ത്
ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിടാനും ഈ ആക്രമണത്തിനായി തയ്യാറെടുക്കാനും അത് നടപ്പിലാക്കാനും ഹമാസ് വളരെ നാളുകളായി ശ്രമങ്ങൾ നടത്തിവരികയായിരിക്കണം. ഹമാസ് അയച്ച ഇറാനിയൻ നിർമിത റോക്കറ്റുകളുടെയും മിസൈലുകളുടെയും ട്രാക്ക് സൂക്ഷിക്കാനും ഇസ്രായേലിനായില്ല. ഈ റോക്കറ്റുകൾ പലപ്പോഴായി പല ഭാഗങ്ങളായി ഗാസയിലേക്ക് കടത്തിവയാണ്. അവിടെ വെച്ച് അവ കൂട്ടിച്ചേർക്കുകയാണ് ഉണ്ടായത്.
Also Read- Israel-Gaza Attack| ഇസ്രായേൽ-ഹമാസ് സംഘർഷം; ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം
ഹമാസ് തീവ്രവാദികളെ നിരീക്ഷിക്കാനും ഇറാനിൽ നിന്ന് ആയുധങ്ങൾ രഹസ്യമായി കടത്തുന്നത് തടയാനും ഇസ്രായേലും ഈജിപ്തും ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് മുൻ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.