TRENDING:

മകളെ പിന്‍ഗാമിയാക്കുമോ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍? ചൈനയിലേക്ക് പോയതെന്തിന്?

Last Updated:

ചൈനയിലേക്കുള്ള പ്രതിനിധി സംഘത്തിനൊപ്പമുള്ള കിം കിം ജോംഗ് ഉന്നിന്റെ മകളുടെ സാന്നിധ്യം അവരുടെ ഉയര്‍ന്നുവരുന്ന സ്ഥാനത്തെക്കുറിച്ചുള്ള പുതിയ ഊഹാപോഹങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്

advertisement
ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ തന്റെ പച്ചനിറമുള്ള ട്രെയിനില്‍ ചൊവ്വാഴ്ച ചൈനയിലെത്തിയപ്പോള്‍ ചുവന്ന പരവതാനി വിരിച്ചാണ് മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഉന്നിന്റെ തൊട്ടുപിറകിലായി കറുത്ത കോട്ട് ധരിച്ച്, നേവി കളര്‍ റിബ്ബണ്‍ തലയില്‍ക്കെട്ടി ഒരു കൊച്ചുപെണ്‍കുട്ടിയുമുണ്ടായിരുന്നു. നിശബ്ദമായിരുന്നുവെങ്കിലും അത്ര ചെറുതല്ലാത്ത ഒരു സാന്നിധ്യമായിരുന്നു അത്.
News18
News18
advertisement

ഉന്നിന്റെ മകളായ കിം ജു ഏ ആണ് ആ പെണ്‍കുട്ടിയെന്ന് വിശ്വസിക്കപ്പെടുന്നു. ഉത്തരകൊറിയയ്ക്ക് പുറത്ത് അവര്‍ ആദ്യമായാണ് പ്രത്യക്ഷപ്പെടുന്നത്. ബെയ്ജിംഗ് റെയില്‍വേ സ്റ്റേഷനില്‍ ഉത്തരകൊറിയന്‍ പ്രതിനിധി സംഘം ഇറങ്ങുമ്പോള്‍ ജു ഏ കിമ്മിന് സമീപമാണ് നിന്നിരുന്നത്. ബുധനാഴ്ചത്തെ സൈനിക പരേഡില്‍ അവരെ കണ്ടിരുന്നില്ല. പ്രതിനിധി സംഘത്തിനൊപ്പമുള്ള അവരുടെ സാന്നിധ്യം അവരുടെ ഉയര്‍ന്നുവരുന്ന സ്ഥാനത്തെക്കുറിച്ചുള്ള പുതിയ ഊഹാപോഹങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ചൈന ബുധനാഴ്ച നടത്തിയ സൈനിക പരേഡ് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറി. രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ പരാജപ്പെട്ടതിന്റെ 80 വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ പശ്ചാത്തലത്തിലാണ് ചൈന പരേഡ് നടത്തിയത്. യുഎസ് നയിക്കുന്ന അന്താരാഷ്ട്ര ക്രമത്തിനെതിരേ ചൈന, റഷ്യ, ഉത്തരകൊറിയ എന്നിവ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകാത്മക പ്രകടനം കൂടിയായിരുന്നു ഈ സൈനിക പരേഡ്.

advertisement

കിം ജു എയുടെ സാന്നിധ്യത്തിന്റെ പ്രാധാന്യമെന്ത്?

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പങ്കെടുത്ത ഒരു വലിയ അന്താരാഷ്ട്ര പരിപാടിയില്‍ കിം ജു ഏയുടെ സാന്നിധ്യം ഒരു വലിയ തന്ത്രപരമായ സന്ദേശത്തിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.

2010ല്‍ പിതാവ് കിം ജോംഗ് ഇല്ല് നടത്തിയ ചൈനീസ് സന്ദര്‍ശനത്തില്‍ കിം ജോംഗ് ഉന്നും ഉണ്ടായിരുന്നുവെന്നും ഈ യാത്ര അദ്ദേഹത്തിന്റെ അധികാരത്തിലേക്കുള്ള ഉയര്‍ച്ച ഉറപ്പിച്ചതായും കണക്കുകൂട്ടുന്നു. സമാനമായ രീതിയിലാണ് ജു ഏയുടെ യാത്രയെന്നും ഇത് സമാനമായ ഒരു ഉദ്ദേശ്യം നിറവേറ്റിയിരിക്കാമെന്നും ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരകൊറിയയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയിലേക്കുള്ള വളരെ മൃദുവായ ഒരു നയതന്ത്ര ആമുഖമായി ഇത് കണക്കാക്കപ്പെടുന്നു.

advertisement

ചൈനീസ് നേതൃത്വത്തിന് സ്വയം പരിചയപ്പെടുത്താനുള്ള ഒരു ചടങ്ങായിട്ടാണ് ഈ സന്ദര്‍ശനം വിലയിരുത്തുന്നതെന്ന് സിയോളിലെ നോര്‍ത്ത് കൊറിയന്‍  സ്റ്റഡീസ് സര്‍വകലാശാലയുടെ മുന്‍ പ്രസിഡന്റായ യാംഗ് മൂ ജിന്ന് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നയിക്കാന്‍ കിം ജു ഏ തയ്യാറെടുപ്പിലോ?

