ആമിർ അലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിംപ്‌സ് വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്. 'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ്‌ലൈനും സിനിമയുടെ പേരിന് മുകളിലായി കാണുന്ന 'ദ റൂളർ' എന്ന വാക്കും ഇത് ഒരു പ്രതികാര കഥയായിരിക്കുമെന്ന സൂചന നൽകുന്നു.
advertisement
ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ഖലീഫ നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യൻ സഹനിർമ്മാതാവാണ്. പോക്കിരി രാജയ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഓഗസ്റ്റ് ആദ്യ വാരം ലണ്ടനിൽ ആണ് ചിത്രീകരണം ആരംഭിച്ചത്. ദുബായ്, ഇന്ത്യ, നേപ്പാൾ എന്നിവയാണ് ചിത്രത്തിന്റെ മറ്റ് പ്രധാന ലൊക്കേഷനുകൾ. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം–പൃഥ്വിരാജ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.