26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാനെതിരെ സൈനികപരമായി ആക്രമണം നടത്തുന്നതിലുപരി രാജ്യത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നതിനുള്ള തന്ത്രപരമായ നടപടികളും ഇന്ത്യ കൈകൊണ്ടിട്ടുണ്ട്. സിന്ധു നദീജല കരാര്‍ റദ്ദാക്കിയതടക്കമുള്ള നടപടികള്‍ അതില്‍ ഉള്‍പ്പെടുന്നു. ഉഭകക്ഷി വ്യാപാരം, ഷിപ്പിങ്, ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനം, വ്യോമാതിര്‍ത്തി അടയ്ക്കല്‍ തുടങ്ങി ഇന്ത്യ സ്വീകരിച്ചിട്ടുള്ള നടപടികളും പാക്കിസ്ഥാനെ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലാക്കുന്നതാണ്.
സാമ്പത്തികം എന്നത് പാക്കിസ്ഥാനെ സംബന്ധിച്ച് നിലവില്‍ വലിയ വെല്ലുവിളി തന്നെയാണ്. ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായാൽ പാക്കിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പോലുള്ള ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളെയും പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.
advertisement
പാക്കിസ്ഥാന് 1.3 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,000 കോടി രൂപയിലധികം) വായ്പ നല്‍കുന്നതിനെ കുറിച്ച് അവലോകനം ചെയ്യാന്‍ മേയ് 9ന് ഐഎംഎഫ് ബോര്‍ഡ് യോഗം ചേരാനിരിക്കുകയാണ്. പാക്കിസ്ഥാന് വായ്പ കൊടുക്കാന്‍ ഐഎംഎഫ് തീരുമാനിക്കുകയാണെങ്കില്‍ അത് വലിയൊരു ചോദ്യമാണ് ആഗോള സംവിധാനത്തിനു നേരെ ഉയർത്തുന്നത്.
ദുര്‍ബലമായ സമ്പദ്‌വ്യവസ്ഥയെ സ്ഥിരതയിലേക്ക് നയിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഐഎംഎഫിന്റേത് പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങള്‍ (ബെയില്‍ഔട്ട് പാക്കേജ്). ഇത്തരം സാമ്പത്തിക സഹായങ്ങള്‍ പഹല്‍ഗാം അടക്കമുള്ള പാക്കിസ്ഥാന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പരോക്ഷമായി പിന്തുണയ്ക്കാൻ പ്രാപ്തമാക്കുന്നുണ്ടോ? എന്ന ചോദ്യം ഇവിടെ നിര്‍ണായകമാകും.
ഇന്ത്യയെ സംബന്ധിച്ച് ഇതിന്റെ ഉത്തരം കൂടുതല്‍ വ്യക്തമാണ്. അതെ, പക്ഷേ നേരിട്ടുള്ള ധനസഹായത്തിലൂടെയല്ല. മറിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതെ വിഭവങ്ങള്‍ സ്വതന്ത്രമായി ഉപയോഗിക്കുന്നതിനും പ്രതിനിധി നെറ്റ്‌വര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനും അതിര്‍ത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടിരിക്കുന്ന സൈനിക രഹസ്യാന്വേഷണ ദൗത്യങ്ങളെ ഒറ്റപ്പെടുത്തുന്നതിനും ഫണ്ട് നൽകി പാക്കിസ്ഥാന്റെ ഭീകരതയെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണ് ഐഎംഎഫ് ചെയ്യുന്നത്.
ഐഎംഎഫ് പാക്കിസ്ഥാന് വായ്പ നല്‍കുന്നതിനെ ഇന്ത്യ ശക്തമായി തന്നെ എതിര്‍ത്തേക്കും. ഇത് വെറും വാചാടോപമല്ല. മേയ് ഏഴിന് നടത്തിയ സൈനിക ആക്രമണമായ 'ഓപ്പറേഷന്‍ സിന്ദൂറി'ലൂടെ ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. ഇത് നല്‍കുന്ന നയതന്ത്ര സന്ദേശം വ്യക്തമാണ്: ഭീകരതയ്ക്ക് സാമ്പത്തിക സഹായം നല്‍കാനാകില്ല. പ്രത്യേകിച്ചും ഐഎംഎഫിലൂടെയെന്ന വാദമാണ് ഇന്ത്യ ഉയർത്തുന്നത്.
