TRENDING:

24 ദിവസത്തിനുള്ളില്‍ 18 ഭൂകമ്പങ്ങള്‍: വലിയൊരു ഭൂമി കുലുക്കത്തിന് ലോകം സാക്ഷിയാകുമോ? 

Last Updated:

ഇന്ത്യയിൽ ഉൾപ്പടെയാണ് കഴിഞ്ഞ 24 ദിവസത്തിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് 18 ഭൂചനലങ്ങളുണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നവംബര്‍ മാസം ആശങ്കകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ഭൂകമ്പങ്ങളാണ് ഈ മാസം രേഖപ്പെടുത്തിയത്. 18 ഭൂകമ്പങ്ങളും മറ്റനേകം ചെറിയ ഭൂചലനങ്ങളുമാണ് ഇതുവരെ രേഖപ്പെടുത്തിയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ഉണ്ടായിരുന്നു. മേഘാലയയിലെ ട്യൂറയില്‍ നിന്ന് 37 കിലോമീറ്റര്‍ അകലെ, പുലര്‍ച്ചെ 3.46 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയിലെ വിദഗ്ധര്‍ പറയുന്നു. ഉപരിതലത്തില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

24 ദിവസത്തിനുള്ളില്‍ 18 ഭൂകമ്പങ്ങള്‍

കഴിഞ്ഞ 24 ദിവസത്തിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് ആകെ രേഖപ്പെടുത്തിയ ഭൂകമ്പങ്ങളുടെ എണ്ണം 18 ആണ്. മഹാരാഷ്ട്രയിലെ നാസിക്കില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നിരുന്നു. അതുപോലെ തന്നെ സോളോമന്‍ ദ്വീപിലെ മലാംഗോ( റിക്ടര്‍ സ്‌കെയില്‍ തീവ്രത 7), തുര്‍ക്കിയിലെ ഡ്യൂസ് പ്രവിശ്യ(റിക്ടര്‍ സ്‌കെയില്‍ തീവ്രത 6.1), മെക്‌സിക്കോയിലെ ബാജ കാലിഫോണിയ( റിക്ടര്‍ സ്‌കെയില്‍ തീവ്രത 6.2) എന്നിവിടങ്ങളിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാന ഭൂകമ്പങ്ങള്‍ നടന്നത്. ഇതില്‍ നിന്നെല്ലാം തീവ്രതയേറിയ ഭൂചലനമാണ് ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ നടന്നത്. റിക്ടര്‍ സ്‌കെയില്‍ തീവ്രത 5.6 ആണ് രേഖപ്പെടുത്തിയതെങ്കിലും കനത്ത നാശനഷ്ടങ്ങളാണ് ഈ ഭൂചലനത്തില്‍ ഉണ്ടായത്. ഏകദേശം 260 പേര്‍ക്കാണ് ഭൂചലനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

advertisement

അതേസമയം ഗ്രീസിലെ ക്രീറ്റ് തീരപ്രദേശത്തും ഒരു ഭൂകമ്പം രേഖപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ ഈ പ്രദേശത്ത് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സമാനമായ മുന്നറിയിപ്പ് സോളോമന്‍ ദ്വീപിന്റെ തീരത്തും നിലനില്‍ക്കുന്നതായാണ് സൂചന. ഭൂകമ്പങ്ങളുടെ ആവൃത്തി വര്‍ധിക്കുന്നുവോ എന്ന ചോദ്യത്തിലേക്കാണ് നിലവിലെ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ ഭൂകമ്പ അപകട പരിപാടിയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 12 ഭൂകമ്പങ്ങളാണ് കഴിഞ്ഞവര്‍ഷം നവംബറില്‍ രേഖപ്പെടുത്തിയിരുന്നത്. സര്‍വ്വേ പ്രകാരം പ്രധാനപ്പെട്ട ഭൂകമ്പങ്ങള്‍ എന്നത് മാഗ്നിറ്റിയൂഡിന്റെയും ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നതിന്റെയും, PAGER (ആഗോള ഭൂകമ്പങ്ങളുടെ പ്രോംപ്റ്റ് അസസ്‌മെന്റ്) അലേര്‍ട്ട് ലെവല്‍ എന്നിവയുടെയും ഒരു കോമ്പിനേഷനാണ്.

advertisement

2021നെ അപേക്ഷിച്ച് ഈ വര്‍ഷം ഭൂകമ്പങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ നംവബറില്‍ 12 ഭൂചലനങ്ങളാണ് രേഖപ്പെടുത്തിയത് എന്ന് പറഞ്ഞല്ലോ. എന്നാല്‍ ഇക്കഴിഞ്ഞ 24 ദിവസത്തിനിടെ രേഖപ്പെടുത്തിയ ഭൂചലനങ്ങളുടെ എണ്ണം 18 ആണ്. മേഘാലയയിലും നവംബര്‍ 9ന് ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഢിലുമുണ്ടായ ചെറിയ ഭൂകമ്പങ്ങള്‍ ഒഴികെയുള്ള കണക്കാണിത്.

റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാളില്‍ ഉണ്ടായിരുന്നു. അതിന്റെ ചുവടുപറ്റി ഉത്തരാഖണ്ഡില്‍ നവംബര്‍ 9ന് ഭൂചലനം രേഖപ്പെടുത്തുകയായിരുന്നു. ആറുപേരാണ് ഈ ഭൂചലനത്തില്‍ കൊല്ലപ്പെട്ടത്. നിരവധി വീടുകള്‍ ഇടിഞ്ഞ് വീഴുകയും ചെയ്തു. നേപ്പാളില്‍ നവംബര്‍ 9ന് പുുലര്‍ച്ചെ 1.57നാണ് ഭൂചലനമുണ്ടായത്. അഞ്ച് മണിക്കൂറില്‍ 3 തുടര്‍ച്ചയായ ഭൂചലനങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. ഓരോ മണിക്കൂറിലും ഭൂകമ്പ തീവ്രത ഏറിവരുന്നതായാണ് അനുഭവപ്പെട്ടത്. ഏറ്റവുമൊടുവില്‍ ഭൂകമ്പം അനുഭവപ്പെട്ടത് ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ്.

advertisement

ഭൂകമ്പങ്ങൾ വർദ്ധിക്കുന്നു

ലോകത്ത് ഭൂചലനങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഈ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത് ഒരു വലിയ ഭൂകമ്പത്തിലേക്കാണോ? 2017ല്‍ അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയനില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഖനനം, അണുവിസ്‌ഫോടനം, ഭൂഗര്‍ഭജല ചൂഷണം, എന്നിവയിലെ വര്‍ധനവാണ് മനുഷ്യ നിര്‍മ്മിത ഭൂകമ്പങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണമെന്നാണ് പറയുന്നത്. കഴിഞ്ഞ 149 വര്‍ഷത്തിനിടെ നടന്ന 728 ഭൂചലനങ്ങള്‍ക്കും കാരണം മനുഷ്യന്റെ ഹീനമായ പ്രവര്‍ത്തികളാണ്.

ഭൂമിയില്‍ അനുഭവപ്പെടുന്ന തണുപ്പ് അതിന്റെ ഏറ്റവും പുറമേയുള്ള പാളിയായ ഭൂവല്‍ക്കത്തിന്റെ സങ്കോചത്തിന് കാരണമാകുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ പ്രതിഭാസം അഗ്നിപര്‍വ്വത സ്‌ഫോടനങ്ങള്‍ക്ക് കാരണമാകുന്നുവെന്നും അതിന്റെ ഫലമായി ഭൂചലനങ്ങള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്.

advertisement

അതേസമയം ഭൂമിയിലുണ്ടാകുന്ന ആവൃത്തി കുറഞ്ഞ കമ്പനങ്ങള്‍ സാധാരണമാണെന്നും ഒരു വലിയ ഭൂകമ്പം ഇതിനുപിന്നാലെയെത്തുന്നുവെന്നതിന്റെ സൂചനകളാണ് ഇവ എന്നത് തെറ്റാണെന്നുമാണ് അമേരിക്കന്‍ ഏജന്‍സികള്‍ പറയുന്നത്. ഭൂമിയുടെ ചലനങ്ങള്‍ രേഖപ്പെടുത്താന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് കൊണ്ടാണ് എണ്ണത്തിലെ വര്‍ധനവില്‍ ആശങ്കകള്‍ ഉണ്ടാകുന്നതെന്നും യു.എസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിരുന്നാലും ഒരു വലിയ ഭൂചലനത്തിന്റെ സാധ്യത പൂര്‍ണ്ണമായി തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മുന്നറിയിപ്പുകള്‍

നവംബറില്‍ നടന്ന നേപ്പാള്‍ ഭൂകമ്പത്തിന് ശേഷം ഹിമാലയന്‍ പ്രദേശത്ത് ഒരു വലിയ ഭൂചലനം ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിന്റെഭാഗമായി ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങണമെന്നും വിദഗ്ധര്‍ അറിയിച്ചിരുന്നു.

