1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരമാണ് ഇന്ത്യയും പാകിസ്ഥാനും രണ്ട് സ്വതന്ത്ര രാജ്യമായി പിറന്നത്. എന്നാല്‍ രണ്ട് രാജ്യവും വ്യത്യസ്ത ദിനങ്ങളിലായാണ് തങ്ങളുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
പാകിസ്ഥാൻ്റെ രാഷ്ട്രപിതാവായ മുഹമ്മദ് അലി ജിന്ന പാകിസ്ഥാൻ നിലവിൽ വന്ന ശേഷമുള്ള ആദ്യ റേഡിയോ പ്രസംഗത്തിൽ ഓഗസ്റ്റ് 15 പാകിസ്ഥാൻ്റെ സ്വാതന്ത്ര്യ ദിനമാണെന്ന് പറഞ്ഞിരുന്നു. കൂടാതെ ജിന്നയും പാകിസ്ഥാനിലെ ആദ്യ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്‌തതും 1947 ഓഗസ്റ്റ് 15നാണ്. 1948 ജൂലൈയിൽ പുറത്തിറക്കിയ പാകിസ്ഥാൻ്റെ ആദ്യത്തെ തപാൽ സ്റ്റാമ്പുകളിലും 1947 ഓഗസ്റ്റ് 15നെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ദിനമായി പരാമർശിക്കുന്നുണ്ട്.
advertisement
വിശുദ്ധ റംസാനിലെ അവസാന വെള്ളിയാഴ്ചയായിരുന്നതിനാൽ 1947 ഓഗസ്റ്റ് 15 മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമായിരുന്നു. 1947 ഓഗസ്റ്റ് പതിനഞ്ച് ഇസ്‌ലാമിലെ ഏറ്റവും വിശുദ്ധമായ റമദാൻ-ഉൽ-മുബാറക്കിൻ്റെ അവസാന വെള്ളിയാഴ്ചയായിരുന്നുവെന്നും ആ ശുഭദിനത്തിൽ ജിന്ന പാകിസ്ഥാൻ്റെ ഗവർണർ ജനറലാവുകയും ഒപ്പം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതായും രാജ്യത്തിന്റെ പതാക ഉയര്‍ത്തപ്പെട്ടതായും പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ചൗധരി മുഹമ്മദ് അലി 1967-ൽ 'ദി എമർജൻസ് ഓഫ് പാകിസ്ഥാൻ' എന്ന തൻ്റെ പുസ്തകത്തിൽ എഴുതിയിരുന്നു.
1947 ഓഗസ്റ്റ് 14ന് വൈസ്രോയി മൗണ്ട് ബാറ്റൺ പാകിസ്ഥാൻ ഭരണഘടനാ അസംബ്ലിയിൽ ഒരു പ്രസംഗം നടത്തിയതായി ചരിത്ര രേഖകളില്‍ പറയുന്നു. അതിൽ ഓഗസ്റ്റ് 15 ന് അർദ്ധരാത്രിയിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും അധികാരം കൈമാറണമെന്നാണ് അദ്ദേഹം സൂചിപ്പിച്ചിരുന്നത്.
എന്നാല്‍ ഒരേസമയം കറാച്ചിയിലും ന്യൂഡല്‍ഹിയിലും വെച്ച് അധികാര കൈമാറ്റം നടത്തുക പ്രായോഗികമല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തുടർന്ന് ആഗസ്റ്റ് 14ന് കറാച്ചിയില്‍ വെച്ച് പാകിസ്ഥാന് അധികാരം കൈമാറുകയും അതിന് ശേഷം ന്യൂഡല്‍ഹിയിലേക്ക് പോകാനും അദ്ദേഹം തീരുമാനിച്ചു.
റിപ്പോർട്ടുകൾ പ്രകാരം ചില പാകിസ്ഥാൻ നേതാക്കൾക്ക് ഇന്ത്യക്ക് മുമ്പ് തങ്ങളുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഇതേത്തുടർന്ന്, 1948 ജൂൺ അവസാനത്തോടെ അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാൻ്റെ നേതൃത്വത്തിൽ ഒരു മന്ത്രിസഭായോഗം നടന്നു.
ഈ യോഗത്തിന്റെ തീരുമാന പ്രകാരമാണ് പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 14 ലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഇന്ത്യയുടേതിൽ നിന്നും വ്യത്യസ്തമായ ഒരു ദിവസം സ്വാതന്ത്ര്യം ദിനം ആഘോഷിക്കാനുള്ള നേതാക്കളുടെ ആഗ്രഹമായിരിക്കാം ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1948 മുതൽ ഓഗസ്റ്റ് 14 നാണ് പാകിസ്ഥാൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.