നോയിഡ സെക്ടര്‍ 51-ല്‍ നിന്ന് കഴിഞ്ഞവര്‍ഷം പാമ്പ് കടത്ത് സംഘത്തെ പോലീസ് പിടികൂടിയിരുന്നു. അന്ന് അറസ്റ്റിലായ അഞ്ച് പേര്‍ എല്‍വിഷ് സംഘടിപ്പിച്ച റേവ് പാര്‍ട്ടികളില്‍ പാമ്പിന്‍ വിഷം വിതരണം ചെയ്യാറുണ്ടെന്ന് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
എന്താണ് എല്‍വിഷ് യാദവ് കേസ്?
മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ ഫോണ്‍ ആനിമല്‍സ് എന്ന എന്‍ജിഒ ആണ് യാദവിനും മറ്റ് അഞ്ചുപേര്‍ക്കുമെതിരേ പോലീസില്‍ പരാതി നല്‍കിയത്. നോയിഡയില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പാമ്പിന്‍ വിഷം ഇവര്‍ വിതരണം ചെയ്തുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഇതിനായി അവര്‍ രഹസ്യാന്വേഷണം നടത്തി. യാദവിനോട് ഒരു റേവ് പാര്‍ട്ടി സംഘടിപ്പിക്കാനും മൂര്‍ഖന്‍ പാമ്പിന്റെ വിഷം ലഭ്യമാക്കാനും അവര്‍ ആവശ്യപ്പെട്ടു. നവംബര്‍ രണ്ടിനാണ് യാദവിനെയും അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട രാഹുല്‍, തിദുനാഥ്, ജയകാരാന്‍, നാരായണ്‍, രവിനാഥ് എന്നീ അഞ്ചുപേരില്‍ നിന്നും പോലീസ് പാമ്പുകളെ പിടികൂടിയിരുന്നു. രണ്ട് പാമ്പുകളുമായി നില്‍ക്കുന്ന എല്‍വിഷ് യാദവിന്റെ വീഡിയോയും പോലീസ് കണ്ടെത്തിയിരുന്നു.
advertisement
കേസില്‍ തനിക്ക് പങ്കില്ലെന്ന് നേരത്തെ എല്‍വിഷ് യാദവ് അവകാശപ്പെട്ടിരുന്നു. ബോളിവുഡ് പാട്ടുകാരാന്‍ ഫാസില്‍പുരയാണ് പാമ്പുകളെ നല്‍കിയതെന്നും യാദവ് പറഞ്ഞിരുന്നു. റേവ് പാര്‍ട്ടികളുമായി തനിക്ക് പങ്കൊന്നുമില്ലെന്ന് യാദവ് മാധ്യമങ്ങളോടും വ്യക്തമാക്കിയിരുന്നു. റാവു സാഹിബ് എന്ന് അറിയപ്പെടുന്ന യാദവ് ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയാണ്. ഏഴ് കോടി രൂപയുടെ സമ്പാദ്യം ഇയാള്‍ക്കുണ്ടെന്നും പറയപ്പെടുന്നു. ഗുഡ്ഗാവിലെ അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നാണ് ഇയാള്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം ഡല്‍ഹിയിലെ ഹന്‍സ് രാജ് കോളേജില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടി. ഇയാളുടെ പിതാവ് രാം അവതാര്‍ സിംഗ് യാദവ് അധ്യാപകനാണ്. അമ്മ സുഷമ യാദവ് വീട്ടമ്മയുമാണ്.
പാമ്പിന്‍ വിഷം ലഹരിക്കായി ഉപയോഗിക്കുന്നത് എങ്ങനെ?
ലഹരിക്കായി ആളുകള്‍ പാമ്പിന്‍ വിഷം ഉപയോഗിക്കാറുണ്ട്. റേവ് പാര്‍ട്ടികളിലാണ് ഇത് കൂടുതലായി ഉപയോഗിച്ച് വരുന്നത്. മദ്യത്തിലേത് പോലെ ഉയര്‍ന്ന അളവിലുള്ള ലഹരിയല്ല പാമ്പില്‍ വിഷം നല്‍കുന്നത്. മറിച്ച് നാഡീ വ്യൂഹത്തെയും മറ്റ് മാനസിക പ്രവര്‍ത്തനങ്ങളെയും ഇത് സ്വാധീനിക്കും. പാമ്പില്‍ വിഷത്തില്‍ അടങ്ങിയിരിക്കുന്ന ന്യൂറോടോക്‌സിന്‍ എന്ന ഘടകം ആവേഗങ്ങള്‍ കടത്തി വിടുന്ന പ്രവര്‍ത്തനത്തെ ബാധിക്കും. ഒരിക്കല്‍ ഉപയോഗിച്ചാല്‍ ആറ് മുതല്‍ ഏഴ് ദിവസം വരെ ഇതിന്റെ ഫലം നിലനില്‍ക്കും.
