കുറച്ചേറെ നാളുകളായി താരങ്ങളെക്കാളേറെ സ്കോർ കാർഡിൽ മുന്നിൽ നിൽക്കുന്ന സ്ക്രിപ്റ്റുകളുടെ കൂട്ടത്തിൽ ഓസ്ലറെയും ഉൾപ്പെടുത്താം. കാണികൾക്ക് മുഷിപ്പോ മടുപ്പോ തോന്നാത്ത, മിഥുൻ മാനുവൽ പല്ലവി തന്നെയാണ് ഓസ്ലർ, അതും വാർപ്പുമാതൃകകളിൽ എവിടെയും അകപ്പെടാത്ത ഒരു ക്രൈം ത്രില്ലർ.
അഞ്ചാം പാതിരാ കൊണ്ട് മിഥുൻ തുടക്കമിട്ടു കൊടുത്ത ശൈലി പിന്തുടർന്ന് മലയാളത്തിൽ പിറന്ന സൈക്കോക്കില്ലർമാരുടെ ചരിത്രം പഠനവിധേയമാക്കാനുണ്ട്. മറ്റെന്തോ ആയി മാറേണ്ട വ്യക്തി അല്ലെങ്കിൽ വ്യക്തികൾ സാഹചര്യം മൂലം കുറ്റവാളി അഥവാ കുറ്റവാളികളായി മാറുന്നു.
advertisement
ഭാര്യയും മകളും നഷ്‌ടമായതിന്റെ വ്യഥയും വിരസതയും ചേർന്ന ജീവിതത്തിൽ സ്വയം നഷ്‌ടപ്പെട്ട് ജീവിക്കുന്ന എബ്രഹാം ഓസ്ലർക്ക് നാട്ടിൽ തുടരെത്തുടരെ നടക്കുന്ന സമാന ശൈലിയിലെ സീരിയൽ കൊലപാതകങ്ങളുടെ അന്വേഷണച്ചുമതല ലഭിക്കുന്നു. കൃത്യങ്ങൾക്ക് പിന്നിലെ കരങ്ങൾ വ്യത്യസ്തമല്ല എന്ന് മനസിലാക്കുകയും അതന്വേഷിച്ചുള്ള അദ്ദേഹത്തിന്റെ യാത്രയുമാണ് സിനിമയ്ക്കാധാരം.
മൂന്നാംപക്കത്തിലെ ഭാസിയായും, മഴവിൽക്കാവടിയിലെ വേലായുധൻകുട്ടിയായും, മേലേപ്പറമ്പിൽ ആൺവീട്ടിലെ ഹരികൃഷ്ണനായും എന്നുവേണ്ട മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവനിലെ' ആൾവാർക്കടിയാൻ നമ്പിയായും വരെ വേഷപ്പകർച്ച നടത്തിയ ജയറാമല്ല ഓസ്‌ലർ. രൂപത്തിലും ഭാവത്തിലും ശരീരഭാഷയിലുമെല്ലാം ഇവരൊന്നുമല്ലാത്ത മറ്റൊരാളായി ജയറാം മാറിയിരിക്കുന്നു. ബുദ്ധിമാനായ കുറ്റാന്വേഷകൻ ഒരേസമയം വ്യക്തിജീവിതത്തിൽ തിരിച്ചടികൾ നേരിട്ട കുടുംബനാഥനും കൂടിയായി മാറേണ്ട ഉത്തരവാദിത്തമുണ്ട് ഈ കഥാപാത്രത്തിന്. അവിടെ ഏറ്റക്കുറച്ചിലുകൾ യാതൊന്നും ഇല്ലാതെ നോക്കേണ്ട ദൗത്യം ജയറാം നന്നായി നിറവേറ്റി.
രണ്ടാം പകുതിയിലേക്ക് കാലുകുത്തുന്നതിനും മുൻപേ പ്രതിയെ കൈപ്പിടിയിൽ ഒതുക്കിയെങ്കിൽ, അതുവരെ കണ്ടതിനേക്കാളും ത്രില്ലും സസ്‌പെൻസും നിറഞ്ഞതാണ് അടുത്ത പകുതി. സിനിമയുടെ വികാസം ആരംഭിക്കുന്നതേയുള്ളൂ. പ്രതീക്ഷിച്ച പോലെ സൂപ്പർസ്റ്റാറുകൾ ഒന്നല്ല രണ്ടുപേർ എന്ന പ്രഖ്യാപനവേളയിലെ ഉറപ്പ് തെറ്റിയില്ല. മമ്മൂട്ടിയുടെ എക്സറ്റൻഡഡ് കാമിയോ വേഷത്തെക്കുറിച്ച് ഒരു സൂചന പോലും പുറത്തുവിട്ടില്ല എങ്കിൽ, അതെന്തുകൊണ്ട് എന്ന് സിനിമ കണ്ടവർക്ക് മനസിലാകും. സസ്‌പെൻസും, ഇമോഷനും, ത്രില്ലും അടുക്കുംചിട്ടയോടും കൂടി അവതരിപ്പിക്കാൻ സംവിധായകൻ കാട്ടിയ ശ്രദ്ധ അഭിനന്ദിച്ചേ മതിയാവൂ.
'ഇന്നത്തെ സിനിമയിലെവിടെ പാട്ട്' എന്ന് ചോദിക്കുമ്പോൾ, ഒരടി മാറ്റിപ്പിടിച്ച് പഴയകാല ഹിറ്റ് സിനിമാഗാനങ്ങളിൽ ഒന്നിനെ ഈ പുതുതലമുറ പടവുമായി ഇഴുകിച്ചേർക്കാൻ ഓസ്ലറിൽ ഇടമുണ്ട്. അത് സിനിമയുടെ ആസ്വാദനം ഒരുപടി കൂട്ടിയെങ്കിലേയുള്ളൂ.
യുവതാരങ്ങൾ ക്യൂ നിലക്കാനെന്നോണം ഉണ്ടായിട്ടും, ഒന്ന് തലകാണിച്ചാൽ മതി കോടി ക്ലബ്ബ് പിന്നാലെ വരും എന്ന് ആവർത്തിച്ചാവർത്തിച്ച് തെളിയിക്കുന്ന സീനിയേഴ്‌സിന്റെ ആറാട്ടാണ് സിനിമയുടെ സെക്കന്റ് ഹാഫ്.
നായകൻ ജയറാം എന്നിരിക്കേ, ഒപ്പത്തിനൊപ്പം നിൽക്കുന്ന നായികാ വേഷം എന്നുപറയാൻ ചിത്രത്തിൽ ആരെങ്കിലും ഉണ്ടോ എന്ന് ചോദിക്കേണ്ടിവരും. എന്നിരുന്നാലും, എസ്.ഐ. ദിവ്യയായി വേഷമിട്ട ആര്യ സലീമിന്റെത് ശ്രദ്ധിക്കപ്പെട്ട വേഷമാണ്. ഏൽപ്പിച്ച കഥാപാത്രങ്ങളെ നന്നായി ചെയ്യുന്നതിൽ സൈജു കുറുപ്പ്, സെന്തിൽക്കൃഷ്ണ, ജഗദീഷ്, കുമരകം രഘുനാഥ്, ദിലീഷ് പോത്തൻ, അർജുൻ അനശ്വര രാജൻ തുടങ്ങിയവർ ശ്രദ്ധിച്ചു.
തിയേറ്ററിൽ പടം കണ്ടിറങ്ങുന്നവർ നല്ല മാർക്ക് നൽകി ഓസ്ലറെ പാസാക്കും എന്നുറപ്പിക്കാം.