ഐഎംഎഫ് ഫണ്ടുകള്‍ നേരിട്ട് ഭീകരവാദത്തിനായി ഉപയോഗപ്പെടുത്തുന്നു എന്നല്ല ഇന്ത്യയുടെ വാദം. എന്നാല്‍, ഈ സാമ്പത്തിക സഹായം ആഭ്യന്തര തലത്തില്‍ പാക്കിസ്ഥാന്റെ തീവ്രവാദത്തിലേക്കുള്ള സാമ്പത്തിക ഇടപാടുകളെ പ്രോത്സാഹിപ്പിക്കും. ഐഎസ്‌ഐ പോലുള്ള സൈനിക രഹസ്യാന്വേഷണ സംവിധാനത്തിലേക്കും ലഷ്‌കര്‍ ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകരവാദ സംഘടനകളിലേക്കും ഈ ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുമെന്നാണ് ഇന്ത്യയുടെ വാദം.
ഐഎംഎഫ് ഫണ്ട് നല്‍കുന്നത് ബാലന്‍സ് ഓഫ് പേമെന്റ് (ബിഒപി) ആയോ കാലാവസ്ഥ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കോ ആയാണ്. എന്നാല്‍, ഈ ഫണ്ട് പാക്കിസ്ഥാന്‍ നിലവിൽ നേരിടുന്ന സാമ്പത്തിക സമര്‍ദ്ധം ലഘൂകരിക്കും. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കായി പാക്കിസ്ഥാന്‍ ഫണ്ട് വിനിയോഗിക്കും. ഇന്ത്യയുടെ കാഴ്ചപ്പാടില്‍ ഇതാണ് വലിയ പ്രശ്‌നം.
തുടക്കം പഹല്‍ഗാമില്‍ നിന്ന്
കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് പഹല്‍ഗാം. ഈ പ്രദേശത്തെ 'മിനി സ്വിറ്റ്‌സര്‍ലാന്‍ഡ്' എന്ന് വിളിക്കുന്ന അതിമനോഹരമായ ബെയ്‌സരണ്‍ താഴ്വരയില്‍ നിന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ശക്തികൂടിയത്. സൈനിക വേഷം ധരിച്ച് തോക്കുമായെത്തിയ തിവ്രവാദികള്‍ 26 പേരെ കൊലപ്പെടുത്തി. ലഷ്‌കര്‍ ഇ-തൊയ്ബയുടെ പ്രതിനിധി സംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. പിന്നീട് ഇത് നിഷേധിച്ചെങ്കിലും ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് ഇന്ത്യന്‍ സൈന്യം ഉറപ്പിക്കുകയായിരുന്നു.
അതിര്‍ത്തിക്കപ്പുറത്ത് നിലുയുറപ്പിച്ച മാസ്റ്റര്‍മാരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയങ്ങളും ഡിജിറ്റല്‍ ഫോറന്‍സിക്കും ആക്രമണത്തിന് പാക്കിസ്ഥാനുമായുള്ള ബന്ധം ഉറപ്പിച്ചു. എല്‍ഇടി മുമ്പ് നടത്തിയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട സൂചനകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
പഹല്‍ഗാം ഒരു ഒറ്റപ്പെട്ട ഭീകരാക്രമണമല്ലെന്നും മറിച്ച് ധനസഹായം നല്‍കികൊണ്ടുള്ളതും സംരക്ഷിക്കപ്പെട്ടിട്ടുള്ളതും അതിര്‍ത്തി കടന്നുള്ളതുമായ ഒരു ശൃംഖലയുടെ ഫലമാണെന്നുമാണ് ഇന്ത്യയുടെ ആരോപണം. അന്വേഷണത്തില്‍ ലഭിച്ച സൂചനകള്‍ ഈ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്നു.
