അതേസമയം നാരായണമൂര്‍ത്തിയുടെ ആശയം ഇന്‍ഫോസിസും നടപ്പിലാക്കിയില്ല. പകരം തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കമ്പനി ജീവനക്കാരോട് നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജീവനക്കാര്‍ക്ക് അയച്ച ഏറ്റവും പുതിയ ഇമെയിലില്‍ ഇന്‍ഫോസിസ് ഈ പ്രശ്‌നം ചൂണ്ടിക്കാണിക്കുകയും ആഴ്ചയില്‍ അഞ്ച് ദിവസം സാധാരണ ജോലി സമയം (ഒരു ദിവസം 9 മണിക്കൂര്‍ 15 മിനിറ്റ് ) നിലനിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വര്‍ക്ക് ഫ്രം ഹോം പോലുള്ള സാഹചര്യങ്ങളില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നത് ഒഴിവാക്കാനും ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യപരമായി ഉണ്ടാകുന്ന അപകടസാധ്യതകളും തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും കമ്പനി ചൂണ്ടിക്കാട്ടി.
advertisement
ആഴ്ചയില്‍ അഞ്ച് ദിവസം പ്രതിദിനം 9 മണിക്കൂര്‍ 15 മിനിറ്റ് മാത്രം ജോലി ചെയ്യാനാണ് ഇന്‍ഫോസിസ് ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കൂടുതല്‍ നേരം ജോലി ചെയ്യുന്നത് മറ്റുപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും കമ്പനി പറഞ്ഞതായി ഇന്‍ഫോസിസില്‍ നിന്ന് മെയില്‍ ലഭിച്ച ഒരു ജീവനക്കാരനെ ഉദ്ധരിച്ച് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തൊഴില്‍-ജീവിത സന്തുലിതാവസ്ഥ ഉത്പാദനക്ഷമത കൂട്ടുമോ? മാനസികാരോഗ്യ സന്തുലിതാവസ്ഥ ഉപജീവനത്തിന് എങ്ങനെയാണ് പ്രധാനമാകുന്നത്? മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ജീവനക്കാരുടെ ജോലി സമയക്രമം എങ്ങനെയാണ് കമ്പനികള്‍ ലഘൂകരിക്കുന്നത്? എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തുന്നത്.
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലിയും തൊഴില്‍-ജീവിത സന്തുലിതാവസ്ഥയും
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി എന്നുപറയുമ്പോള്‍ അഞ്ച് ദിവസത്തേക്ക് ഒരു ദിവസം 14 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരും. ഏഴ് ദിവസം ആണെങ്കില്‍ ഒരു ദിവസം പത്ത് മണിക്കൂര്‍ ജോലി ചെയ്യണം. എന്നാല്‍ ഈ സമയക്രമം എല്ലാവര്‍ക്കും മറ്റ് ബുദ്ധിമുട്ടുകളില്ലാതെ പാലിക്കാന്‍ കഴിയണമെന്നില്ല. തീവ്രമായ ജോലി സമയമാണിത്.
ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, ആക്‌സെഞ്ചര്‍ പോലുള്ള കമ്പനികളില്‍ ഒരു സാധാരണ ടെക് ജീവനക്കാരന്‍ 9-10 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. യുഎസ്, യുകെ എന്നിവിടങ്ങളിലെ ആഗോള ക്ലയന്റുകള്‍ക്ക് സേവനം നല്‍കുന്നതിനാല്‍ ദീര്‍ഘനേരം അവരുടെ സമയക്രമം അനുസരിച്ച് ജോലി ചെയ്യേണ്ടതായും വരുന്നു. ബംഗളൂരു പോലുള്ള നഗരങ്ങളിലെ 2-3 മണിക്കൂര്‍ യാത്രാ സമയം കൂടി പരിഗണിച്ചാല്‍ ജീവനക്കാര്‍ ഒരു ദിവസം 12-13 മണിക്കൂര്‍ വരെ കുടുംബത്തില്‍ നിന്ന് മാറി ജോലിക്കായി ചെലവഴിക്കേണ്ടി വരുന്നു.