ഇത്തരത്തിലുള്ള ആസക്തിയെ ഒഫിഡിസം എന്ന് വിളിക്കുന്നു. ജീവനുവരെ ഭീഷണിയുള്ളതാണിത്. കൂടുതല്‍ മികച്ച വിഷം ലഭിക്കുന്നതിന് പാമ്പുകളില്‍ രാസപദാര്‍ഥങ്ങള്‍ കുത്തിവയ്ക്കും. ശേഷം പാമ്പുകളെ ചുണ്ടിനോ നാവിലോ മനപ്പൂര്‍വം കടിപ്പിക്കും. പാമ്പിന്‍വിഷത്തിലെ ന്യൂറോടോക്‌സിനുകള്‍ നാഡീവ്യവസ്ഥയെയാണ് ബാധിക്കുക. അത് ആവേഗങ്ങള്‍ കടത്തി വിടുന്നത് തടയുകയും പേശികളുടെ ബലഹീനതയ്ക്കും പക്ഷാഘാതത്തിലും മാനസികനില തെറ്റുന്നതിനും വരെ കാരണമാകും.
പാമ്പിന്‍ വിഷം ചില മാനസിക പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുമെന്ന് ഇന്ത്യന്‍ ജേണല്‍ ഓഫ് ഫിസിയോളജി ആന്‍ഡ് ഫാര്‍മക്കോളജിയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു. ഉയര്‍ന്ന സംവേദനക്ഷമത, ഉയര്‍ന്ന ഊര്‍ജം, ആവേശം എന്നിവ അനുഭവപ്പെടുമെന്നും ഇത് ഒരു ഉത്തേജകം പോലെ പ്രവര്‍ത്തിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. പാമ്പിന്‍ വിഷം രക്തത്തിലെത്തുമ്പോള്‍ സെറോടോണിന്‍, ബ്രാഡികിനിന്‍ തുടങ്ങിയ രാസവസ്തുക്കളാണ് പുറത്ത് വിടുന്നത്. ഇത്തരത്തിലുള്ള രാസവസ്തുക്കള്‍ ഉറക്കം അല്ലെങ്കില്‍ ശാന്തമായി ഇരിക്കുന്നത് പോലെയോ ഉള്ള അവസ്ഥയില്‍ ശരീരത്തെ കൊണ്ടെത്തിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
എന്താണ് റേവ് പാര്‍ട്ടികള്‍ ? ഇത് ഇന്ത്യയില്‍ നിയമവിരുദ്ധമാണോ?
1980കളിലാണ് റേവ് പാര്‍ട്ടികളുടെ തുടക്കം. രാത്രി മുഴുവന്‍ സംഗീതവും നൃത്തവും ആസ്വദിച്ചിരുന്ന ഹിപ്പികളും ബോഹീമിനിയനുകളുമാണ് ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നത്. അര്‍ധരാത്രിയില്‍ ആരംഭിച്ച് പുലര്‍ച്ചെ അവസാനിക്കുന്നതാണ് ഇത്തരം പാര്‍ട്ടികള്‍. കൊക്കെയ്ന്‍, എംഡിഎംഎ, എംഡി, എല്‍എസ്ഡി, ജിഎച്ച്ബി തുടങ്ങിയ ലഹരിപദാര്‍ഥങ്ങള്‍ റേവ് പാര്‍ട്ടികളില്‍ പലരും ഉപയോഗിക്കാറുണ്ട്.റേവ് പാര്‍ട്ടികള്‍ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. നൃത്തവും സംഗീതവും ആസ്വദിക്കുന്നതിന് വിലക്കൊന്നുമില്ലെങ്കിലും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.