TRENDING:

വീണ്ടും ഭൂകമ്പത്തിൽ നടുങ്ങി ഇന്തോനേഷ്യ; തീവ്രത കുറഞ്ഞ ഭൂചലനം പോലും വലിയ നാശനഷ്ടം ഉണ്ടാക്കിയതിനു കാരണം?

Last Updated:

റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 162 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്തോനേഷ്യൻ ദ്വീപായ ജാവയിൽ തിങ്കളാഴ്ച നടന്ന ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 162 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങളും തകർന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ സിയാഞ്ചുർ മേഖലയിലാണ്‌ ഭൂകമ്പമുണ്ടായത്‌. സ്‌കൂൾ സമയത്ത് ദുരന്തമുണ്ടായതിനാൽ മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് വെസ്റ്റ് ജാവ ഗവർണർ റിദ്‌വാൻ കാമിൽ മാധ്യമങ്ങളോട് പറഞ്ഞു. 13,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഭൂകമ്പത്തിൽ 326 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും കാമിൽ പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഭൂരിഭാ​ഗം മൃതദേഹങ്ങളും കണ്ടെത്തിയത്. ആളുകൾ വീടുകളിൽനിന്നും ജോലിസ്ഥലങ്ങളിൽനിന്നും ഇറങ്ങിയോടിയതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

ഇന്തോനേഷ്യയുടെ നാഷണൽ ഡിസാസ്റ്റർ മിറ്റിഗേഷൻ ഏജൻസിയുടെ കണക്കുകൾ (ബിഎൻപിബി) പ്രകാരം 2000 വീടുകൾക്കെങ്കിലും ഈ ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചിലർ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെങ്കിലും നിരവധി കുടുംബങ്ങളെ ഇനിയും ഒഴിപ്പിക്കേണ്ടതുണ്ടെന്ന് അധിക‍ൃതർ അറിയിച്ചു.

advertisement

ദുരന്ത ബാധിത പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിലും തടസം നേരിട്ടിരിക്കുകയാണ്. വൈദ്യുതി പൂർണമായി പുനഃസ്ഥാപിക്കാൻ മൂന്ന് ദിവസമെടുക്കും. മൊബൈൽ ഫോൺ നെറ്റ്‍വർക്കുകൾക്ക് തടയം നേരിടുന്നതും രക്ഷാപ്രവർത്തനത്തിൽ വെല്ലുവിളി ആയിരിക്കുകയാണ്.

തുടർച്ചയായ ഭൂകമ്പങ്ങൾ

ഓരോ വർഷവും, ഇന്തോനേഷ്യയിൽ ആയിരക്കണക്കിന് ഭൂകമ്പങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചിലത് ചെറിയ ഭൂചലങ്ങൾ ആണെങ്കിൽ മറ്റുള്ളവ രാജ്യത്തെ സാരമായി തന്നെ ബാധിക്കുന്നതാണ്. നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം, 2021 ൽ മൊത്തം 10,570 ഭൂകമ്പങ്ങളാണ് ഇന്തോനേഷ്യയിൽ ഉണ്ടായത്. 2020 നെ അപേക്ഷിച്ച് ​ഗണ്യമായ വർദ്ധനവാണ് ഇത്. 8,264 ഭൂകമ്പങ്ങളാണ് 2020 ൽ രേഖപ്പെടുത്തിയത്.

advertisement

പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള 'റിംഗ് ഓഫ് ഫയർ' എന്ന ബാൻഡിനുള്ളിലാണ് ഇന്തോനേഷ്യ സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിൽ പതിവായി, ഭൂചലനങ്ങളും അ​ഗ്നിപർവത സ്ഫോടനങ്ങളും ഉണ്ടാകാറുണ്ട്. ഇത് കൃത്യമായി വൃത്താകൃതിയിലല്ല. ഒരു കുതിരയുടെ ആകൃതിയിലാണ് ഈ പ്രദേശമുളളത്. പലപ്പോഴും ഭൂചലനങ്ങളും അഗ്‌നിപർവത സ്ഫോടനങ്ങളുമുണ്ടാകുന്ന രാജ്യമാണ് ഇന്തോനേഷ്യ. ടെക്ടോണിക്ക് പ്ലേറ്റുകൾക്ക് ചലനം സംഭവിക്കുന്ന പസിഫിക്കിലെ 'റിംഗ് ഓഫ് ഫയർ' മേഖലയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇവിടെ ഇത്തരം പ്രകൃതി ദുരന്തങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത്.

