ഹൈദരാബാദിലെ ചഞ്ചൽഗുഡ ജയിലിൽ നിന്ന് അതീവസുരക്ഷയോടെ പിൻവാതിൽ വഴിയാണ് അല്ലു അർജുനെ പുറത്തിറക്കിയത്. ഇന്നലെ മുതൽ ജയിലിന് പുറത്ത് അല്ലു അർജുന്റെ ആരാധകരടക്കം നിരവധിപേർ തടിച്ചു കൂടിയിരുന്നു. ഇതിനെ തുടർന്ന്, സുരക്ഷാ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് ഇന്ന് പുലർച്ചെ പിൻവാതിൽ വഴി താരത്തെ പുറത്തെത്തിച്ചത്. ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചതിന് പിന്നാലെയാണ് നടൻ ജയിൽ മോചിതനായത്.
അല്ലു അർജുൻ ഒരു നടനാണെങ്കിലും പൗരനെന്ന നിലയിൽ ജീവിക്കാനും സ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്നാണ് ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഹൈദരാബാദിലെ നാമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇതോടെ രാത്രിയോടെ പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഉത്തരവ് വൈകിയതിനാലാണ് പുറത്തിറങ്ങുന്നത് ഇന്ന് പുലർച്ചെയായത്.
advertisement
ഡിസംബർ നാലിന് നടന്ന പ്രീമിയർ ഷോയ്ക്കിടെ ആയിരുന്നു അപകടം നടന്നത്. ആന്ധ്ര സ്വദേശിയായ രേവതി (39) ആണ് തിക്കിലും തിരക്കിലും മരണപ്പെട്ടത്. ഇവരുടെ മകൻ ശ്രീ തേജയെ (9) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സാണ് അല്ലു അർജുനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. അല്ലു അർജുന് പുറമേ തിയറ്റർ ഉടമയ്ക്കും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർക്കും എതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.