ജല മലിനീകരണത്തിന്റെ 70 ശതമാനവും സംഭവിക്കുന്നത് നഗരങ്ങളിലായതിനാൽ നഗരവാസികൾക്കിടയിൽ വളരെ വേഗം പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നു. ഇതേത്തുടർന്ന് ആരോഗ്യ സംരക്ഷണത്തിനായി കൂടുതൽ പണം മുടക്കേണ്ട സാഹചര്യവും ഉണ്ടാകുന്നു. അതേസമയം ചികിത്സക്കായി മതിയായ സൗകര്യങ്ങൾ ലഭിക്കാത്തതോ പണമില്ലാത്തതോ കാരണം ഒരുവിഭാഗം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വീഴുകയും ചെയ്യുന്നു. ജലദൗർലഭ്യത്തിൽ വൻകിട ബിസിനസ്സ് സ്ഥാപനങ്ങളും നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. കമ്പനിയുടെ പ്രവർത്തനത്തിനായി ജലത്തെ ആശ്രയിക്കേണ്ടി വരുന്ന നമ്മുടെ രാജ്യത്തെ ഭൂരിഭാഗം കമ്പനികളുടെയും കാര്യമെടുത്താൽ ജല സംരക്ഷണത്തിനായും പരിസ്ഥിതിക്ക് മേലുള്ള ആഘാതം കുറയ്ക്കാനുമുള്ള നടപടികൾ അവർ സ്വീകരിക്കാത്ത പക്ഷം നിയമപരമായ കുരുക്കുകളെ അവർ അഭിമുഖീകരിക്കേണ്ടി വരും.
advertisement
ഒപ്പം സുസ്ഥിര വികസനത്തിന് പ്രാധാന്യം ഏറി വരുന്ന കാലത്ത് അത്തരമൊരു ആശയത്തിലൂന്നി പ്രവർത്തിക്കുന്ന കമ്പനികളിൽ നിക്ഷേപം നടത്താൻ മാത്രമേ നിക്ഷേപകർ ആഗ്രഹിക്കുന്നുള്ളൂ എന്നതും പ്രധാനമാണ്. ജലവിനിയോഗത്തെയും സംരക്ഷണത്തെയും കുറിച്ച് വ്യക്തമായ വിദ്യാഭ്യാസം ലഭിച്ച ജനവിഭാഗങ്ങൾക്ക് അവരുടെ സമൂഹത്തിൽ വിവിധ ജല സംരക്ഷണ പദ്ധതികൾ നടപ്പാക്കാനും ബിസിനസ്സ് രംഗത്തുൾപ്പെടെ സുസ്ഥിരമായ വളർച്ച കൈവരിക്കുവാനും കഴിയുന്നു. ഇത്തരം പദ്ധതികൾ അവരുടെ ജീവിത നിലവാരവും ഉയർത്തുന്നു.
തെലങ്കാനയിൽ AB InBev പോലുള്ള കമ്പനികൾ നടപ്പാക്കിയ ജലസേചന സംരംഭങ്ങൾ കർഷകരെ കൂടുതൽ സഹായിക്കുകയും മറ്റ് ജല സംരക്ഷണ നടപടികൾക്ക് പ്രാപ്തമാക്കുകയും ചെയ്യുന്നതോടൊപ്പം അടുത്ത 100 വർഷത്തേക്ക് കമ്പനിയെ സുസ്ഥിര വികസനത്തിൽ നിലയുറപ്പിക്കുകയും ചെയ്യുന്നു. മോയിസ്ചർ സെൻസറുകൾ, ലീക്ക് ഡിറ്റക്ഷൻ സിസ്റ്റം, വാട്ടർ ഫ്ലോ മാനേജ്മെന്റ് ഡിവൈസുകൾ തുടങ്ങി പുത്തൻ സാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തുന്നതിലൂടെ ജല സംരക്ഷണ പദ്ധതികൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുന്നുണ്ട്. ഇന്ത്യയിൽ നടപ്പാക്കുന്ന ഇത്തരം പദ്ധതികൾ മറ്റ് ലോക രാജ്യങ്ങൾക്ക് കൂടി മാതൃകയാണ്.
രാജ്യത്തെ ജല സംരക്ഷണ നടപടികൾ സമൂഹത്തിന്റെ വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന വിഷയത്തിൽ ഇന്ത്യയുടെ നടപടികളെക്കുറിച്ചുള്ള പഠനങ്ങളും നടക്കുന്നുണ്ട്. വിദ്യാഭ്യാസം, സമയോചിതമായ ഇടപെടലുകൾ, നിക്ഷേപങ്ങൾ, താഴേത്തട്ടിലുള്ള സംരംഭങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെ മാത്രമേ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ വ്യാപ്തി കൈവരിക്കാൻ കഴിയൂ. മികച്ച ജല സംരക്ഷണ പദ്ധതികളുടെ വിജയത്തിൽ രാജ്യത്തെ രാഷ്ട്രീയ നേതാക്കളും വലിയ പങ്കുവഹിക്കുന്നു. ജലപ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരങ്ങൾ ആവിഷ്‌കരിക്കുന്നതിനും വരും തലമുറകൾക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുമായി രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്.