ഫുജി പര്‍വതം കയറുന്നതിന് നിരക്ക്
ഫുജി പര്‍വതം കയറുന്നതിന് ഏറ്റവും ജനപ്രിയമായ പാതകളിലൊന്നാണ് യോഷിദ പാത. പര്‍വതം കയറുന്ന ആകെ ആളുകളില്‍ പകുതിയും ഈ വഴിയാണ് തെരഞ്ഞെടുക്കാറ്. ടോക്യോയില്‍ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നതും ഈ വഴിയില്‍ ധാരാളമായി ലോഡ്ജ് സൗകര്യമുണ്ടെന്നതും ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും ഈ വഴി ജനപ്രിയമാക്കി മാറ്റുന്നു. ആളുകള്‍ വളരെയധികമായി ഇവിടെത്തുന്നതിനാല്‍ അഭൂതപൂര്‍വമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയ ഈ പര്‍വതവും പ്രകൃതിയും സംരക്ഷിക്കാന്‍ ഫീസ് ഈടാക്കണമെന്ന് ജാപ്പനീസ് സര്‍ക്കാര്‍ കരുതുന്നു.
advertisement
ജൂലൈയില്‍ മുതല്‍ ഫുജി പര്‍വതം കയറാന്‍ എത്തുന്ന ഒരാളില്‍ നിന്ന് 1077 രൂപയാണ് ഈടാക്കുക. ഇവിടേക്കുള്ള തിരക്ക് കുറയ്ക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി പരിധി നിശ്ചയിച്ചിട്ടുണ്ടെന്ന് ഒരു പ്രാദേശിക ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച പറഞ്ഞു. ഇത് കൂടാതെ, പര്‍വതത്തിന്റെ പരിപാലനത്തിനായി 553 രൂപ സ്വമേധയാ സംഭാവന ചെയ്യാനും സര്‍ക്കാര്‍ പര്‍വതാരോഹരോട് ആവശ്യപ്പെടുന്നുണ്ട്. യോഷിദ പാത വഴി കടന്നുപോകുന്നവരുടെ എണ്ണം ദിവസം 4000 എന്ന തോതില്‍ നിജപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വൈകുന്നേരം നാലുമണിക്കും പുലര്‍ച്ചെ രണ്ടുമണിക്കും ഇടയില്‍ പര്‍വതാരോഹണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് യമനാഷി മേഖല തിങ്കളാഴ്ച അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നു.
''കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കൂടുതല്‍ ആളുകള്‍ പര്‍വതം കയറുന്നതിനായി എത്തുന്നുണ്ട്. പര്‍വതാരോഹകര്‍ അനുയോജ്യമായ വിധത്തില്‍ വസ്ത്രം ധരിക്കണമെന്നും തയ്യാറെടുപ്പുകള്‍ നടത്തണമെന്നും'', അധികൃതർ വ്യക്തമാക്കി.
ദിവസേന ഇവിടെ സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങളറിയാൻ സമൂഹികമാധ്യമങ്ങള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും സന്ദര്‍ശകരോട് അധികൃതർ ആവശ്യപ്പെട്ടു.
ഫുജി പര്‍വതത്തിലെ ടൂറിസം പ്രശ്‌നങ്ങള്‍
2023-ല്‍ 2.21 ലക്ഷം പേരാണ് ഫുജി പര്‍വതം കയറിയത്. അവരില്‍ പകുതിയോളം യോഷിദ പാത വഴിയാണ് കടന്നുപോയതെന്ന് യൂറോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. പര്‍വതാരോഹണത്തിന് ആവശ്യമായ സൗകര്യങ്ങളൊന്നുമില്ലാതെയാണ് വിനോദസഞ്ചാരികള്‍ പര്‍വതം കയറുന്നതെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിലര്‍ പാതയില്‍ കിടന്നുറങ്ങുകയും തണുപ്പിനെ പ്രതിരോധിക്കാന്‍ തീകൂട്ടുകയും ചെയ്യാറുണ്ട്. ചിലരരാകട്ടെ 3776 മീറ്റര്‍ ഉയരമുള്ള പര്‍വതം വിശ്രമില്ലാതെ ഒറ്റയടിക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത് അവരെ അസുഖബാധിതരാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ നിന്ന് രണ്ടുമണിക്കൂര്‍ നേരത്തെ യാത്രയാണ് ഫുജിയിലേക്ക് ഉള്ളത്.