സഹോദരി കീർത്തി സുരേഷ് അഭിനയരംഗത്ത് തിളങ്ങുമ്പോൾ, ക്യാമറയ്ക്ക് പിന്നിലെ വിസ്മയങ്ങൾ തീർക്കാനാണ് രേവതി ഇഷ്ടപ്പെട്ടത്. വിഷ്വൽ ഇഫക്ട്സ് ആർട്ടിസ്റ്റ്, സംവിധായിക, നിർമ്മാതാവ് എന്നീ നിലകളിൽ ഇതിനോടകം തന്നെ രേവതി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സംവിധായകൻ പ്രിയദർശന്റെ സഹായിയായി സിനിമാപാഠങ്ങൾ അഭ്യസിച്ച രേവതി 'താങ്ക് യു' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധാനത്തിലേക്ക് കടന്നത്. പ്രശസ്ത നർത്തകി ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിലായിരുന്നു രേവതിയുടെ നൃത്തപഠനം.
'മരക്കാർ: അറബിക്കടലിന്റെ സിംഹം', 'വാശി', മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബാറോസ്' തുടങ്ങിയ വലിയ ചിത്രങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക വിഭാഗത്തിലും രേവതി സജീവമായിരുന്നു. നിലവിൽ രേവതി കലാമന്ദിർ ഫിലിം അക്കാദമിയുടെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്. ആറ്റുകാൽ ക്ഷേത്രമുറ്റത്ത് ചെണ്ടക്കോലേന്തി നിൽക്കുന്ന രേവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സിനിമാ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ ആശംസകളുമായി എത്തി. മകളുടെ കലാപരമായ ഈ വളർച്ചയിൽ അഭിമാനിക്കുന്നുവെന്ന മേനകയുടെ വാക്കുകൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