'ഓപ്പറേഷന്‍ സിന്ദൂര്‍'-തെളിവുകളില്‍ നിന്നും ദൗത്യത്തിലേക്ക്
പാക്കിസ്ഥാന്‍ ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍'. മുസാഫറാബാദ്, ഭാവല്‍പൂര്‍, സിയാല്‍കോട്ട്, കോട്‌ലി തുടങ്ങി പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങളാണ് ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. ലഷ്‌കര്‍ ഇ തൊയ്ബയുടെയും ജെയ്‌ഷെ മുഹമ്മദിന്റെയും ഹിസ്ബുള്‍ മുജാഹിദ്ദീനിന്റെയും കേന്ദ്രങ്ങളും ആക്രമണത്തില്‍ തകര്‍പ്പെട്ടു.
അതേസമയം, പാക് സൈനിക താവളങ്ങളെയോ സാധാരണക്കാരെയോ ഇന്ത്യന്‍ സൈന്യം ലക്ഷ്യവെച്ചില്ല. പ്രതികാര നടപടിയായിട്ടല്ല, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടമായാണ് ഈ ദൗത്യം നടത്തിയത്. എന്നാല്‍, പാക്കിസ്ഥാന്‍ മാത്രമല്ല ഭീകരവാദത്തിന്റെ യഥാര്‍ത്ഥ കാഴ്ച്ചക്കാരെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ഇരയായി അഭിനയിച്ചുകൊണ്ട് ഭീകരവാദം കയറ്റുമതി ചെയ്യുന്ന ഒരു രാജ്യത്തിന് തുടര്‍ന്നും സാമ്പത്തിക സഹായം ഉറപ്പാക്കുന്ന അന്താരാഷ്ട്ര സമൂഹമാണ് പ്രത്യേകിച്ചും ധനകാര്യ സ്ഥാപനങ്ങളാണ് ഇന്ത്യയുടെ കാഴ്ച്ചപ്പാടില്‍ ഭീകരതയുടെ യഥാര്‍ത്ഥ പ്രേക്ഷകര്‍.
ഐഎംഎഫിനെ ആശ്രയിച്ച് പാക്കിസ്ഥാന്‍
1958-ലാണ് പാക്കിസ്ഥാന് ഐഎംഎഫ് ആദ്യ പാക്കേജ് നല്‍കുന്നത്. മൂന്ന് വര്‍ഷത്തില്‍ ശരാശരി ഒന്ന് എന്ന കണക്കില്‍ 23 പാക്കേജുകള്‍ ഇതുവരെ പാക്കിസ്ഥാൻ പ്രയോജനപ്പെടുത്തി. 1988, 1994, 2001, 2008 എന്നീ വര്‍ഷങ്ങളില്‍ പാക്കേജ് അനുവദിച്ചു.
* 2013ല്‍ 660 കോടി ഡോളറാണ് ഐഎംഎഫ് പാക്കിസ്ഥാന് നല്‍കിയത്
* 2019-ല്‍ 600 കോടി ഡോളര്‍ പാക്കേജ് അനുവദിച്ചു
*2024-ല്‍ 700 കോടി ഡോളര്‍ പാക്കേജ് നല്‍കി
*2025ല്‍ 1300 കോടി ഡോളര്‍ കാലാവസ്ഥ പ്രതിരോധത്തിനുള്ള സാമ്പത്തിക പിന്തുണയായി അനുവദിക്കുന്നത് ആലോചിക്കുന്നു.
എന്നാല്‍ ഈ ഫണ്ടുകള്‍ കൃത്യമായി ഘടനാപരമായ സാമ്പത്തികമായ പരിഷ്കരണങ്ങൾക്കായി ഉപയോഗിക്കുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ടുവെന്ന് മുന്‍ ഐഎംഎഫ് അംഗങ്ങള്‍ അടക്കമുള്ളവര്‍ വിമര്‍ശിക്കുന്നു. 2024-ലെ ഐഎംഎഫ് അവലോകനത്തില്‍ പാക്കിസ്ഥാന്‍ സാമ്പത്തികമായി ചെറുതായെങ്കിലും കരകയറിയതിനെ പ്രശംസിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും പഴയ സ്ഥിതിയിലേക്ക് തന്നെ പോയി. വായ്പ വിതരണം ചെയ്യാന്‍ തുടങ്ങുമ്പോള്‍ വികസനത്തെ കുറിച്ച് പാക്കിസ്ഥാന്‍ മറക്കും.
