കഴിഞ്ഞയാഴ്ച തെക്കൻ ഇറ്റലിയിലെ തുറമുഖമായ കാറ്റാനിയയിൽ നിന്ന് പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില്ല കോയലിഷന്റെ (FFC) ഉടമസ്ഥതയിലുള്ള മാഡ്ലീൻ എന്ന ബോട്ടിലാണ് ഗ്രേറ്റയും ടീമും യാത്ര പുറപ്പെട്ടത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിനും ഇസ്രായേലിന്റെ കടൽ ഉപരോധത്തെ വെല്ലുവിളിക്കാനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്ര മനുഷ്യാവകാശ പ്രസ്ഥാനമാണ് ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ. സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബർഗ് കൂടി ഈ ദൗത്യത്തിൽ പങ്കാളിയായതോടെ ഈ ദൗത്യം കൂടുതൽ ശ്രദ്ധ നേടുകയാണ്.
യാത്രയിൽ ഗ്രേറ്റയ്ക്കൊപ്പം ആരൊക്കെ
advertisement
മാർച്ച് 2 ന് ഗാസയിൽ ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധത്തെ എതിർക്കുന്ന ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ഫ്രീഡം ഫ്ലോട്ടില്ലയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്.അതേസമയം അടുത്തിടെ ഇസ്രയേൽ ഉപരോധം ലഘൂകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഗാസയിലേക്ക് ചെറിയ തോതിൽ സഹായം വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ടെങ്കിലും, സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും ആളുകൾ കടുത്ത പട്ടിണിയുടെ ഭീഷണിയിലാണെന്നും ദുരിതാശ്വാസ സംഘടനകൾ പറയുന്നു.
യൂറോപ്യൻ പാർലമെന്റ് അംഗമായ റിമ ഹസ്സനും മാനുഷിക സഹായങ്ങളുമായി പോകുന്ന ഈ ബോട്ടിൽ ഉണ്ട്. മുമ്പ് റിമ ഹസ്സൻ, യൂറോപ്യൻ പാർലമെന്റ് പ്രതിനിധി സംഘത്തോടൊപ്പം അധിനിവേശ പലസ്തീൻ പ്രദേശങ്ങൾ സന്ദർശിക്കാൻ പദ്ധതിയിട്ടപ്പോൾ ഇസ്രായേലിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.ഗെയിം ഓഫ് ത്രോൺസിലെ നടൻ ലിയാം കണ്ണിംഗ്ഹാം ഉൾപ്പെടെ 12 അന്താരാഷ്ട്ര പ്രവർത്തകരാണ് ഈ യാത്രയിലുള്ളത്. നിലവിലുള്ള പ്രതിസന്ധിയിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്നതാണ് മാനുഷിക സഹായവുമായി പോകുന്ന ഈ ടീമിന്റെ ലക്ഷ്യം.
2007 മുതൽ കരയിലും കടലിലും വായുവിലും ഇസ്രയേൽ ഗാസയ്ക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 90 ദിവസത്തിലേറെയായി ഗാസ ഇസ്രായേലിൽ നിന്ന് സമ്പൂർണ ഉപരോധം നേരിടുന്നു. പാൽ, പ്രോട്ടീൻ ബാറുകൾ, ബേബി ഫോർമുല, ഡയപ്പറുകൾ, മാവ്, അരി, വാട്ടർ ഫിൽട്ടറുകൾ, ശുചിത്വ ഉൽപ്പന്നങ്ങൾ, മെഡിക്കൽ സപ്ലൈസ് എന്നിവയാണ് സഹായത്തിനായി പുറപ്പെട്ട കപ്പലിലുള്ളത്.
ഇസ്രയേലിന്റെ പദ്ധതി
അതേസമയം,ഗ്രേറ്റ തുൻബെർഗ് ഗാസയിൽ എത്തുന്നത് തടയാനും എത്തിയാൽ അതനുസരിച്ച് പ്രവർത്തിക്കാനും സജ്ജമാണെന്ന് ഇസ്രായേൽ പറഞ്ഞു.ഫ്ലോട്ടില്ലയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇത് ശരിവയ്ക്കുന്നപോലെ ഗ്രീക്ക് കോസ്റ്റ് ഗാർഡ് പ്രവർത്തിപ്പിക്കുന്ന ഡ്രോണുകൾ ബോട്ടിനെ പിന്തുടർന്നതായി കപ്പലിലുണ്ടായിരുന്ന ചില പ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു.