"ഇന്തോനേഷ്യയിൽ ഇത്രയധികം ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം പ്ലേറ്റ് ടെക്റ്റോണിക്സും റിംഗ് ഓഫ് ഫയറുമാണ്," എന്ന് സിഎൻഎൻ കാലാവസ്ഥാ നിരീക്ഷകനായ അല്ലിസൺ ചിഞ്ചാർ പറയുന്നു. അവയ്ക്ക് ചുറ്റുമുള്ള ഭൂമി നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചലിക്കുകയും ചെയ്യുന്നു.

advertisement

ഭൗമാന്തർഭാഗത്തു നടക്കുന്ന രണ്ടുതരം പ്രതിഭാസങ്ങളാണ് പ്രധാനമായും ഭൂകമ്പങ്ങൾക്കു കാരണമാകുന്നത്. വിവർത്തന പ്രവർത്തനങ്ങളും അഗ്നിപർവത പ്രവർത്തനങ്ങളുമാണ് ഈ രണ്ടു കാരണങ്ങൾ. ഇവ കൂടാതെ വലിയ അണക്കെട്ടുകൾ ഉണ്ടാക്കുന്ന കടുത്ത സമ്മർദം ഭൂമിക്ക് താങ്ങാൻ കഴിയാതെ വരുമ്പോഴും ഭൂകമ്പം ഉണ്ടാകാറുണ്ട്. പ്രേരിത ചലനങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്.

നാശനഷ്ം കൂടുന്നു

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യയിൽ ഓരോ വർഷവും ഭൂകമ്പങ്ങൾ വർദ്ധിച്ചു വരികയാണ്. ഭൗമോപരിതലം അവിചാരിതമായി ചലിക്കുന്നതിനാണ് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ ഭൂമിയുടെ പുറംതോടിലെ ശിലാഫലകങ്ങൾ പൊട്ടുന്നു. പിന്നീട് ഇവിടം കൂടുതൽ ഭൂകമ്പ സാധ്യതയുള്ള പ്രദേശമായി മാറുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇന്തോനേഷ്യയിൽ ഇത്രയധികം നാശമുണ്ടാക്കുന്ന ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്.

advertisement

2018 സെപ്റ്റംബർ 28-ന് സെൻട്രൽ സുലവേസിയിൽ ഉണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയുമാണ് സമീപ വർഷങ്ങളിൽ രാജ്യത്തു സംഭവിച്ച അപകടങ്ങളിൽ ഏറ്റവും വിനാശകരമായത്. ഇത് 4340 പേരുടെ മരണത്തിനു കാരണമാകുകയും 10,679 പേർക്ക് പരിക്കേൽക്കുകയും 667 പേരെ കാണാതാവുകയും ചെയ്തു. രാജ്യത്തെ ഏറ്റവും മാരകമായ ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ഭൂകമ്പം ഇത് വ്യാപകമായ നാശനഷ്ടങ്ങൾക്കും ഇടയാക്കി. ഭൂമിയുടെ പുറംതോടിലെ പൊട്ടലും ദുരന്തത്തിന് ആക്കം കൂട്ടി. 15 മീറ്റർ ഉയരമുള്ള തിരമാലകൾ ശ്രീലങ്കയെയും ദക്ഷിണേന്ത്യയെയും ഇന്തോനേഷ്യൻ തീരത്തെയും സാരമായി ബാധിച്ചിരുന്നു. തായ്‌ലൻഡിലെ ജനങ്ങൾക്ക് പോലും ഇതേത്തുടർന്ന് നാശനഷ്ടമുണ്ടായി.

സെൻട്രൽ സുലവേസി ഭൂകമ്പത്തിന് മുമ്പ്, രാജ്യത്ത് എട്ട് വലിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിരുന്നു, അതിൽ അഞ്ചെണ്ണം റിക്ടർ സ്കെയിലിൽ 6 ന് മുകളിൽ രേഖപ്പെടുത്തിയവ ആയിരുന്നു.