ഉത്തരകൊറിയയെ നയിക്കാന്‍ കിം ജു ഏ തയ്യാറെടുപ്പിലാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2022 മുതല്‍ കിം ജു ഏ ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആയുധ പരീക്ഷണങ്ങള്‍, മിസൈന്‍ വിക്ഷേപണങ്ങള്‍ അല്ലെങ്കില്‍ സൈനിക പരേഡുകള്‍ എന്നിവ നടത്തുന്ന വേദികളിലാണ് അവര്‍ കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ''പ്രിയപ്പെട്ട'', അല്ലെങ്കില്‍ ''ബഹുമാനപ്പെട്ട മകള്‍'' എന്ന നിലയിലാണ് മാധ്യമങ്ങളില്‍ അവരെ വിശേഷിപ്പിച്ചിരിക്കുന്നത്.

advertisement

കിം ജു ഏയുടെ പദവിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും നടന്നിട്ടില്ലെങ്കിലും, ഉത്തരകൊറിയയുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടികളിലെ അവരുടെ സ്ഥിര സാന്നിധ്യം രാജ്യത്തിന്റെ ഭാവി നേതാവായി അവര്‍ ഉയര്‍ന്നുവരുന്നതിന്റെ സൂചനയാണെന്ന് പലരും വിശ്വസിക്കുന്നു. ഭാവിയില്‍ ഉത്തരകൊറിയയുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് ജു ഏയ്ക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്ന് ചില ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ആറ് വര്‍ഷത്തിനിടെ കിം നടത്തിയ ആദ്യ ചൈനീസ് യാത്രയില്‍ അവരെ ഉള്‍പ്പെടുത്തിയത് ഊഹാപോഹങ്ങള്‍ ബലപ്പെടുത്തുന്നു.

കിം ജു ഏയുടെ പ്രത്യക്ഷപ്പെടലിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടോ?

advertisement

അതേസമയം, ജു ഏ ഉത്തരകൊറിയയില്‍ നിര്‍ണായകമായ ഒരു ചുമതല ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്നുണ്ടെന്ന് പല വിദഗ്ധരും സമ്മതിക്കുന്നില്ല. പിന്തുടര്‍ച്ചയേക്കാള്‍ ഉപരിയായി കിമ്മിന്റെ പ്രതിച്ഛായ മാനുഷികമായി ചിത്രീകരിക്കുന്നതിനായിരിക്കാം അവര്‍ പൊതുജനമധ്യത്തില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നതിന്റെ കാരണമെന്ന് സിംസ്റ്റണ്‍ സെന്ററിലെ സീനിയര്‍ ഫെലോയായ ജെന്നി ടൗണ്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ജു ഏയെക്കുറിച്ച് ആദ്യമായി പരസ്യപ്പെടുത്തിയത് 2013ലാണ്. ''അവരുടെ കുഞ്ഞ് ജു ഏയെ കൈയ്യില്‍ പിടിച്ചു''വെന്ന് പ്യോങ് യാംഗ് സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരന്‍ ഡെന്നിസ് റോഡ്മാന്‍ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ വെളിപ്പെടുത്തലിലാണ് കിം ജോംഗ് ഉന്നിന് ഒരു മകളുണ്ടെന്ന വിവരം പുറംലോകം അറിഞ്ഞത്. കിം ജോംഗ് ഉന്നിന്റെ മറ്റ് മക്കളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.

ജു ഏയെ പുറത്ത് കൊണ്ടുപോകാന്‍ കാരണം അവളുടെ പേര് ഇതിനോടകം തന്നെ ലോകത്ത് അറിയാവുന്നത് കൊണ്ടായിരിക്കുമെന്ന് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഒരു വിദഗ്ധന്‍ പറഞ്ഞു. ജു ഏയ്ക്ക് സഹോദരങ്ങള്‍ ഉണ്ടെങ്കില്‍ അവരെ രഹസ്യമായി സൂക്ഷിക്കാനും സ്വകാര്യമായി പരിപാലിക്കാനും ഇതിലൂടെ കഴിയും.

മുന്‍കാല പിന്തുര്‍ച്ചയുമായി താരതമ്യപ്പെടുത്താന്‍ കഴിയുമോ?

