പുടിന്റെ അംഗരക്ഷകര്‍ പലപ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇത്തവണ അലാസ്‌കയില്‍ ട്രംപിനെ കാണാനെത്തിയ പുടിന്റെ ചില വിചിത്രമായ വിശേഷങ്ങളാണ് പുറത്തുവരുന്നത്. പുടിന്റെ അംഗരക്ഷകര്‍ ചുമന്നുനടക്കുന്ന സ്യൂട്ട്‌കേസ് ആണ് ഇതിലെ പ്രധാന ചര്‍ച്ചാ വിഷയം. അലാസ്‌ക ഉച്ചക്കോടിക്ക് പുടിന്‍ എത്തിയത് തന്റെ വിസര്‍ജ്യം ശേഖരിക്കുന്ന സ്യൂട്ട്‌കേസുമായാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുടിന്‍ വിദേശ യാത്ര നടത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ ഈ സ്യൂട്ട്‌കേസ് ചുമക്കുന്നു. അദ്ദേഹത്തിന്റെ വിസര്‍ജ്യം ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
advertisement
റഷ്യന്‍ പ്രസിഡന്റിന്റെ വിസര്‍ജ്യം ശേഖരിക്കുന്ന സ്യൂട്ട്‌കേസിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വരുന്നത് ഇതാദ്യമായല്ല. 2022-ല്‍ ഫ്രഞ്ച് മാഗസീന്‍ പാരീസ് മാച്ചില്‍ ഫ്രാന്‍സിലെ രണ്ട് മുതിര്‍ന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ ഈ രഹസ്യം പുറത്തുകൊണ്ടുവന്നിരുന്നു.
റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസ് (എഫ്പിഎസ്) പുടിന്റെ മലം ഉള്‍പ്പെടെയുള്ള ശാരീര മാലിന്യങ്ങള്‍ ശേഖരിക്കുകയും പ്രത്യേക ബാഗുകളില്‍ അടയ്ക്കുകയും സുരക്ഷിതമായ ബ്രീഫ്‌കേസുകളില്‍ കൊണ്ടുപോകുകയും ചെയ്യുന്നു എന്നാണ് ഫ്രഞ്ച് പത്രപ്രവര്‍ത്തകരായ റെജിസ് ജെന്റെയും മിഖായേല്‍ റൂബിനും പാരീസ് മാച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്.
2017 മേയില്‍ പുടിന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴും 2019 ഒക്ടോബറില്‍ സൗദി അറേബ്യയിലെത്തിയപ്പോഴും ഈ സ്യൂട്ട്‌കേസ് കൊണ്ടുപോയെന്നും വിസര്‍ജ്യം ശേഖരിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.
പക്ഷേ, എന്തിനായിരിക്കും പുടിന്‍ തന്റെ വിദേശ സന്ദര്‍ശനങ്ങളില്‍ ഈ സ്യൂട്ട്‌കേസ് കൊണ്ടുപോകുന്നത്? വിസര്‍ജ്യം ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് എന്തിനാവും ?
ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലെ ചര്‍ച്ചകള്‍ ഒരു കരാറിലും എത്തിച്ചില്ലെങ്കിലും ഈ സ്യൂട്ട്‌കേസ് വീണ്ടും മാധ്യമശ്രദ്ധ നേടുകയാണ്. ഈ സ്യൂട്ട്‌കേസ് പുടിന്റെ ഉയര്‍ന്ന സുരക്ഷാ ദിനചര്യയുടെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വിദേശ ഏജന്‍സികള്‍ അറിയുന്നത് തടയാനാണ് ഈ അസാധാരണ നടപടിയെന്ന് ദി എക്‌സ്പ്രസ് യുഎസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുടിന് യുഎസില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരുന്നത്. അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ ചര്‍ച്ച നടക്കുമ്പോഴും അദ്ദേഹത്തിന്റെ സമീപത്തുതന്നെ തുടര്‍ന്നു. പ്രസിഡന്റിനെയും റഷ്യന്‍ രഹസ്യാത്മകതയും സംരക്ഷിക്കാന്‍ നിരവധി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു.
വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്റെ ജൈവ മാലിന്യങ്ങള്‍ പരിശോധിച്ച് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാന്‍ ശ്രമിച്ചേക്കുമെന്ന് പുടിന് ആശങ്കയുണ്ടെന്ന് യുഎസ് ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി (ഡിഐഎ)യിലെ മുന്‍ ഉദ്യോഗസ്ഥയായ റെബേക്ക കോഫ്‌ലര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇതാണ് വിസര്‍ജ്യം സ്യൂട്ട്‌കേസിലാക്കി റഷ്യയിലേക്ക് തിരികെ കൊണ്ടുപോകാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
72-കാരനായ പുടിന്റെ ആരോഗ്യം സംബന്ധിച്ച ആശങ്കകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ കസാക്കിസ്ഥാനിലെ അസ്താനയില്‍ നടന്ന ഒരു സമ്മേളനത്തില്‍ പുടിന്റെ കാലുകള്‍ വിറയ്ക്കുന്നതായി കണ്ടത് അഭ്യൂഹങ്ങള്‍ പരത്തി. പാര്‍ക്കിസണ്‍സ് പോലുള്ള രോഗാവസ്ഥയിലേക്കാണ് ഇത് വിരല്‍ച്ചൂണ്ടുന്നത് എന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
രഹസ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മലം ഉപയോഗിക്കുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാവോ സെദോങ്ങിനെയും മറ്റ് നേതാക്കളെയും ഒരു ലബോറട്ടറിയില്‍ വിസര്‍ജ്യം പഠനവിധേയമാക്കി ജോസഫ് സ്റ്റാലിന്‍ ചാരപ്പണി നടത്തിയെന്ന് ഒരു മുന്‍ സോവിയറ്റ് ഏജന്റ് ഒരിക്കല്‍ അവകാശപ്പെട്ടു.