ഫെബ്രുവരി 24 ന് ജനീവയിൽ നടന്ന സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള (CESCR) യോഗത്തിൽ യുഎസ്കെ പ്രതിനിധികൾ “ഹിന്ദുത്വത്തിന്റെ പരമോന്നത ആചാര്യനെ പീഡിപ്പിക്കുന്നു” എന്ന് അവകാശപ്പെടുകയും അദ്ദേഹത്തിന് സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി വാർത്ത പോർട്ടലായ മണികൺട്രോൾ റിപ്പോർട്ട് ചെയ്തു.
“യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസത്തിലെ സ്ഥിരം അംബാസഡർ” എന്ന് അവകാശപ്പെടുന്ന വിജയപ്രിയ നിത്യാനന്ദ എന്ന സ്ത്രീയാണ് 19-ാമത് CESCR മീറ്റിംഗിൽ ഈ ആവശ്യമുന്നയിച്ചത്. സാരിയും തലപ്പാവും ആഭരണങ്ങളും അണിഞ്ഞ വിജയപ്രിയയുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത് നിത്യാനന്ദ തന്നെയാണ്.
advertisement
എന്താണ് യുഎൻ സിഇഎസ്സിആർ?
വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് അനുസരിച്ച്, “സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങളും സുസ്ഥിര വികസനവും സംബന്ധിച്ച പൊതുവായ അഭിപ്രായരൂപീകരണത്തിനായുള്ള പൊതുചർച്ച” എന്ന പരിപാടിയിൽ ചോദ്യങ്ങൾക്കായി അനുവദിച്ച സമയത്താണ് രണ്ട് യുഎസ്കെ പ്രതിനിധികളും സംസാരിച്ചത്. “സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്ന 18 സ്വതന്ത്ര വിദഗ്ധരുടെ ഒരു ബോഡിയാണ് CESCR”. 1985 മെയ് 29നാണ് ഇത് സ്ഥാപിതമായത്.
CESCR ഇപ്പോൾ “സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ, സുസ്ഥിര വികസനം എന്നിവയെക്കുറിച്ചുള്ള ഒരു പൊതു അഭിപ്രായം തയ്യാറാക്കുന്ന പ്രക്രിയയിലാണെന്ന്” ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് വെബ്‌സൈറ്റിൽ പറയുന്നു. 2020 മുതൽ നടത്തിയ ഒന്നിലധികം കൂടിയാലോചനകളെത്തുടർന്ന് പൊതുവായ അഭിപ്രായത്തിന്റെ ആദ്യ കരട് രൂപീകരിക്കുന്നതിന് മുമ്പ് പ്രധാന പങ്കാളികളുമായി ചർച്ച നടത്തുന്ന കമ്മിറ്റിയുടെ “അവസാന ഘട്ടം” എന്ന നിലയിലാണ് കഴിഞ്ഞ ആഴ്ച ജനീവയിൽ യോഗം ചേർന്നതെന്നും വെബ്സൈറ്റിൽ പറയുന്നു.
യുഎസ്കെ പ്രതിനിധികൾ എന്തൊക്കെ പരാമർശങ്ങളാണ് ജനീവയിൽ നടത്തിയത്?
”ഹിന്ദുമതത്തിന്റെ പാരമ്പര്യങ്ങളെ കൈലാസ സംരക്ഷിക്കുന്നുണ്ടെന്നും ഹിന്ദുമതത്തിന്റെ പരമോന്നത നേതാവ് കൂടിയാണ് നിത്യാനന്ദ എന്നും”സമ്മേളനത്തിൽ സംസാരിക്കാനുള്ള തന്റെ ഊഴമായപ്പോൾ യുഎസ്കെ പ്രതിനിധി വിജയപ്രിയ നിത്യാനന്ദ പറഞ്ഞു. കൈലാസയെ ‘ഹിന്ദുമതത്തിന്‍റെ പ്രഥമ പരമാധികാര രാഷ്ട്രം’ എന്നായിരുന്നു അവര്‍ വിശേഷിപ്പിച്ചത്. കൈലാസം സ്ഥാപിച്ചത് ഹിന്ദുമതത്തിന്‍റെ മഹാഗുരുവായ നിത്യാനന്ദ പരമശിവമാണെന്ന് മാ വിജയപ്രിയ അവകാശപ്പെട്ടു.
നിത്യാനന്ദ, ആദി ശൈവ തദ്ദേശീയ കാർഷിക ഗോത്രങ്ങളെ ഉള്‍പ്പെടുത്തി ഹിന്ദു നാഗരികതയെയും ഹിന്ദുമതത്തിന്‍റെ 10,000 പാരമ്പര്യങ്ങളെയും പുനരുജ്ജീവിപ്പിക്കുകയാണ്. ഈ ഗോത്രങ്ങളുടെ നേതാവാണ് നിത്യാനന്ദയെന്നും അവര്‍ അവകാശപ്പെട്ടു. കൈലാസത്തിലെ ഹിന്ദു തത്വങ്ങള്‍ സുസ്ഥിര വികസനത്തിന് യോജിച്ചതാണെന്നും അവര്‍ അവകാശപ്പെട്ടു. അദ്ദേഹത്തെ പ്രസംഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുകയാണെന്നും ജന്മനാട്ടിൽ നിന്ന് നാടുകടത്തിയിരിക്കുകയാണെന്നും അദ്ദേഹത്തെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്നും യുഎൻ പാനലിനോട് യുഎസ്‌കെ പ്രതിനിധി ചോദിച്ചതായും ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ പാനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാരും ഇവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ അഭിപ്രായങ്ങൾ പറയുകയോ ചെയ്തിട്ടില്ല എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുഎസ്കെയിൽ നിന്നുള്ള രണ്ടാമത്തെ പ്രതിനിധി ഇയാൻ കുമാർ എന്നയാളായിരുന്നു.