അന്തരിച്ച അമ്മ ശാന്തകുമാരിയെ അനുസ്മരിച്ചും അനുശോചനമറിയിച്ചവർക്ക് നന്ദി പറഞ്ഞും നടൻ മോഹൻലാൽ. തന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്നു അമ്മയെന്നും തന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി പറയുന്നുവെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ മോഹൻലാൽ പറഞ്ഞു.
advertisement
"എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന" മോഹൻലാൽ കുറിച്ചു
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചത്. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. ഭർത്താവ് പരേതനായ വിശ്വനാഥൻ നായർ സെക്രട്ടേറിയറ്റിൽ ലോ സെക്രട്ടറിയായിരുന്നു. പത്തനംതിട്ട ഇലന്തൂർ പുന്നയ്ക്കൽ കുടുംബാംഗമാണ്. മൂത്തമകനായ പ്യാരിലാൽ 2000ൽ അന്തരിച്ചിരുന്നു.
സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ അമ്മയെ പരിപാലിച്ചു കൊണ്ട് കൂടെയുണ്ടായിരുന്നു. മോഹൻലാലിന്റെ അഭാവത്തിൽ ഭാര്യ സുചിത്ര അമ്മയുടെ ഒപ്പമുണ്ടാവും.പത്ത് വർഷം മുൻപായിരുന്നു ശാന്തകുമാരിക്ക് പക്ഷാഘാതമുണ്ടായത്. അതിനുശേഷമാണ് ആരോഗ്യനില മോശമായത്.
