ഫീൽ ഗുഡ് ഡ്രാമ ചിത്രമാണ് മെയ്യഴകൻ.ചിത്രത്തിലെ ഗാനങ്ങളും പ്രകടനവും ഏറെ പ്രശംസകൾ നേടിയിരുന്നു.ഇപ്പോൾ ചിത്രത്തെയും അഭിനേതാക്കളെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ അനുപം ഖേർ. ലളിതവും മനോഹരവുമായ മികച്ചൊരു ചിത്രമാണ് മെയ്യഴകൻ എന്നാണ് താരം തനറെ എക്സ് അക്കൗണ്ടിൽ കുറിച്ചത്.ചിത്രം കണ്ട് താൻ ഒരുപാട് കരഞ്ഞെന്നും അനുപം ഖേർ കൂട്ടിച്ചേർത്തു.
അനുപം ഖേർ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ , ' മെയ്യഴകൻ കണ്ടു എന്തൊരു മികച്ച ചിത്രം!! എൻ്റെ സുഹൃത്തുക്കളായ അരവിന്ദ് സാമിയും കാർത്തിയും ചിത്രത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ ഓരോ ഡിപ്പാർട്ട്‌മെൻ്റും ഗംഭീരം! മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ പ്രത്യേകിച്ച് സിനിമയുടെ സംവിധായകൻ പ്രേംകുമാറിന്'.
നിലവിൽ ചിത്രമിപ്പോൾ ഒടിടിയിൽ ലഭ്യമാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മികച്ച അഭിപ്രായമാണ് സിനിമക്ക് ഒടിടിയിൽ ലഭിക്കുന്നത്. ഈ വർഷമിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് മെയ്യഴകനെന്നാണ് പ്രതികരണങ്ങൾ.സെപ്റ്റംബർ 27 നായിരുന്നു മെയ്യഴകൻ തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ ദൈർഘ്യം കൂടുതലാണെന്ന വിമർശനമുയർന്നതിനെ തുടര്‍ന്ന് 18 മിനിറ്റോളം ട്രിം ചെയ്തിരുന്നു. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീദിവ്യ, രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.