എന്ത് നടപടികളാണ് സ്വീകരിക്കാൻ പോകുന്നത് എന്നതിന്റെ വിശദാംശങ്ങൾ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടിട്ടില്ല. എന്നാൽ, കഴിഞ്ഞ മാസം, സമാനമായ ഒരു ദൗത്യത്തിനായി തൻബെർഗിനെ കൊണ്ടുപോകാൻ മാൾട്ടയിൽ എത്തുന്നതിന് തൊട്ടുമുമ്പ് ഒരു ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ കപ്പൽ കേടായിരുന്നു. കപ്പലിനെ ആക്രമിക്കാൻ ഇസ്രായേൽ ഡ്രോണുകൾ ഉപയോഗിച്ചതായി സംഘം ആരോപിച്ചിരുന്നു.
ഗാസയിൽ സംഭവിക്കുന്നത്
19 മാസം മുമ്പ് ഇസ്രായേലും ഹമാസ് തീവ്രവാദികളും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിനുശേഷം ഗാസയിലെ സ്ഥിതി ഏറ്റവും മോശമാണെന്ന് ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച പറഞ്ഞു. എന്നിരുന്നാലും പ്രദേശത്തേക്ക് വീണ്ടും പരിമിതമായ സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സമ്മർദ്ദത്തെത്തുടർന്ന്, ഇസ്രായേൽ ഗാസയ്ക്ക് മേലുള്ള 11 ആഴ്ചത്തെ ഉപരോധം നീക്കി, ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ചില സഹായ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിച്ചു.
2023 ഒക്ടോബർ 7-ന് യുദ്ധത്തിലേക്ക് നയിച്ച ആക്രമണത്തിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ ഹമാസിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് ഉപരോധത്തിന്റെ ലക്ഷ്യമെന്ന് ഇസ്രായേൽ സർക്കാർ പറഞ്ഞിരുന്നു. അന്ന് ഹമാസ് തീവ്രവാദികൾ തെക്കൻ ഇസ്രായേലിനെ ആക്രമിച്ചു. ഏകദേശം 1,200 പേരെ കൊലപ്പെടുത്തി. അവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. 251 പേരെ തട്ടിക്കൊണ്ടുപോയി.ഹമാസ് ഇപ്പോഴും 58 ബന്ദികളെ തടവിലാക്കിയിട്ടുണ്ട്. ഇതിൽ 23 പേരേ ജീവിച്ചിരിപ്പുള്ളു എന്ന് കരുതപ്പെടുന്നു.ഹമാസ് ആക്രമണത്തിന്റെ മറുപടിയായാണ് ഇസ്രായേൽ സൈനിക ആക്രമണം ആരംഭിച്ചത്. ഇതുവരെ 52,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസയുടെ ആരോഗ്യ മന്ത്രാലയം പറയുന്നു.
ഗാസയ്‌ക്കെതിരായ യുദ്ധത്തിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ആരോപിക്കുന്ന നിരവധി വിമർശകരിൽ ഒന്നാണ് ഫ്രീഡം ഫ്ലോട്ടില്ല ഗ്രൂപ്പ്. എന്നാൽ ഇസ്രായേൽ ഈ അവകാശവാദങ്ങളെ ശക്തമായി നിഷേധിക്കുകയാണ്. അവരുടെ നടപടികൾ സാധാരണക്കാരെയല്ല ഹമാസ് തീവ്രവാദികളെയാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രയേലിന്റെ വാദം.
വ്യാഴാഴ്ച, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ച പുതിയ വെടിനിർത്തൽ പദ്ധതിയിൽ ഇസ്രായേൽ ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് പറഞ്ഞു. എന്നാൽ കരാർ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഹമാസ് വ്യക്തമാക്കിയത്