ഇന്ത്യന്‍, യുറേഷ്യന്‍ ഫലകങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഹിമാലയം ഉണ്ടായതെന്ന് വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ സീനിയര്‍ ജിയോഫിസിസ്റ്റ് അജയ് പോള്‍ പറയുന്നു. ഇന്ത്യന്‍ ഫലകത്തില്‍ യുറേഷ്യന്‍ ഫലകത്തിന്റെ നിരന്തരമായ സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ട്. അതിന്റെ ഫലമായി അതിനടിയില്‍ അടിഞ്ഞുകൂടുന്ന ഊര്‍ജം ഭൂകമ്പത്തിന്റെ രൂപത്തില്‍ പുറത്തുവരുന്നുവെന്നും പോള്‍ പറഞ്ഞു.

ഹിമാലയം ഉള്‍പ്പെടുന്ന ഫലകത്തിന് കീഴില്‍ ഊര്‍ജം അടിഞ്ഞുകൂടുന്നത് മൂലം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് സാധാരണവും തുടര്‍ച്ചയായതുമായ പ്രക്രിയയാണ്. ഹിമാലയന്‍ പ്രദേശം മുഴുവനും ഭൂചലനത്തിന് സാധ്യതയുള്ളതാണ്. മാത്രമല്ല ഒരു വലിയ ഭൂകമ്പത്തിന്റെ സാധ്യത തള്ളിക്കളയാനുമാകില്ല. ഇനി ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ ഏഴോ അതിലധികമോ ആയിരിക്കുമെന്നും പോള്‍ പറഞ്ഞു.

അതേസമയം അതിതീവ്ര ഭൂചലന മേഖലയായ ഡല്‍ഹിയിലും ഭൂചലന സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ ഏകദേശം 6.0 വരെ രേഖപ്പെടുത്തുന്ന ഭൂചലനങ്ങള്‍ ഡല്‍ഹിയില്‍ കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിക്കും. പല കെട്ടിടങ്ങളും നിലംപൊത്തുമെന്നും പ്രൊഫസര്‍ ചന്ദന്‍ ഘോഷ് പറയുന്നു .

ജപ്പാനിലെ ടോക്കിയോ മറ്റൊരു ഭൂകമ്പ സാധ്യത പ്രദേശം. 1923-ലാണ് ഏറ്റവും അവസാനത്തെ ഭൂകമ്പം ഈ നഗരത്തെ ബാധിച്ചത്. അടുത്ത ഭൂകമ്പം ഏകദേശം ഒരു നൂറ്റാണ്ടിനുള്ളില്‍ സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനം 2050-ന് മുമ്പ് ടോക്കിയോയില്‍ ഉണ്ടാകാന്‍ 70 ശതമാനം സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് ടോക്കിയോ. അതുകൊണ്ട് തന്നെ ഈ ദുരന്തത്തെ നേരിടാന്‍ കനത്ത മുന്നൊരുക്കങ്ങള്‍ രാജ്യം നടത്തേണ്ടിവരും. എക്‌സ് ഡേ എന്നാണ് ജപ്പാന്‍കാര്‍ ആ ദുരന്ത ദിനത്തെ വിളിക്കുന്നത്. അത്രയും തീവ്രതയില്‍ ഭൂചലനം ഉണ്ടായാല്‍ ഏകദേശം 9700 പേര്‍ മരണപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം 1,50,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യും. ദുരന്തത്തിന് ശേഷം 3.39 ദശലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. അതേസമയം 30000 ലധികം കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുമെന്നും 2019ല്‍ പുറത്തുവന്ന ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിയല്‍ ഹര്‍സ്റ്റ് പറയുന്നു.

യുഎസിനെപ്പറ്റിയും സമാനമായ പ്രവചനങ്ങള്‍ നടന്നിട്ടുണ്ട്. കാലിഫോര്‍ണിയയിലെ സാന്‍ ആന്‍ഡ്രിയാസ് വിള്ളലിന്റെ ഭാഗങ്ങള്‍ 200 വര്‍ഷത്തിലേറെയായി വിണ്ടുകീറിയിട്ടില്ല. ഇവ സൂചിപ്പിക്കുന്നത് ‘ബിഗ് വണ്‍’ എന്ന് സാധാരണയായി വിളിക്കപ്പെടുന്ന ഉയര്‍ന്ന തോതിലുള്ള ഭൂകമ്പത്തിന് കാരണമായേക്കാം എന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം യുഎസ്ജിഎസിന്റെ 2015-ലെ പ്രവചനം അനുസരിച്ച് അടുത്ത 30 വര്‍ഷത്തിനുള്ളില്‍ കാലിഫോര്‍ണിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8 തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പം ഉണ്ടാകാന്‍ ഏഴ് ശതമാനം സാധ്യതയുണ്ടെന്നാണ്. കാലിഫോണിയ സ്ഥിതി ചെയ്യുന്നത് രണ്ട് പ്രധാന ടെക്‌റ്റോണിക് പ്ലേറ്റുകള്‍ക്കിടയിലാണ്. വടക്ക് പടിഞ്ഞാറോട്ട് നീങ്ങുന്ന പസഫിക് പ്ലേറ്റ്, തെക്ക് കിഴക്കോട്ട് നീങ്ങുന്ന വടക്കേ അമേരിക്കന്‍ പ്ലേറ്റ് എന്നിവയ്ക്കിടയിലാണ് കാലിഫോണിയ.

