യുവസംഗീത സംവിധായകൻ ധരൻ കുമാറിനൊപ്പമാണ് കനക പഴയനായകൻ രാമരാജനെ കാണാനെത്തിയത്. ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ഇരുവർക്കും ഒപ്പം ഒരുപാട് പഴയകാല സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തുവെന്ന് പ്രിയതാരങ്ങൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചു. ‘ഉച്ചഭക്ഷണം ഒരു ഓർമ്മ പുതുക്കലായി മാറുമ്പോൾ !! എന്റെ സഹോദരി കനകയോടും രാമരാജൻ സാറിനോടുമൊപ്പം 37 വർഷത്തെ സിനിമാ ഓർമകൾ അയവിറക്കുന്നു,’ ധരൻ കുമാറിന്റെ വാക്കുകൾ.
കനകയുടെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. കനകയുടെ രൂപത്തിൽ വന്ന മാറ്റമാണ് അതിനൊപ്പം വലിയ ചർച്ചയായത്. സിൽവർ നിറത്തിൽ ഹൈലൈറ്റ് ചെയ്യുന്ന ഐ മേക്കപ്പിലാണ് കനക ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. കനകയുടെ ഈ ലുക്കും ഏറെ ചർച്ചയായി. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത താരമാണ് കനക. നിരവധി ഗോസിപ്പുകളും താരത്തിന്റെ അജ്ഞാതമായ വ്യക്തിജീവിതത്തെപ്പറ്റി സജീവമാണ്.
advertisement
ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി തുടങ്ങി ബ്ലോക് ബസ്റ്റര്‍ മലയാഴ സിനിമകളിലും കരകാട്ടക്കാരൻ ഉൾപ്പടെ സൂപ്പർഹിറ്റ് തമിഴ് സിനിമകളിലൂടെയും താരമായ കനക കാലക്രമേണ സിനിമ വിട്ട് ഏറെക്കുറേ അജ്ഞാതമെന്നു പറയാവുന്ന ഒരു സ്വകാര്യജീവിതത്തിലേക്ക് ഒതുങ്ങി. ഇരുപത്തിയഞ്ച് വർഷത്തോളമായി സിനിമാമേഖലയിൽ നിന്നും അകന്നു ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റി അനവധി വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. കനകയ്ക്ക് കാൻസർ ആയിരുന്നുവെന്നും നടി മരിച്ചെന്നുമായിരുന്നു അവയിൽ ചിലത്. കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തർക്കവും വിവാദമായിരുന്നു. അച്ഛൻ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നുവെന്നും സ്വത്തും സമ്പാദ്യവും എല്ലാം അച്ഛന്‍ തട്ടിയെടുത്തുവെന്നും കനക തുറന്നടിച്ചിരുന്നു.
മാധ്യമങ്ങള്‍ ഒട്ടനവധി തവണ കനകയുടെ മരണം റിപ്പോര്‍ട്ട് ചെയ്യുകയും അവർ നേരിട്ടെത്തി അതെല്ലാം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് മടങ്ങണമെന്ന ആഗ്രഹവുമായി കനക 2021ൽ ഒരു സെൽഫി വിഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിലെത്തിയിരുന്നു. 2000ൽ റിലീസ് ചെയ്ത ഈ മഴ തേൻമഴ എന്ന മലയാളചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