ഉത്തരകൊറിയയുടെ മുന്‍കാല അധികാര കൈമാറ്റവും രഹസ്യസ്വഭാവം പിന്തുടരുന്നതാണ്. പുരുഷ പിന്‍ഗാമികള്‍ പരസ്യമായി അംഗീകരിക്കപ്പെടുന്നതിന് മുമ്പ് നിശബ്ദമായി സൈനിക വേഷങ്ങളിലാണ് വളര്‍ന്നത്. കിം ജോംഗ് ഉന്‍ തന്റെ മുന്‍ഗാമികളേക്കാള്‍ പ്രായവും അനുഭവപരിചയും കുറഞ്ഞയാളായിരുന്നു. എന്നാല്‍, ഉന്നിന്റെ ഉയര്‍ച്ച ഇപ്പോഴും രാജവംശ പ്രതീകാത്മകയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. പ്രത്യേകിച്ച് ആയുധ വികസനവുമായി ബന്ധപ്പെട്ട പരിപാടികളില്‍ ജു ഏയുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യം ഈ പാരമ്പര്യവുമായി യോജിക്കുന്നു.

ബെയ്ജിംഗിലെ ജു ഏയുടെ സാന്നിധ്യം 2010ലെ കിമ്മിന്റെ ചൈന സന്ദര്‍ശനത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം സമാനമായ ഒരു മാറ്റത്തിന് ഉത്തരകൊറിയ മറ്റ് വിദേശരാജ്യങ്ങളെ ഒരുക്കുന്നുണ്ടാകാമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഉത്തരകൊറിയയില്‍ സ്ത്രീകള്‍ പിന്‍ഗാമിയാകാനുള്ള സാധ്യതയുണ്ടോ?

ഉത്തരകൊറിയയെ അടുത്ത കാലത്തൊന്നും ഒരു സ്ത്രീ നയിച്ചിട്ടില്ല. കൂടാതെ, രാജ്യത്തിന്റെ അധികാര ഘടനകള്‍, പ്രത്യേകിച്ച് സൈന്യം, അത്തരമൊരു അധികാര വാഴ്ച സ്വീകരിക്കുമോയെന്ന കാര്യവും വ്യക്തമല്ല. കിം ഇല്‍ സുംഗും, കിം ജോംഗ് ഇലും അധികാരം അവരുടെ മക്കള്‍ക്ക് കൈമാറുകയായിരുന്നു.

എന്നാല്‍, സൈനിക പരിശോധനകളിലും മിസൈല്‍ വിക്ഷേപണങ്ങളിലും പിതാവിനോടൊപ്പമുള്ള ജു ഏയുടെ പ്രത്യക്ഷപ്പെടല്‍ സൂചിപ്പിക്കുന്നത് അവര്‍ ഒരു സുപ്രധാന വ്യക്തിയായി പരസ്യമായി ചിത്രീകരിക്കപ്പെടുമെന്നാണെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍, 40കളുടെ തുടക്കത്തിലുള്ള കിം ജോംഗ് ഉന്നിന്റെ നേതൃമാറ്റം ഉടന്‍ സംഭവിക്കാന്‍ സാധ്യതയില്ല. പതിയെ പതിയെ ജു ഏയുടെ പങ്ക് വളര്‍ന്നുവരാനാണ് കൂടുതല്‍ സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.

പ്യോംഗ് യാംഗ് എന്ത് സന്ദേശമാണ് നല്‍കുന്നത്?

ചൈനയുമായും റഷ്യയുമായും ഉള്ള ബന്ധം ഉത്തരകൊറിയ വളര്‍ത്തിയെടുക്കുന്ന ഒരു സമയത്ത് ബെയ്ജിംഗിലെ യു ഏയുടെ സാന്നിധ്യം കുടുംബത്തെക്കുറിച്ചെന്ന പോലെ ഭാവിയിലെ സ്ഥിരതയെക്കുറിച്ചും ഊന്നിപ്പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭരണകൂടത്തിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികള്‍ക്ക് കിം രാജവംശം ശക്തവും സ്ഥിരതയുള്ളതുമാണെന്ന ഉറപ്പ് ഇത് നല്‍കുന്നു. നേതൃത്വത്തിന്റെ സ്വത്വവും സൈനിക ശക്തിയോടുള്ള അതിന്റെ പ്രതിബദ്ധതയും അടുത്ത തലമുറയിലേക്കും കൈമാറ്റം ചെയ്യുന്നുണ്ടെന്ന സന്ദേശം എതിരാളികള്‍ക്ക് ഇത് നല്‍കുന്നു. അതേസമയം, ഉത്തരകൊറിയയിലെ ജനങ്ങള്‍ക്കിടയില്‍ പാരമ്പര്യത്തില്‍ നിന്നുള്ളതും എന്നാല്‍ ഭാവിക്കായി തയ്യാറെടുക്കുന്നതുമായ ഒരു അഭേദ്യമായ രേഖയുടെ സാന്നിധ്യവും ഇത് നല്‍കുന്നു.

Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
മകളെ പിന്‍ഗാമിയാക്കുമോ ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍? ചൈനയിലേക്ക് പോയതെന്തിന്?
Open in App
Home
Video
Impact Shorts
Web Stories