ചെറിയ ഭൂകമ്പങ്ങൾ, വലിയ നാശനഷ്ടങ്ങൾ

ഭൂകമ്പ സാധ്യതയുള്ള കൂടുതലുള്ള പ്രദേശത്ത്, പലപ്പോഴും തീവ്രത കുറ‍ഞ്ഞ ഭൂകമ്പങ്ങൾ പോലും വലിയ നാശനഷ്ടം ഉണ്ടാക്കാറുണ്ട്. ജാവയിൽ കണ്ടതുപോലെ പലപ്പോഴും ചെറിയ ഭൂചലനങ്ങൾ വലിയ തോതിലുള്ള നാശത്തിലേക്ക് നയിക്കുന്നു. സീസ്മോളജിക്കൽ റിസർച്ച് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച 2020 ലെ ഒരു പഠനമനുസരിച്ച്, ചെറിയ ഭൂകമ്പങ്ങൾ പലപ്പോഴും വലിയ ഭൂകമ്പങ്ങളേക്കാൾ കൂടുതൽ നാശമുണ്ടാക്കും. ഏറ്റവും ശക്തമായ കുലുക്കത്തിന് കാരണമായ പ്രകമ്പനങ്ങൾ പ്രതീക്ഷിച്ചതിലും ചെറിയ നാശഷ്ടങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നും കണ്ടെത്തിയിട്ടുണ്ട്.

''ഭൂകമ്പം ഉണ്ടാകുന്ന സ്ഥലത്തു നിന്നും നിങ്ങൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള ദൂരം, നിങ്ങൾ എത്രത്തോളം ഉറപ്പുള്ള മണ്ണിലാണ് നിൽക്കുന്നത്, നിങ്ങൾ നിൽക്കുന്ന കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയ പല ഘടങ്ങളെയും ആശ്രയിച്ചായിരിക്കും നാശനഷ്ടങ്ങൾ ഉണ്ടാകുക. ഭൂകമ്പത്തിന്റെ തീവ്രത 4 നോ 5 നോ മുകളിൽ താഴെ ആണെങ്കിൽ കാര്യമായ കേടുപാടുകൾ സംഭവിക്കില്ല'', അമേരിക്കൻ ഗവൺമെന്റിനു കീഴിലുള്ള ശാസ്ത്ര ഏജൻസിയായ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ പറയുന്നു.

ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിലും മോശമായി കെട്ടിടങ്ങൾ രൂപകൽപന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലും ഭൂകമ്പത്തെ തുടർന്നുണ്ടായ മരണങ്ങളും നാശനഷ്ടങ്ങളും കൂടുതലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

"ഒരു ചെറിയ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാകണമെങ്കിൽ അത് തീവ്രത കുറഞ്ഞത് ആയിരിക്കാനാണ് സാധ്യത. തീവ്രത കൂടുന്നതിനനുസരിച്ച് ഭൂമി കുലുങ്ങുന്നതിന്റെ അളവ് കുറയും'', ഭൂകമ്പ ശാസ്ത്രജ്ഞനായ ഡോ. ജോൺ റിസ്റ്റോ പറയുന്നു.

യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം ജാവയിൽ തിങ്കളാഴ്ച ഉണ്ടായ ഭൂചലനം 10 കിലോമീറ്റർ ആഴം കുറഞ്ഞതായിരുന്നു. ഭൂകമ്പം ഉണ്ടായ പ്രദേശം ജനസാന്ദ്രതയുള്ളതും മണ്ണിടിച്ചിൽ സാധ്യതയുള്ളതുമാണ്. പ്രദേശത്ത് മോശം രീതിയിൽ നിർമിച്ച വീടുകൾ തകർന്നിട്ടുമുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
വീണ്ടും ഭൂകമ്പത്തിൽ നടുങ്ങി ഇന്തോനേഷ്യ; തീവ്രത കുറഞ്ഞ ഭൂചലനം പോലും വലിയ നാശനഷ്ടം ഉണ്ടാക്കിയതിനു കാരണം?
Open in App
Home
Video
Impact Shorts
Web Stories