ഐഎംഎഫ് നല്‍കുന്ന ഓരോ സാമ്പത്തിക പാക്കേജും പാക്കിസ്ഥാന്റെ ബാലന്‍സ് ഷീറ്റിനെ അസ്ഥിരതയില്‍ നിന്നും സ്ഥിരതയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഫണ്ട് മറ്റ് ചെലവുകള്‍ക്കായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നാണ് ഇന്ത്യ ശക്തമായി ആരോപിക്കുന്നത്. സൈനിക ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍, അതിര്‍ത്തികടന്നുള്ള നിരീക്ഷണവും അടിസ്ഥാനസൗകര്യങ്ങളും, ഐഎസ്‌ഐയുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ്, തീവ്രവാദം മറയ്ക്കുന്നതിനായുള്ള മത സംഘടനകള്‍ എന്നിങ്ങനെ പലവഴിക്കായാണ് ഐഎംഎഫ് ഫണ്ട് പാക്കിസ്ഥാന്‍ വിനിയോഗിക്കുന്നതെന്നും ഇന്ത്യ ആരോപിക്കുന്നു.
അന്തരാഷ്ട്രതലത്തില്‍ നിരോധിച്ചിട്ടും ജമാഅത്ത് ഉദ്-ദവ പോലുള്ള സംഘടനകള്‍ പാക്കിസ്ഥാനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ പാക്കിസ്ഥാന്‍ എങ്ങനെയാണ് തീവ്രവാദത്തെ വളര്‍ത്തുന്നതെന്ന് ഇന്ത്യ തെളിയിക്കുന്ന ഒരു വസ്തുതയാണ്.
പാക്കിസ്ഥാനെതിരെയുള്ള വിമര്‍ശനത്തില്‍ ഇന്ത്യ ഒറ്റയ്ക്കല്ല. ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ് തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളും പാക്കിസ്ഥാന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ തുറന്നു കാണിച്ചിട്ടുണ്ട്.
* സുതാര്യമല്ലാത്ത പ്രതിരോധ മുന്‍ഗണനകള്‍ക്കായി വിഭവങ്ങള്‍ ഉപയോഗിക്കുന്നു
* സര്‍ക്കാരിന്റെ പിന്തുണയോടെ ഭീകര പരിശീലന ക്യാമ്പുകള്‍ നടത്തുന്നു
*എഫ്എടിഎഫ് (ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്) ഗ്രേ ലിസ്റ്റിങ് സമയത്ത് അച്ചടക്കം പാലിക്കല്‍
സാമ്പത്തിക സമ്മര്‍ദ്ദത്തിന്റെ മറവില്‍ 2008-2015, 2028-2022 എന്നീ വര്‍ഷങ്ങളില്‍ നടന്ന എഫ്എടിഎഫ് ഗ്രേ ലിസ്റ്റിങ്ങിലും തീവ്രവാദ സമ്പദ്‌വ്യവസ്ഥകളുടെ മുഖാവരണം പൊളിക്കാനായില്ല. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം, ആയുധക്കടത്ത് എന്നിവയെ ചെറുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സമിതിയാണ് എഫ്എടിഎഫ്.
