സൂരാജ് പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, 'എന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാഫി സർ ന്റെ ഈ വേഗത്തിലുള്ള യാത്ര പറച്ചിൽ. എന്തിനും ഏതിനും ഒരു കോളിന് അപ്പുറം എനിക്ക് ഉണ്ടാകുമെന്നു വിശ്വസിച്ച ഒരു ജ്യേഷ്ഠ സഹോദരനാണ് അദ്ദേഹം. അത്രയും കണക്റ്റഡ് ആയ ഒരു മനുഷ്യൻ ആയിരുന്നു എനിക്ക് അദ്ദേഹം. എന്നെന്നും മലയാളികൾ എന്നെ ഓർമിക്കുന്ന ദശമൂലം ദാമുവിനെ എനിക്ക് സമ്മാനിച്ച മനുഷ്യൻ. ഇനിയും ഉൾകൊള്ളാൻ ആകുന്നില്ല ഈ വേർപാട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വേദന താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ. വിട'. ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമ മേഖലയിൽ എത്തിയ താരമാണ് ഷാഫി. 2001 ൽ വൺ മാൻ ഷോ എന്ന സിനിമയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി. ജയറാം, ലാൽ, സംയുക്ത വർമ്മ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം വലിയ വിജയമായിരുന്നു.
advertisement
പിന്നീട് കല്യാണരാമൻ, തൊമ്മനും മക്കളും, മായാവി, പുലിവാൽ കല്യാണം, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് എന്നിവയടക്കം 18 സിനിമകൾ സംവിധാനം ചെയ്തു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് തുടങ്ങിവരയുടെ കൂടെ വമ്പൻ വിജയങ്ങൾ ഒരുക്കിയ സംവിധായകനാണ് ഷാഫി.മിസ്റ്റർ പോഞ്ഞിക്കര, മണവാളൻ, കണ്ണൻ സ്രാങ്ക്, ദശമൂലം ദാമു തുടങ്ങി ഇന്നും മലയാളികൾ ആഘോഷിക്കുന്ന നിരവധി ഐകോണിക് കഥാപാത്രങ്ങളും പിറന്നത് അദ്ദേഹത്തിന്റെ സിനിമകളിലാണ്. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. റഷീദ് എം എച്ച് എന്നാണ് യഥാര്‍ത്ഥ പേര്. സംവിധായകനും നടനുമായ റാഫി (റാഫി മെക്കാർട്ടിൻ) സഹോദരനാണ്. ഭാര്യ ഷാമില. മക്കൾ: അലീന, സൽമ.