കാര്‍ത്തിയെ 'ഡില്ലി' എന്ന ജയില്‍പുള്ളിയുടെ റോളില്‍ എത്തിച്ച ചിത്രം തമിഴിലെ മികച്ച ആക്ഷന്‍ എന്‍റര്‍ടൈനറുകളുടെ ഗണത്തിലേക്കാണ് ഉയര്‍ന്നത്. പിന്നാലെ വന്ന ഏജന്‍റ് വിക്രത്തിനും കൈതിയുമായി കണക്ഷന്‍ നല്‍കി കൊണ്ടാണ് ലോകേഷ് കനകരാജ് വിക്രം സിനിമ അവസാനിപ്പിച്ചത്. ഒടുവില്‍ റിലീസ് ചെയ്ത ലിയോയിലും ഈ എല്‍സിയു കണക്ഷന്‍ ലോകേഷ് കൊണ്ടുവന്നിരുന്നു.
ഇപ്പോഴിത ഈ നിരയിലേക്ക് മറ്റൊരു സര്‍പ്രൈസ് ഐറ്റം കൂടി ലോകേഷ് ഒരുക്കിവെച്ചിരിക്കുന്നു എന്ന സൂചന നല്‍കിയിരിക്കുകയാണ് നടന്‍ നരേന്‍, എല്‍സിയു സിനിമകളായ കൈതിയിലും വിക്രത്തിലും ബിജോയ് എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചത് നരേന്‍ ആയിരുന്നു. തന്റെ പുതിയ ചിത്രമായ ക്വീൻ എലിസബത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിനിടെയാണ് നരേന്‍ എൽ.സി.യുവിൽ വരാനിരിക്കുന്ന ഒരു ചിത്രത്തേക്കുറിച്ച് പറഞ്ഞത്.
advertisement
കൈതി 2 -വുമായി ബന്ധപ്പെട്ട ആരാകന്‍റെ ചോദ്യത്തിന് തീര്‍ച്ചയായും കൈതി 2 വരുമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇതിന് പുറമെ ലോകേഷ് കനകരാജും താനും ചേർന്ന് പത്ത് മിനിട്ടുള്ള ഒരു ഹ്രസ്വചിത്രം ചെയ്തെന്നും ഇതിന് എൽ.സി.യുവുമായി ബന്ധമുണ്ടെന്നുമാണ് നരേൻ പറഞ്ഞത്.
‘‘ഉറപ്പായിട്ടും കൈതിയുടെ രണ്ടാം ഭാഗം ഉണ്ടാകും. എൽസിയുവിൽ അടുത്തതായി അതാണ് വരുന്നത്. അതിനിടയിൽ ഒരു സംഭവം ഉണ്ട്, അത് പുറത്തു പറഞ്ഞിട്ടില്ല. ഞാൻ ഒരു ഷോർട് ഫിലിം ചെയ്തു. ലോകേഷും ഞാനും കൂടി ചേർന്നാണത് ചെയ്തിരിക്കുന്നത്. ഒരു 10 മിനിറ്റ് ഷോർട്ട് ഫിലിം ആണ്. അതിന് എൽ.സി.യുവുമായി ബന്ധമുണ്ട്. അതാണ് എൽസിയുവിന്റെ തുടക്കം. അതിപ്പോൾ അധികം താമസിയാതെ വരും.’’ നരേന്‍ പറഞ്ഞു.