ഭൂകമ്പ വിദഗ്ധര്‍ നടത്തിയ പഠനം അനുസരിച്ച് കാലിഫോണിയയില്‍ ഉണ്ടാകുന്ന ഭൂകമ്പം സംസ്ഥാനത്തെ പഴയ കെട്ടിടങ്ങള്‍ നിലംപൊത്താനും റോഡുകള്‍, ഇലക്ട്രിക്, ടെലിഫോണ്‍, വാട്ടര്‍ ലൈനുകള്‍ എന്നിവ നശിക്കാനും കാരണമാകുമെന്ന് പറയുന്നു. മാത്രമല്ല ഇത് നൂറുകണക്കിന് തീപിടുത്തങ്ങളിലേക്ക് നയിക്കും. അവ നിയന്ത്രിക്കാന്‍ വളരെ പ്രയാസമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read- വീണ്ടും ഭൂകമ്പത്തിൽ നടുങ്ങി ഇന്തോനേഷ്യ; തീവ്രത കുറഞ്ഞ ഭൂചലനം പോലും വലിയ നാശനഷ്ടം ഉണ്ടാക്കിയതിനു കാരണം?

അതുകൂടാതെ കാലിഫോണിയയിലെ ഭൂചലനത്തില്‍ ലോസ് ഏഞ്ചല്‍സിലേക്ക് വെള്ളവും , വൈദ്യുതിയും, വാതകങ്ങളും കൊണ്ടുപോകുന്ന പൈപ്പുകള്‍ നശിക്കുമെന്നും മാസങ്ങള്‍ നീണ്ട പ്രവര്‍ത്തനത്തിന് ശേഷം മാത്രമെ ഇവ പൂര്‍വ്വസ്ഥിതി പ്രാപിക്കുകയുള്ളുവെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. ആധുനിക രീതിയില്‍ പണികഴിപ്പിച്ച മിക്ക കെട്ടിടങ്ങളും ഭൂചലനത്തെ അതിജീവിക്കുമെങ്കിലും ചിലതെല്ലാം ഉപയോഗ്യശൂന്യമായി പോകാന്‍ സാധ്യതയുണ്ട്. തുടര്‍ചലനങ്ങള്‍ സംസ്ഥാനത്തെ കാര്യമായി തന്നെ ബാധിക്കുമെന്നും സ്മിത്സോണിയന്‍ മാഗസിനിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ദുരന്തത്തില്‍ 2,000 പേര്‍ കൊല്ലപ്പെടുമെന്നും 50,000 പേര്‍ക്ക് പരിക്കേല്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഏകദേശം 200 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഉണ്ടാകുക. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തെ വിലകുറച്ച് കാണരുതെന്നും ഒരു വലിയ ഭൂചലന സാധ്യതയെ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെ ജാവയിലുണ്ടായ ഭൂചലനത്തിലും വൻ നാഷനഷ്ടങ്ങളാണ് ഉണ്ടായത്. ഓരോ വർഷവും, ഇന്തോനേഷ്യയിൽ ആയിരക്കണക്കിന് ഭൂകമ്പങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചിലത് ചെറിയ ഭൂചലങ്ങൾ ആണെങ്കിൽ മറ്റുള്ളവ രാജ്യത്തെ സാരമായി തന്നെ ബാധിക്കുന്നതാണ്. നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം, 2021 ൽ മൊത്തം 10,570 ഭൂകമ്പങ്ങളാണ് ഇന്തോനേഷ്യയിൽ ഉണ്ടായത്. 2020 നെ അപേക്ഷിച്ച് ​ഗണ്യമായ വർദ്ധനവാണ് ഇത്. 8,264 ഭൂകമ്പങ്ങളാണ് 2020 ൽ രേഖപ്പെടുത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
24 ദിവസത്തിനുള്ളില്‍ 18 ഭൂകമ്പങ്ങള്‍: വലിയൊരു ഭൂമി കുലുക്കത്തിന് ലോകം സാക്ഷിയാകുമോ? 
Open in App
Home
Video
Impact Shorts
Web Stories