എന്നാല്‍ റേസര്‍പേ, ബൈജൂസ് ഡന്‍സോ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളിലെ ജീവനക്കാര്‍ ആഴ്ചയില്‍ 60-70 മണിക്കൂര്‍ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. മിക്കവാറും കമ്പനികളില്‍ ഉന്നതപദവികളില്‍ ഇരിക്കുന്നവരുടെ സമ്മര്‍ദ്ദം കാരണമാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദീര്‍ഘനേരമുള്ള ജോലി മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
വിശ്രമമില്ലാതെ അമിതമായി ദീര്‍ഘനേരം ജോലി ചെയ്യുന്നത് ക്ഷീണത്തിന് മാത്രമല്ല മാനസികമായും ശാരീരികമായും ജീവനക്കാരെ ബാധിക്കും.
* കടുത്ത സമ്മര്‍ദ്ദം നേരിടുകയും വിട്ടുമാറത്ത ക്ഷീണം, താല്‍പ്പര്യമില്ലായ്മ, പ്രോത്സാഹനക്കുറവ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
* ജോലിഭാരം ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകും. പ്രത്യേകിച്ചും നഗരപ്രദേശങ്ങളിലെ പ്രൊഫഷണലുകളില്‍.
* ഉറക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കുന്നു. സ്‌ക്രീന്‍ കുറേനേരം നോക്കുന്നതും രാത്രി വൈകിയുള്ള ഫോണ്‍വിളികളും ഉറക്കം നഷ്ടപ്പെടുത്തും.
* നിരന്തരമായ സമ്മര്‍ദ്ദം ശാരീരിക ആരോഗ്യത്തെ ബാധിക്കുകയും ഇത് പ്രതിരോധശേഷി ദുര്‍ബലമാക്കുകയും ചെയ്യുന്നു.
* കുടുംബബന്ധങ്ങള്‍ തകരാനും ദീര്‍ഘനേരത്തെ ജോലി കാരണമാകും. കുടുംബത്തിനായി സമയം കണ്ടെത്താനാകാതെ വരുമ്പോള്‍ ഇത് ജീവനക്കാരുടെ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നു.
കോവിഡിനുശേഷം ടെക് ജീവനക്കാര്‍ക്കിടയില്‍ സമ്മര്‍ദ്ദവും ക്ഷീണവും 35 ശതമാനം വര്‍ദ്ധിച്ചതായാണ് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ 2023-ലെ ഒരു പഠനം വ്യക്തമാക്കുന്നത്.
തൊഴില്‍-ജീവിത സന്തുലിതാവസ്ഥ എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു?
തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് ജീവനക്കാര്‍ക്ക് മാത്രമല്ല കമ്പനിക്കും ഗുണകരമാണ്. അത് ഒരു സ്മാര്‍ട്ട് ബിസിനസ് ആണ്. ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യു പറയുന്നതനുസരിച്ച് തൊഴില്‍-ജീവിത സന്തുലിതാവസ്ഥ പിന്തുണയ്ക്കുന്ന കമ്പനികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിക്കുന്നുണ്ട്. ഇത്തരം കമ്പനികളിലെ ജീവനക്കാരില്‍ ക്ഷീണക്കുറവ്, മികച്ച മാനസികവും ശാരീരികവുമായ ആരോഗ്യം എന്നിവ കാണുന്നു. കൂടുതല്‍ വൈവിധ്യപൂര്‍ണ്ണമായ തൊഴിലിടങ്ങളുടെ സൃഷ്ടിയിലും ഇത് പ്രധാന പങ്കുവഹിക്കുന്നതായി വിലയിരുത്തുന്നു.
വീട്ടിലിരുന്ന് സൗകര്യപൂര്‍വ്വം ജോലി ചെയ്യാന്‍ അവസരം ഒരുക്കുന്നത് ജീവനക്കാരുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് കോവിഡ് 19 തെളിയിച്ചു. ലക്ഷകണക്കിന് ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ടെങ്കിലും കമ്പനികളുടെ ഉത്പാദനക്ഷമതയില്‍ ഇത് ഇടിവുണ്ടാക്കിയിട്ടില്ല. ചില കമ്പനികള്‍ ഈ സമയത്ത് നേട്ടം രേഖപ്പെടുത്തിയതായും കണ്ടു.
