ആരോഗ്യനില അതീവ ഗുരുതരമാണെന്ന വാർത്തകൾ വന്നതിനു പിന്നാലെ സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഗോവിന്ദ, അമീഷ പട്ടേൽ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളായിരുന്നു ധർമേന്ദ്ര. 1960-ൽ 'ദിൽ ഭി തേരാ ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. മുന്നൂറിലധികം സിനിമകളിൽ വേഷമിട്ട അദ്ദേഹം ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച റെക്കോർഡും സ്വന്തമാക്കി.
1935 ഡിസംബർ 8-ന് പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി ഗ്രാമത്തിലാണ് ധർമേന്ദ്ര ജനിച്ചത്. 1966-ൽ മീന കുമാരിയോടൊപ്പം അഭിനയിച്ച 'ഫൂൽ ഔർ പത്തർ' എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത്. ഈ സിനിമയുടെ വിജയം ധർമേന്ദ്രയെ താരപദവിയിലേക്ക് ഉയർത്തി. 'ഷോലെ', 'രാജാ ജാനി', 'സീത ഔർ ഗീത', 'കഹാനി കിസ്മത് കി', 'യാദോം കി ബാരാത്ത്', 'ചരസ്', 'ആസാദ്', 'ദില്ലഗി' തുടങ്ങിയ ഐക്കോണിക് ബ്ലോക്ക്ബസ്റ്ററുകൾ അദ്ദേഹത്തിന്റെ അഭിനയപാടവം വിളിച്ചോതുന്നതാണ്.
ഷാഹിദ് കപൂറും കൃതി സനോണും പ്രധാന വേഷത്തിലെത്തിയ 2024-ൽ പുറത്തിറങ്ങിയ 'തേരീ ബാത്തോം മേ ഐസാ ഉൾഝാ ജിയാ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന 'ഇക്കീസ്' ആണ് ധർമേന്ദ്രയുടെ അവസാനമായി പുറത്തിറങ്ങാനുള്ള ചിത്രം. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ, ജയ്ദീപ് അഹ്ലാവത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഡിസംബറിൽ റിലീസ് ചെയ്യും.