സാമ്പത്തിക സ്ഥിരതയും സുരക്ഷയും
ഐഎംഎഫിനും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നവര്‍ക്കും പാക്കിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി യാഥാര്‍ത്ഥ്യമായി തോന്നിയേക്കാം. ഫണ്ട് നല്‍കാതിരിക്കുന്നത് സാമ്പത്തിക തകര്‍ച്ച, കുടിയേറ്റം, ചൈനീസ് നുഴഞ്ഞുകയറ്റം എന്നിവയിലേക്ക് നയിച്ചേക്കും. എന്നാല്‍, ഇന്ത്യയുടെ ആരോപണങ്ങള്‍ക്കു നേരെ കണ്ണടച്ചുകൊണ്ട് ഐഎംഎഫ് പാക്കിസ്ഥാന് വായ്പ നല്‍കിയാല്‍ അത് രക്രൂതക്ഷിതമായ ഒരു സാഹചര്യത്തിന് വഴിയൊരുക്കും. കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുള്ള സാമ്പത്തിക സഹായം പുനഃപരിശോധിക്കാന്‍ ഐഎംഎഫ്, ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയോട് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സഹായം അശ്രദ്ധമായി തീവ്രവാദ അടിസ്ഥാനസൗകര്യങ്ങളെ പിന്തുണയ്ക്കുമെന്ന ആശങ്കയും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
നേരത്തെ പാക്കിസ്ഥാന് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പാക്കേജില്‍ പാക്കിസ്ഥാനെതിരെ വോട്ട് ചെയ്യുന്നതില്‍ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. ഉഭയകക്ഷി പ്രശ്‌നങ്ങള്‍ക്കിടയിലും സാമ്പത്തികമായി ആശ്വാസം നല്‍കുന്ന നടപടികളെ തടസപ്പെടുത്താതിരിക്കാനായിരുന്നു ഇത്. എന്നാല്‍ പഹല്‍ഗാം പശ്ചാത്തലത്തില്‍ ഇന്ത്യ ഐഎംഎഫ് സഹായം നല്‍കുന്നതിനെതിരെ വോട്ട് ചെയ്‌തേക്കും.
1300 കോടി ഡോളര്‍ വായ്പ നല്‍കുന്നതിനെ ഐഎംഎഫ് അവലോകന യോഗത്തില്‍ ഇന്ത്യ എതിര്‍ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരോക്ഷമായി ഭീകര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അത്തരം സഹായം ഉപകരിക്കും എന്ന് ചൂണ്ടിക്കാട്ടിയായിരിക്കും ഇന്ത്യ എതിര്‍പ്പ് അറിയിക്കുക.
യോഗത്തിന് തൊട്ടു മുന്നോടിയായി ഇന്ത്യ ഐഎംഎഫിലെ പ്രതിനിധിയായ കെ സുബ്രഹ്മണ്യനെ നീക്കി പകരം ലോകബാങ്കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പരമേശ്വരന്‍ അയ്യരെ താല്‍ക്കാലികമായി ഐഎംഎഫ് ബോര്‍ഡിലേക്ക് എത്തിച്ചിട്ടുണ്ട്. പാക്കിസ്ഥാനെതിരെ ഐഎംഎഫില്‍ ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിയമനം.
ആദ്യം പ്രതിരോധം പിന്നെ വികസനം
ചരിത്രാതീത കാലം മുതല്‍ തന്നെ സാമ്പത്തിക പരിഷ്‌കരണങ്ങളേക്കാള്‍ പാക്കിസ്ഥാന്‍ മുന്‍ഗണന നല്‍കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്. തുടര്‍ച്ചയായ സാമ്പത്തിക പ്രതിസന്ധികളും അന്താരാഷ്ട്ര പരിശോധനകളും നേരിട്ടിട്ടും സൈനിക ആവശ്യങ്ങള്‍ക്കുള്ള പാക്കിസ്ഥാന്റെ നീക്കിയിരിപ്പ് ഏറ്റവും ഉയര്‍ന്ന തലത്തിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിഹിതമാണ് ജിഡിപിയില്‍ ഉയര്‍ന്നുനില്‍ക്കുന്നതും. സാമ്പത്തികമായി കടുത്ത ഞെരുക്കം നേരിട്ട സമയത്ത് പോലും അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
2024-25ല്‍ പാക്കിസ്ഥാന്‍ 2,10,000 കോടി ഡോളറാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. സൈനിക പെന്‍ഷന്‍, തന്ത്രപരമായ പദ്ധതികള്‍, സുരക്ഷാ ചെലവിടല്‍ എന്നിവ ഒഴിച്ചുനിര്‍ത്തിയുള്ള തുകയാണിത്. അതേസമയം, വികസനത്തിനായുള്ള ചെലവിടല്‍ പാക്കിസ്ഥാന്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ സൃഷ്ടി എന്നിവയ്ക്കായുള്ള ചെലവിടല്‍ ധനകമ്മി നികത്തുന്നതിനായി വെട്ടിക്കുറച്ചു.