കോവിഡിനുശേഷം 2022-ല്‍ കമ്പനികള്‍ ഓഫീസുകളിലേക്ക് ആളുകളെ തിരിച്ചുവിളിക്കാന്‍ തുടങ്ങിയപ്പോള്‍ പലരും ഇതിനോട് മുഖംതരിച്ചു. മുന്‍നിര കമ്പനികളിലെ 64 ശതമാനം ജീവനക്കാരും കര്‍ശനമായ ഓഫീസ് സജ്ജീകരണത്തിലേക്ക് മടങ്ങുന്നതിനേക്കാള്‍ ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വേ വെളിപ്പെടുത്തി. ആളുകള്‍ക്ക് പ്രതിഫലം പോലെതന്നെ പ്രധാനപ്പെട്ടതാണ് സന്തുലിതമായ ജീവിത സാഹചര്യവുമെന്നാണ് ഇതിനര്‍ത്ഥം.
ജോലി സമ്മര്‍ദ്ദം ജീവന് വെല്ലുവിളിയാകുന്നു
ജോലിയില്‍ സമ്മര്‍ദ്ദം കൂടുന്നത് ജീവനക്കാരനില്‍ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ചിലപ്പോള്‍ ദാരുണമായി ജീവന്‍ നഷ്ടപ്പെടാന്‍ തന്നെ കാരണമാകുന്നു. 2024 ജൂലായില്‍ ഇവൈയില്‍ ജീവനക്കാരിയായിരുന്ന 26 വയസ്സുകാരി അന്ന സെബാസ്റ്റ്യന്റെ മരണം ഇതിന് ഒരു ഉദാഹരണമാണ്. കോര്‍പ്പറേറ്റ് രംഗത്തെ അമിത ജോലിഭാരത്തെ കുറിച്ചുള്ള ദേശീയ ചര്‍ച്ചകള്‍ക്ക് ഈ സംഭവം വീണ്ടും തുടക്കമിട്ടു. ദീര്‍ഘനേരത്തെ ജോലി സമയവും നിരന്തരമായ സമ്മര്‍ദ്ദവും അവരുടെ മരണത്തിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സംഭവം മുന്‍നിര കമ്പനികളിലെ ജീവനക്കാരുടെ ക്ഷേമത്തെ കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തി.
ഒക്ടോബറില്‍ ബജാജ് ഫിനാന്‍സിലെ ജീവനക്കാരനായ തരുണ്‍ സക്‌സേന ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ആത്മഹത്യ ചെയ്തു. 42 വയസ്സുള്ള അദ്ദേഹം തന്റെ ആത്മഹത്യാ കുറിപ്പില്‍ ജോലി സമ്മര്‍ദ്ദം, സീനിയേഴ്‌സില്‍ നിന്നും നേരിട്ട അപമാനം, ഉറക്കമില്ലായ്മ എന്നിവയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. അസാധ്യമായ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പാടുപെടുന്നതിനിടയില്‍ 45 ദിവസമായി താന്‍ ഉറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയാണ് പൊതുമേഖലാ ബാങ്കില്‍ ജീവനക്കാരിയായ 32-കാരിയെ ഹൈദരാബാദിലെ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സമ്മര്‍ദ്ദം അവരെ ബാധിച്ചിരുന്നതായി അവരുടെ അമ്മാവന്‍ പോലീസിനോട് പറഞ്ഞു.
ഇവയൊന്നും ഒറ്റപ്പെട്ട കേസുകളല്ല. ഗാലപ്പിന്റെ 2024-ലെ 'സ്റ്റേറ്റ് ഓഫ് ദി ഗ്ലോബല്‍ വര്‍ക്ക്‌പ്ലേസ് റിപ്പോര്‍ട്ട്' അനുസരിച്ച് ആഗോള തൊഴിലാളികളില്‍ 86 ശതമാനം പേരും ജോലിയില്‍ സമ്മര്‍ദ്ദം നേരിടുന്നവരാണ്. പ്രധാനമായും വൈറ്റ് കോളര്‍ ജോലികളിലുള്ളവര്‍. സമ്മര്‍ദ്ദം കാരണം ജീവനക്കാര്‍ക്ക് ക്ഷീണം നേരിടുകയും അവര്‍ മാനസികമായി തളരുകയും ചെയ്യുന്നു. ഇന്ത്യയില്‍ 40 ശതമാനം ജീവനക്കാരും പലപ്പോഴും ക്ഷീണം നേരിടുന്നതായി പറയുന്നു. 38 ശതമാനം പേര്‍ ചെറിയതോതിലുള്ള സമ്മര്‍ദ്ദം നേരിടുന്നതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക സര്‍വേകള്‍ വ്യക്തമാക്കുന്നു.
