നടനും ഗായകനും റിയാലിറ്റി ഷോ താരവുമായ പ്രശാന്ത് തമാങ് (43) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് ഡൽഹിയിലെ ജനക്പുരിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് സ്വദേശിയായ പ്രശാന്ത് തമാങ് റിയാലിറ്റി ഷോ ആയ ഇന്ത്യൻ ഐഡൽ സീസൺ 3 (2007) വിജയിച്ചതോടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്.
advertisement
1983 ജനുവരി 4 ന് പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ ജനിച്ച തമാങ്ങിന് ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു. കുടുംബം പോറ്റുന്നതിനായി അദ്ദേഹം കൊൽക്കത്ത പോലീസിൽ കോൺസ്റ്റബിളായി ചേർന്നു. പൊലീസി യൂണിഫോമിൽ ജോലി ചെയ്യുമ്പോഴും സംഗീതത്തെ അദ്ദേഹം ചേർത്തു പിടിച്ചു.പോലീസ് ഓർക്കസ്ട്രയിൽ പ്രവർത്തിച്ചാണ് സംഗീതലോകത്ത് തമാങ് സജീവമാകുന്നത്.
കൊൽക്കത്ത പോലീസ് കോൺസ്റ്റബിളിൽ നിന്ന് ഇന്ത്യൻ ഐഡൽ ചാമ്പ്യനിലേക്കുള്ള പ്രശാന്ത് തമാങ്ങിന്റെ യാത്ര ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും പ്രചോദനാത്മകമായ വിജയഗാഥകളിൽ ഒന്നായിരുന്നു. ഇത് ഇന്ത്യയിലും നേപ്പാളിലും വലിയൊരു ആരാധകവൃന്ദത്തെ അദ്ദേഹത്തിന് നേടിക്കൊടുത്തു
ഇന്ത്യൻ ഐഡൽ വിജയത്തെത്തുടർന്ന് ഇറക്കിയ പ്രശാന്തിന്റെ ആദ്യ ആൽബമായ 'ധന്യവാദ്' വലിയ ഹിറ്റായിരുന്നു. പിന്നാലെ, വിദേശത്തടക്കം സംഗീത പരിപാടികളിൽ സ്ഥിരം സാന്നിധ്യമായി. ഒരു പിന്നണി ഗായകനായും ലൈവ് പെർഫോമറായും അദ്ദേഹം തന്റെ കരിയർ പടുത്തുയർത്തി.
സംഗീതത്തോടൊപ്പം, തമാങ് ക്രമേണ അഭിനയത്തിലേക്കും ചുവടുവച്ചു. 2010 ൽ നേപ്പാളി ഹിറ്റ് ചിത്രമായ ഗൂർഖ പൽത്താനിലൂടെയായിരുന്നു പ്രശാന്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് നിരവധി നേപ്പാളി സിനിമകളിൽ പ്രത്യക്ഷപ്പെടുകയും തന്റെ പ്രകടനത്തിന് നിരൂപക പ്രശംസ നേടുകയും ചെയ്തു. സമീപ വർഷങ്ങളിൽ, ഇന്ത്യൻ ടിവി ഷോകളിലും അദ്ദേഹം സാന്നിധ്യമായി. പാതാൽ ലോക് സീസൺ 2 ൽ ഡാനിയേൽ ലെച്ചോ എന്ന വേഷം വലിയതോതിൽ സ്വീകരിക്കപ്പെട്ടു.സൽമാൻ ഖാന്റെ ചിത്രമായ ബാറ്റിൽ ഓഫ് ഗാൽവാനിൽ അഭിനയിച്ചു വരികയായിരുന്നു. ഭാര്യ;ഗീത ഥാപ, മകൾ: ആരിയ
