'കാലങ്ങളോളം നീണ്ടുനിൽക്കുന്ന ചില മോശം ശീലങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു… ഒരു മികച്ച പ്രതിഭ വളരെ പെട്ടെന്ന് പോയി… റോബോ ശങ്കറിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം രേഖപ്പടുത്തുന്നു'- കാർത്തി കുറിച്ചു.
തമിഴ് സിനിമാ ലോകം ഞെട്ടലോടെയാണ് റോബോ ശങ്കറിന്റെ മരണവാർത്തയറിഞ്ഞത്. വ്യാഴാഴ്ച ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ ശങ്കർ രാത്രി ആശുപത്രിയിലാണ് മരിച്ചത്.
ഇതും വായിക്കുക: Robo Shankar| തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ കുഴഞ്ഞുവീണു മരിച്ചു
മിമിക്രി കലാകാരനായിരുന്ന ശങ്കറിന് സ്റ്റേജിൽ യന്ത്രമനുഷ്യനെ അനുകരിച്ചാണ് റോബോ ശങ്കർ എന്നപേരു ലഭിച്ചത്. സ്റ്റാർ വിജയിലെ കലക്കപോവത് യാര് എന്ന ഹാസ്യ പരിപാടിയിലൂടെ ശ്രദ്ധേയനായി. ജയം രവി നായകനായ ദീപാവലി എന്ന ചിത്രത്തിലൂടെയാണ് 2007ല്‍ റോബോ ശങ്കര്‍ വെള്ളിത്തിരയിലെത്തുന്നത്. വാമാരി, വിശ്വാസം, സിംഗം 3, കോബ്ര, പുലി തുടങ്ങിയ സിനിമകളില്‍ നിര്‍ണായക കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ടെലിവിഷന്‍ പരിപാടികളിലും വെബ് സീരിസുകളിലും അഭിനയിച്ചു.
ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് അവശനായ ശങ്കര്‍ ആരോഗ്യം വീണ്ടെടുത്ത് അഭിനയരംഗത്ത് വീണ്ടും സജീവമാകുന്നതിനിടെയാണ് മരണം. വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. ടെലിവിഷന്‍ താരം പ്രിയങ്കയാണ് ഭാര്യ. മകള്‍ ഇന്ദ്രജ സിനിമകളിലും ടിവി പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.