മോശം തൊഴില്‍ സാഹചര്യങ്ങള്‍ പലപ്പോഴും ജീവനക്കാരുടെ രാജിയിലേക്ക് നയിക്കുന്നു. 37 ശതമാനം സ്ത്രീകളും രാജിക്കുള്ള പ്രധാന കാരണമായി പറയുന്നത് മോശം തൊഴില്‍-ജീവിത സന്തുലിതാവസ്ഥയാണ്. അതേസമയം 28 ശതമാനം പുരുഷന്മാര്‍ ഇത് രാജിക്കുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.
തൊഴില്‍ രംഗത്ത് അതൃപ്തി വര്‍ദ്ധിച്ചുവരുന്നതിന്റെ തെളിവുകളാണിത്. ജോലി സമ്മര്‍ദ്ദം ജീവനക്കാരുടെ മാനസികാരോഗ്യത്തിലുണ്ടാകുന്ന ആഘാതം അവഗണിക്കാന്‍ ആകാത്തവിധം പ്രശ്‌നമായികൊണ്ടിരിക്കുന്നുവെന്നും ഇത്തരം സംഭവങ്ങളും പഠനങ്ങളും സൂചിപ്പിക്കുന്നു. കോവിഡിനുമുമ്പുതന്നെ ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ 43 ശതമാനം ജീവനക്കാരും ഉത്കണ്ഠയുടെയോ വിഷാദത്തിന്റെയോ ലക്ഷണങ്ങള്‍ കാണിച്ചതായി അസോച്ചം നടത്തിയ ഒരു പഠനം കണ്ടെത്തി. കോവിഡിനുശേഷം ഇത്തരം ബുദ്ധിമുട്ടുകള്‍ നേരിടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും പഠനം പറയുന്നു. 36 ശതമാനം പേര്‍ മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഏതാണ്ട് പകുതി പേര്‍ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ പ്രകടിപ്പിച്ചു.
ഹൃദയാഘാതം വര്‍ദ്ധിക്കുന്നതിന് പിന്നിലും ജോലി സമ്മര്‍ദ്ദമാണോ?
ജോലി സമ്മര്‍ദ്ദം കൂടുന്നത് പുരുഷന്മാരില്‍ ഹൃദ്രേഗ സാധ്യ ഇരട്ടിയാക്കുമെന്ന് കാര്‍ഡിയോവാസ്‌കുലാര്‍ ക്വാളിറ്റി ആന്‍ഡ് ഔട്ട്കംസില്‍ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനത്തില്‍ സൂചിപ്പിക്കുന്നു. ജോലിയില്‍ വ്യത്യസ്ഥതരത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവരെയാണ് പഠനത്തിന് വിധേയമാക്കിയത്.
സമ്മര്‍ദ്ദം നേരിടുമ്പോള്‍ ശരീരത്തിന്റെ പ്രതികരണശേഷി സജീവമാകുന്നതായും ഇത് കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതായും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയമിടിപ്പ് വര്‍ദ്ധിക്കാനും കാരണമാകുന്നു. ഈ മാറ്റങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ പെട്ടെന്ന് ബാധിക്കുകയോ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുകയോ ചെയ്യുന്നു.
ജോലി സമ്മര്‍ദ്ദത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും കൊച്ചിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റുമായ ഡോ. രാജീവ് ജയദേവന്‍ പറയുന്നു. ജോലി സമ്മര്‍ദ്ദം ഹൃദയാഘാതത്തിന് കാരണമാകുമെന്നതിനെക്കുറിച്ച് ധാരാളം പ്രചാരണങ്ങളുണ്ടെന്നും എന്നാല്‍ ഒരാള്‍ സമ്മര്‍ദ്ദത്തിലായതുകൊണ്ടോ ദീര്‍ഘനേരം ജോലി ചെയ്യുന്നതുകൊണ്ടോ അവര്‍ക്ക് ഹൃദയാഘാതം സംഭവിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.