വികസന-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവിടലിലെ ഈ അസന്തുലിതാവസ്ഥ പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്. പാക്കിസ്ഥാന്റെ മോശം സാമ്പത്തിക മാനേജ്‌മെന്റിനെ മാത്രമല്ല ബോധപൂര്‍വ്വമുള്ള ഭരണകൂട തന്ത്രത്തെയും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. ദേശീയ സുരക്ഷയെ സൈനിക ശക്തിയായി തുലനം ചെയ്യുന്നതും ബജറ്റ് മുന്‍ഗണനകളില്‍ സൈന്യത്തിന് ആധിപത്യം നല്‍കുന്നതും പാക്കിസ്ഥാന്‍ മെനയുന്ന തന്ത്രത്തിന്റെ ഭാഗമാണ്.
ഇത്തരം ബജറ്റ് നീക്കിയിരിപ്പ് രീതികള്‍ പലയിടത്തും പാക്കിസ്ഥാന് മറയാകുന്നു. അന്താരാഷ്ട്രതലത്തില്‍ സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതിനും ഇത് കാരണമാകുന്നു. എന്നാല്‍, ഈ വസ്തുത തിരിച്ചറിയാന്‍ ശ്രമിക്കാതെ ഐഎംഎഫ് പോലുള്ള സംഘടനകള്‍ നിരുത്തരവാദപരമായി ഫണ്ട് അനുവദിക്കുന്നതിന് പാക്കിസ്ഥാന്റെ തന്ത്രപരമായ ബജറ്റ് വിനിയോഗത്തിന് പ്രോത്സാഹനമാകുമെന്നാണ് ഇന്ത്യ ഭയക്കുന്നത്.
ഐഎംഎഫ് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?
പഹല്‍ഗാം പോലുള്ള ആക്രമണങ്ങള്‍ക്ക് ഫണ്ട് നല്‍കികൊണ്ട് ഐഎംഎഫ് പാക്കിസ്ഥാനെ ബോധപൂര്‍വ്വം സഹായിക്കുകയാണോ?
അല്ല, എന്നാല്‍ സാമ്പത്തികമായി ദുര്‍ബലമായ ഒരു രാജ്യത്തെ സഹായിക്കാനുള്ള അന്താരാഷ്ട്ര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി തീവ്രവാദം വളര്‍ത്താന്‍ പാക്കിസ്ഥാനെ പ്രാപ്തമാക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ ഉത്തരം. ഇത് ലോകം മനസ്സിലാക്കേണ്ടതുണ്ട്.
ഇതിലൂടെ ആഗോള സാമ്പത്തിക വ്യവസ്ഥ അറിഞ്ഞോ അറിയാതെയോ ഭീകരതയ്ക്ക് ഒരു പങ്കാളിയായി മാറുന്നു. സാമ്പത്തിക രക്ഷാപ്രവര്‍ത്തനമോ തന്ത്രപരമായ ഉത്തരവാദിത്തമോ തിരഞ്ഞെടുക്കാന്‍ ഐഎംഎഫ് ഇപ്പോള്‍ നിര്‍ബന്ധിതമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഭീകരതയ്ക്ക് ധനസഹായം നല്‍കാന്‍ കഴിയില്ല എന്ന സന്ദേശം വിട്ടുവീഴ്ചയ്ക്ക് വിധേയമല്ല. ഐഎംഎഫിലൂടെ ഭീകരവാദത്തെ പിന്തുണയ്ക്കാനാകില്ലെന്നും ഇന്ത്യ വാദിക്കുന്നു.
പാക്കിസ്ഥാൻ എന്തിന് വേണ്ടിയാണ് ധനം വിനിയോഗിക്കുന്നതെന്ന് അറിയാതെ ലോകത്തിന് പാക്കിസ്ഥാന് ധനസഹായം അനുവദിക്കാൻ കഴിയുമോ എന്ന ചോദ്യവും ഐഎംഎഫ് വോട്ടെടുപ്പിന് തയ്യാറെടുക്കുമ്പോൾ ഉയർന്നുവരുന്നുണ്ട്.